
മലയാളികളുടെ ഒഴിച്ചുകൂടാനാകാത്ത ആരോഗ്യ ശീലമാണ് നിത്യേനയുള്ള കുളി. കുളിക്കാന്‍ സോപ്പുകള്‍ പോലെതന്നെ വ്യാപകമായി നമ്മള്‍ ഷാമ്പുവും ഉപയോഗിക്കാറുണ്ട്. നമ്മുടെ നിത്യോപയോഗ സൌന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ആരോഗ്യത്തിന് വളരെ ഹാനികരമാകുമെന്ന് ചില സന്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ കൂടെക്കൂടെ നമ്മള്‍ അറിയാറുണ്ട്. പലപ്പോഴും ഇത്തരം സന്ദേശങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാനാകാതെ നമ്മള്‍ വിഷമത്തിലാകും. ജനപ്രീയ ബ്രാന്‍റ് ഡോവിന്‍റെ ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉല്‍പ്പന്നമായ ഡോവ് ഷാംപൂ കമ്പനി തിരികെ വിളിച്ചുവെന്നും അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അതില്‍ അടങ്ങിയിരിക്കുന്നുവെന്ന് കമ്പനി തന്നെ കണ്ടെത്തിയതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് ഒങ്കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫ് വിവരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (USFDA) (archived link) (ഇന്ത്യയിലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ- FSSAI യുടെ തത്തുല്യ ഏജന്‍സി) വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് ഉണ്ടെന്നും ഡോക്ടര്‍ വിവരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ എഫ്‌എസ്‌എസ്‌എഐ വെബ്സൈറ്റില്‍ ഇക്കാര്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്.
തുടര്‍ന്ന് അദ്ദേഹം ബെന്‍സിന്‍ എന്ന രാസവസ്തു എന്താണെന്നും അത് ശരീരത്തില്‍ എത്തിയാല്‍ എന്തെല്ലാം അപകടകരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും പറയുന്നുണ്ട്. ബെന്‍സിന്‍ ശരീരത്തില്‍ എത്തുന്നത് തടയാന്‍ ഡോവ് പോലുള്ള ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിര്‍ത്താന്‍ വീഡിയോയുടെ ഒടുവില്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി വിപണനം ചെയ്യുന്ന ഷാംപൂവിന്‍റെ ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും വീഡിയോ ദൃശ്യങ്ങള്‍ക്കിടെ കാണിക്കുന്നുണ്ട്.
എന്നാല്‍ ഡോവ് ഷാംപൂവിനെ കുറിച്ച് ഡോക്ടര്‍ പങ്കുവയ്ക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത പരിശോധന
വീഡിയോയില്‍ ഡോവ് ഷാംപൂവിനെ കുറിച്ച് പറയുന്ന ഡോക്ടര്‍ ഡോവ് ഡ്രൈ ഷാംപൂ എന്നു എടുത്ത് പറയുന്നുണ്ട്. ആദ്യം നമുക്ക് എന്താണ് ഡ്രൈ ഷാംപൂ എന്നും സാധാരണ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഷാമ്പൂവില്‍ നിന്നും എന്താണ് ഡ്രൈ ഷാംപൂവിനുള്ള വ്യത്യാസം എന്നും ആദ്യം നോക്കാം.
ഡ്രൈ ഷാംപൂ സാധാരണ ഷാംപൂവിന് പകരം എളുപ്പത്തിന് വേണ്ടി ഉപയോഗിക്കുന്നു, വെള്ളം ഉപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല. സാധാരണ ഷാംപൂവിന് ശാശ്വതമായ പകരമാവില്ലെങ്കിലും, തലയോട്ടിയിലെ അധിക എണ്ണയും അഴുക്കും വെള്ളമില്ലാതെ നീക്കം ചെയ്യുന്നതിനുള്ള ഒരു മികച്ച ഓപ്ഷനാണ് ഡ്രൈ ഷാംപൂ. ഡ്രൈ ഷാംപൂ ഉപയോഗിക്കുമ്പോൾ എല്ലാ ദിവസവും മുടി കഴുകേണ്ടതില്ല. അതായത് ഡ്രൈ ഷാംപൂ, ഹെയര്‍ വാഷ് ഷാമ്പൂവിന് പകരമായി ഉപയോഗിക്കാം.
