
‘പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി’ എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. എവിടേയ്ക്ക് പോയാലും പലതരം പിരിവുകാരെ അഭിമുഖീകരിക്കണം. വീട്ടില്‍ തന്നെ ഇരുന്നാലോ അവിടെയുമെത്തും പിരിവുകാര്‍. പിരിവുകാര്‍ കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.
പ്രചരണം
കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും പിരിവ് നല്കാന്‍ തയ്യാറല്ലെന്ന് യാത്രികന്‍ പറയുന്നതും കാണാം. ആളുകള്‍ ചുറ്റും കൂടുന്നുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് നിര്‍ബന്ധിത പിരിവ് നടത്തുന്നത് എന്ന് അവകാശപ്പെട്ട് ദൃശ്യങ്ങളുടെ മുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “തെണ്ടാനിറങ്ങിയ ഡിവൈഎഫ്ഐ ഗുണ്ടകളുടെ തെമ്മാടിത്തരം”
കൂടാതെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു അതും നമ്മുടെ കേരളത്തിൽ എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക് മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക…👇👇👇👇
കേരളത്തിലെ ജനങ്ങൾ ഇത് തീർച്ചയായും അർഹിക്കുന്നത് തന്നെ ആണ് 😁🤣👍🏻”
എന്നാല്‍ ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും ഡിവൈഎഫ്‌ഐയുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനയുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ദൃശ്യങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ആദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ തിരഞ്ഞു. ഇത് സ്ക്രിപ്റ്റ് ചെയ്ത വീഡിയോ ആണെന്ന് പലരും കമന്‍റ് ചെയ്തിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സുജിത്ത് രാമചന്ദ്രന്‍ എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റു ചെയ്ത ഇതേ വീഡിയോ ലഭ്യമായി. വിനോദത്തിനും അവബോധത്തിനുമായി ദൃശ്യങ്ങള്‍ പ്രത്യേകം ചിത്രീകരിച്ചതാണെന്നുള്ള ഡിസ്ക്ലൈമര്‍ വിവരണത്തോടൊപ്പം കൊടുത്തിട്ടുണ്ട്.

കൂടാതെ ഞങ്ങള്‍ സുജിത്ത് രാമചന്ദ്രനുമായി സംസാരിച്ചു. സുജിത്ത് പറഞ്ഞതിങ്ങനെ: “ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഇപ്പോള്‍ എവിടെ ചെന്നാലും പിരിവ് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. അതിനെതിരെ ഞങ്ങളുടെ രീതിയില്‍ ഒരു ചെറിയ വീഡിയോ ഉണ്ടാക്കിയതാണ്. അത് ഇങ്ങനെ വൈറല്‍ ആകുമെന്നോ ഇതുപോലെ തെറ്റായ വിവരണങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുമെന്നോ കരുതിയില്ല. ഇതിലെ അഭിനേതാക്കളില്‍ വിവിധ രാഷ്ട്രീയ ചിന്താഗതി ഉള്ളവരും വിവിധ മതവിഭാഗത്തില്‍ പ്പെട്ടവരുമുണ്ട്. ഞങ്ങളുടെ വീഡിയോയില്‍ മതമോ രാഷ്ട്രീയമോ കലര്‍ന്നിട്ടില്ല. ഏതെങ്കിലും സംഘടനയുടെ പേരില്‍ പ്രചരിക്കുന്നതിന് ഞങ്ങള്‍ ഉത്തരവാദിയല്ല. വീഡിയോയുടെ ഒപ്പം വ്യക്തമായി ഡിസ്ക്ലൈമര്‍ നല്‍കിയിരുന്നു.”
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. വിനോദത്തിനും അവബോധത്തിനുമായി പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാര്‍- പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ…
Written By: Vasuki SResult: False
