വിവരണം

പ്രശ്നപരിഹാരത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ നവകേരള ബസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന തലക്കെട്ട് നല്‍കി നവകേരള ബസിന് കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സഖാവ് ജെമീസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 542ല്‍ അധികം റിയാക്ഷനുകളും 58ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കുന്നതിനായി കോഴിക്കോട് എത്തിച്ച നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് ലീഗ്-ഹരിത ലീഗ് പ്രവര്‍ത്തകരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് മാറാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഇതെ ചിത്രം 2023 നവംബര്‍ 29ന് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. അതായത് മെയ് 5ന് ദീര്‍ഘദൂര സര്‍വീസിന് വേണ്ടി എത്തിച്ചപ്പോള്‍ കരിങ്കൊടി കാണിച്ചതല്ലായെന്നത് വ്യക്തം.

യൂത്ത് കോണ്‍ഗ്രസ് മാറാഞ്ചേരി എന്ന പേജില്‍ പങ്കുവെച്ച ചിത്രം-

Facebook Post

പിന്നീട് ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ദില്‍ഷ ഷഫീഖ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും 2023 നവംബര്‍ 29ന് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. *കരിങ്കൊടി കാണിക്കും എന്ന് പറഞ്ഞാൽ മങ്കടയിലെ യൂത്ത് കോൺഗ്രസ് അത് കാണിച്ചിരിക്കും* ഷഫീഖ് വടക്കും പുറം, ഷാജഹാൻ വടക്കാങ്ങര, സാദിഖ് വെള്ളില, ദിൽഷ ഷഫീഖ്, ഹാഷിദ് ആനക്കയം, സക്കീർ പുഴക്കാട്ടിരി എന്നിവരുടെ നേതൃത്വത്തിൽ മങ്കടയുടെ അതിർത്തി കടന്ന ഉടനെ കരിങ്കൊടി കാണിച്ചു. എന്ന തലക്കെട്ട് നല്‍കിയാണ് നവകേരള ബസിനും സുരക്ഷ വാഹനവ്യൂഹത്തിന് നേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സ്ഥരീകരിക്കുന്നതിനായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ഇത് മലപ്പുറം നവകേരള സദസിന് വേണ്ടി മുഖ്യമന്ത്രിയും സംഘവും എത്തിയപ്പോള്‍ നടത്തിയ പ്രതിഷേധമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. നവംബര്‍ 27 മുതല്‍ 30 വരെയായിരുന്നു നവകേരള സദസ് മലപ്പുറം ജില്ലയില്‍ നടന്നത്.

ദില്‍ഷ ഷഫീഖ് പങ്കുവെച്ച വീഡിയോ-

Facebook Post

നിഗമനം

വെറും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അതായത് മെയ് 5ന് ആണ് നവകേരള ബസ് ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. പ്രചരിക്കുന്ന ചിത്രം 5 മാസം മുന്‍പ് മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാഹനനവ്യൂഹത്തിന് നേരെയും കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കോഴിക്കോട്-ബംഗളുരു ദീര്‍ഘദൂര സര്‍വീസിന് എത്തിച്ച നവകേരള ബസിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False