ഡ്രൈ ഷാംപൂ മുടിക്ക് താല്‍ക്കാലിക രക്ഷ നല്കുമെങ്കിലും, ഇത് സാധാരണ ഷാംപൂവിന് പകരമല്ല. സാധാരണ ഷാംപൂവില്‍ കഴുകുമ്പോള്‍ മുടി വൃത്തിയാകുകയും പോഷണം, ജലാംശം, മോയ്സ്ചറൈസേഷൻ എന്നിവ ഒരു പരിധിവരെ ലഭിക്കുകയും ചെയ്യുന്നു. ഡ്രൈ ഷാംപൂവിന്‍റെ തുടര്‍ച്ചയായ ഉപയോഗം പേരുപോലെതന്നെ മുടി വരണ്ടതാക്കും. താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ചില ഡ്രൈ ഷാംപൂ ഇനങ്ങളിൽ ടാൽക്ക് പോലുള്ള ഉൽപ്പന്നങ്ങൾ അടങ്ങിയിട്ടുണ്ട്. പാരബെൻസും എത്തനോൾ പോലെയുള്ള മറ്റ് സാധാരണ ചേരുവകളും വിഷമാണ്.
എന്നാല്‍ സാധാരണ ഷാംപൂ രൂപകൽപ്പന ചെയ്തിരിക്കുന്നത് മുടിയുടെ തിളക്കവും ആരോഗ്യവും നല്‍കി ഇഴകൾ ശക്തിപ്പെടുത്തുന്ന പോഷിപ്പിക്കുന്ന രീതിയിലാണ്. ഉണക്കലും സ്റ്റൈലിംഗും ഒരു ബുദ്ധിമുട്ട് പോലെ തോന്നിയേക്കാം, എങ്കിലും ഫോളിക്കിളുകളും വേരുകളും കേടുവരുത്തില്ല.
ഇനി നമുക്ക് യൂണിലിവര്‍ കമ്പനിയെ കുറിച്ച് നോക്കാം.
ബ്രിട്ടീഷ് സോപ്പ് നിർമ്മാതാക്കളായ ലിവർ ബ്രദേഴ്സും ഡച്ച് നിർമ്മാതാക്കളായ മാർഗരൈൻ യൂണിയും ലയിച്ചതിനെത്തുടർന്ന് 1929 സെപ്റ്റംബർ 2 ന് ലണ്ടന്‍ ആസ്ഥാനമായി സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ് യൂണിലിവർ പിഎൽസി . യൂണിലിവർ ഉൽപ്പന്നങ്ങളിൽ ബേബി ഫുഡ്, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, കുപ്പിവെള്ളം, പ്രാതൽ ധാന്യങ്ങൾ, ക്ലീനിംഗ് ഏജന്‍റുകള്‍, മസാലകൾ , ഊർജ്ജ പാനീയങ്ങൾ, ആരോഗ്യ സംരക്ഷണവും ശുചിത്വ ഉൽപ്പന്നങ്ങളും, ഐസ്ക്രീം, ഇന്‍സ്റ്റന്‍റ് കോഫി , വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ശീതളപാനീയങ്ങൾ, ചായ, ടൂത്ത് പേസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സോപ്പ് നിർമ്മാതാക്കളാണിത്. യൂനിലിവര്‍ ഉൽപ്പന്നങ്ങൾ 190-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍
ആഗോള കമ്പനിയായ യുണിലിവറിന്‍റെ അനുബന്ധ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) ബിസിനസുകളിലൊന്നാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്യുഎൽ). കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം മുംബൈയിലാണ്. ഇത് പ്രമുഖ ആഗോള ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ യൂണിലിവറിന്‍റെ ഇന്ത്യയിലെ ഡിവിഷനാണ്.
യുണിലിവര്‍ കമ്പനി ഇന്ത്യയില്‍ വിപണനം ചെയ്യുന്ന ഡോവ് ഷാംപൂ ഇനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി അവരുടെ വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്. ഡ്രൈ ഷാംപൂ ഇനം ഇവിടെ ഹിന്ദുസ്ഥാന്‍ ലിവര്‍ വിപണനം ചെയ്യുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല, അമേരിക്കയില്‍ ഡോവ് ഡ്രൈ ഷാംപൂ ഇനങ്ങളെ യുണിലിവര്‍ കമ്പനി തിരിച്ചു വിളിച്ചത് 2022 ഒക്ടോബര്‍ 18 നാണ്. അതുവരെയുള്ള ഉല്‍പ്പന്നങ്ങളിലാണ് കമ്പനി ബെന്‍സിന്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനിയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഇന്ത്യയില്‍ ഡോവ് ലിക്വിഡ് ഷാംപൂവാണ് കമ്പനി വിപണനത്തിനെത്തിക്കുന്നത്.
ഞങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ ബെന്‍സിന്‍ അപകടങ്ങളെ കുറിച്ച് വിവരണം നല്‍കുന്ന ഡോ. ജോജോ വി ജോസഫുമായി സംസാരിച്ചിരുന്നു. അമേരിക്കയിലെ ഡോവ് ഡ്രൈ ഷാംപൂവിനെ കുറിച്ചാണ് പറയുന്നതെന്നും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനി ഇന്ത്യയില്‍ വിപണനം ചെയ്യുന്ന ഷാംപൂവിനെ കുറിച്ചല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോഗിച്ച ചിത്രങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വ്യക്തതയ്ക്കായി ഫാക്റ്റ് ക്രെസന്‍ഡോ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനിയുമായി ബന്ധപ്പെട്ടു. വ്യാജ പ്രചരണമാണ് ഹിന്ദുസ്ഥാന്‍ കമ്പനിയെ കുറിച്ച് നടത്തുന്നതെന്ന് വ്യക്തമാക്കിയ ലിവര്‍കെയര്‍ എക്സ്പെര്‍ട്ട് സ്വപ്ന ഞങ്ങള്‍ക്ക് നല്കിയ വിശദീകരണം ഇങ്ങനെ: “സമീപകാല വാർത്തകളിൽ പരാമർശിച്ചിരിക്കുന്ന ഉൽപ്പന്നം യുഎസിലും കാനഡയിലും ഉള്ളതാണ്, അത് ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് നിർമ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ല (നിങ്ങളുടെ കൈവശമുള്ള ഉൽപ്പന്നത്തിന്‍റെ പിൻഭാഗത്ത് നിര്‍മ്മാണത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങളുണ്ട്.) ഈ തിരിച്ചുവിളിക്കൽ ഡ്രൈ ഷാംപൂകൾക്ക് മാത്രമുള്ളതാണ്, നിങ്ങൾ ഡോവ് ലിക്വിഡ് ഷാംപൂകളാണ് ഉപയോഗിക്കുന്നതെന്ന് ഞങ്ങൾ അനുമാനിക്കുന്നു.
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് അതിന്‍റെ ഉൽപ്പന്നങ്ങളിൽ ‘ബെൻസീൻ’ തന്നെ ഒരു ചേരുവയായി ഉപയോഗിക്കുന്നില്ല. ഇവ 100% സുരക്ഷിതമാണ്. ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ ഒരു അപകടവും ഉണ്ടാക്കുന്നില്ല.
കൂടാതെ, ഉദ്ദേശിച്ച ഫലങ്ങൾക്കായി നിങ്ങൾക്ക് ഒരു മടിയും കൂടാതെ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരാനാകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.”
കൂടാതെ ഇന്ത്യയില്‍ ഡോവ് ഷാംപൂവില്‍ അടങ്ങിയ രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പരാതികളുള്ളതായി ഇതുവരെ വാര്‍ത്തകളില്ല. അമേരിക്കയിലും കാനഡയിലും നിര്‍മ്മാണവും വിപണനവും നടത്തുന്ന യുണിലിവര്‍ ഉല്‍പ്പന്നങ്ങള്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന്‍റെതല്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഡോവ് ഷാംപൂവില്‍ ബെന്‍സിന്‍ ചേരുവയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കാനഡ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഡോവ് ഡ്രൈ ഷാംപൂ ഇനങ്ങളില്‍ ബെന്‍സിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച സംഭവം 2022 ഒക്ടോബര്‍ 18 നായിരുന്നു. ഡോവ് ഡ്രൈ ഷാംപൂ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡോവ് ഷാംപൂവില്‍ അര്‍ബുദ കാരണമായ ബെന്‍സിന്‍ അടങ്ങിയിട്ടുണ്ടോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…
Fact Check By: Vasuki SResult: False
