കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?

രാഷ്ട്രീയം | Politics

വിവരണം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ മണ്ഡലമാണ് അമേഠി. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്‌മൃതി ഇറാനിയുടെ ഒരു ആരോപണം സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വൈറാലാകുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് കൈപ്പത്തിച്ഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നു എന്ന് ഒരു വയോധിക പറയുന്ന വീഡിയോ സഹിതം ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തായിരുന്നു സ്‌മൃതിയുടെ അവകാശവാദം. ഇതിനെതിരെ തൃത്താല എംഎല്‍എയും കോണ്‍ഗ്രസിന്‍റെ യുവ നേതാവുമായ വി.ടി.ബല്‍റാമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചാ വിഷയമായി. സ്‌മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈയ്യോടെ പിടികൂടിയെന്നും എന്ത് വലിയ ഫ്രോഡാണ് ഈ ബിജിപിക്കാരി എന്നും ആക്ഷേപം ഉന്നയിച്ചായിരുന്നു ബല്‍റാമിന്‍റെ മറുപടി പോസ്റ്റ്. മെയ് 7ന് (2019) ബല്‍റാം പങ്കുവച്ച പോസ്റ്റിന് ഇതിനോടകം 1,900ല്‍ അധികം ഷെയറുകളും 9,500ല്‍ അധികം ലൈക്കുകളും ലഭിച്ചു കഴിഞ്ഞു.

Archived Link

എന്നാല്‍ വി.ടി.ബല്‍റാം അവകാശവാദം ഉന്നയിച്ചത് പോലെ സ്‌മൃതി ഇറാനിയുടെ ട്വിറ്റര്‍ വീഡിയോയും കോണ്‍ഗ്രസിനെതിരായ ബൂത്ത് പിടുത്ത ആരോപണവും വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയിരുന്നോ? സ്‌മൃതി ഇറാനി പങ്കുവച്ച വീഡിയോ ദൃശ്യം കെട്ടി ചമച്ചവയാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

അമേഠി ബിജെപി ലോക്‌സഭ സ്ഥാനാര്‍ഥി സ്‌മൃതി ഇറാനി ഉന്നയിച്ച കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടിത്തം സംബന്ധിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യ തെരഞ്ഞെടപ്പ് ഓഫിസര്‍ ചുമതലയുള്ള ലാക്കു വെങ്കിടേശ്വര്‍ലുവിന്‍റെ മറുപടി. ചിലര്‍ പോളിങ് ബൂത്തില്‍ വച്ച് കൈ ബലം പ്രയോഗിച്ച് പിടിച്ച് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുകായിരുന്നു എന്ന വയോധികയുടെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയിലേക്ക് എന്ന അടിക്കുറിപ്പ് നല്‍കിയാണ് സ്‌മൃതി ഇറാനി മെയ് 5ന് ട്വീറ്റ് ചെയ്തത്. ഇത് തികച്ചു അസംബന്ധമാണെന്നും അടിസ്ഥാന രഹിതമാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചത്. ആരോപണം ഉന്നയിക്കപ്പെട്ട പോളിങ് ബൂത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജെന്‍റുമാര്‍ തുടങ്ങിയ എല്ലാവരെയും വിശദമായി ചോദ്യം ചെയ്തെന്നും എന്നാല്‍ ആരും തന്നെ ഇത്തരം ഒരു സംഭവത്തെ കുറിച്ച് പറ‍ഞ്ഞില്ലെന്നും വീഡിയോ കെട്ടിചമച്ചതാകാനാണ് സാധ്യതയെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ ലാക്കു വെങ്കിടേശ്വര്‍ലു മാധ്യമങ്ങളോട് പറഞ്ഞു. വിഷയം സംബന്ധിച്ച ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ചുവടെ ചേര്‍ക്കുന്നു-

(Dool News Screenshot)

News18
News18 Archived
India Today
India Today Archived
Dool News (Malayalam)
Dool News Archived

വിവാദമായ സ്‌മൃതി ഇറാനിയുടെ ട്വീറ്റ്-

Archived Tweet

നിഗമനം

വി.ടി.ബല്‍റാം ഉന്നയിച്ചത് പോലെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌മൃതി ഇറാനിയുടെ ആരോപണം പൂര്‍ണമായി തള്ളി കളഞ്ഞു എന്നത് തന്നെയാണ് വാസ്തവം. ഉത്തര്‍ പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ ആരോപണത്തിനെതിരെ രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?

Fact Check By: Harishanakr Prasad 

Result: True