ഗാസയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഇസ്രായേലിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

False

ഇറാൻ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇസ്രായേലിന് നേരെ  ആക്രമണങ്ങൾ ശക്തമാക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പിന്നാലെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നും വിമാനങ്ങൾ കത്തുന്നത് പോലെ തോന്നിയെന്നും വിമാനത്താവളത്തിന് സമീപം താമസിക്കുന്ന ടെഹ്‌റാൻ നിവാസികൾ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ അക്രമണത്തിൽ തകർന്ന ഇസ്രയേൽ നഗരത്തിന്‍റെ ദൃശ്യം എന്ന രീതിയിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഇറാന്‍ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഇസ്രയേല്‍ നഗരമാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതു ഗസ അല്ല…അന്ന് ആയിരകണക്കിന് നിരപരാധി കുഞ്ഞുങ്ങളെ കൊന്നു തള്ളിയപ്പോഴും അവരുടെ വീടും കെട്ടിടവും മിസൈൽ വച്ചു തകർത്തപ്പോളും ഇസ്രായേൽ തെമ്മാടികൾ തോന്നും കാലം തിരിച്ചു തരും എന്ന് ഓർത്തില്ല ..ഇസ്രായേൽ തെമ്മാടി രാഷ്ട്രം ആണ് ഇത്……സ്വപ്നത്തിൽ പോലും നരഭോജി കൂട്ടം ഓർത്തില്ല ഇറാൻ ഇങ്ങനെ തരിപ്പണം ആക്കുമെന്ന്…. അമേരിക്കൻ തെമ്മാടി തന്തയില്ലാ ട്രപ്ന്റെ വാക്ക് കേട്ടു ഇറാനെ ചൊറിയാൻ പോയതാണ്. ഇപ്പോൾ സമാധാന ചർച്ചക്ക് മദ്യസ്ഥ ചർച്ചക്ക് മറ്റു രാജ്യങ്ങളെ സമീപിക്കുന്ന അവസ്ഥ”

FB postarchived link

എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇസ്രയേലിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. പലസ്തീനിലെ ജബലിയ ആണ് വീഡിയോയില്‍ ഉള്ളത്. 

വസ്തുത ഇതാണ് 

ഇസ്രയേലിലെ ഒരു നഗരപ്രദേശം ഇറാൻ ആക്രമണത്തിൽ ഇങ്ങനെ തകർന്നിരുന്നു എങ്കിൽ അത് വാർത്തയാകുമായിരുന്നു. എന്നാൽ ഈ അവകാശവാദത്തെ സാധൂകരിക്കുന്ന വാര്‍ത്തകളില്ല.  

ആദ്യം കാണുന്ന ദൃശ്യങ്ങളുടെ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന വീഡിയോ ജബലിയയാണിതെന്ന കുറിപ്പോടെ ഖെയിംസ് അൽറെഫി എന്ന ഇൻസ്റ്റഗ്രാം പേജിൽ 2025 മാർച്ച് 3ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. പലസ്തീനിലെ ഗാസ സിറ്റിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ വടക്കായി ഗാസ സ്ട്രിപ്പിലെ വടക്കൻ ഗാസ ഗവർണറേറ്റിലാണ് ജബലിയ സ്ഥിതി ചെയ്യുന്നത്. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനിടെ ആരംഭിച്ച ഒരു  അഭയാർത്ഥി ക്യാമ്പ്  ഇവിടെയുണ്ട്. 

മാധ്യമങ്ങൾക്ക് വേണ്ടി ഗാസയിൽ ജോലിചെയ്യുന്ന ഫോട്ടോഗ്രാഫറാണ് ഖെയിംസ് അൽറെഫി. ഗാസയിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഇസ്രയേൽ ഗാസയിൽ നടത്തിയ സ്ഫോടനങ്ങളുടെയും അഭയാർത്ഥികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നു

തുടര്‍ന്ന് വരുന്ന ദൃശ്യങ്ങളെ കുറിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചില എക്സ് അക്കൌണ്ടുകളിൽ ഇതേ ദൃശ്യങ്ങള്‍ കണ്ടെത്തി. എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ ahmad.musleh33 എന്ന ടിക്ടോക്ക് പ്രൊഫൈലിന്‍റെ വാട്ടർമാർക്ക് കാണാം. ടിക്ടോകില്‍ തിരഞ്ഞപ്പോള്‍ ‘ജബലിയ ക്യാമ്പിൽ നിന്നുള്ള വീഡിയോ 26/2/2025’ എന്ന കുറിപ്പ് നല്‍കിയിരിക്കുന്നത് കണ്ടു. 

ഇതിൽ നിന്നും വീഡിയോ ഇസ്രായേലില്‍ നിന്നുള്ളതല്ലെന്നും 2025 ഫെബ്രുവരി 26ന് ജബലിയ അഭയാർത്ഥി ക്യാമ്പിൽ നിന്നും പകർത്തിയാകാമെന്നും അനുമാനിക്കുന്നു. അക്കൌണ്ടിൽ പങ്കുവച്ചിട്ടുള്ള വീഡിയോകളെല്ലാം സ്വയം പകർത്തിയവയാണെന്ന് അഹ്മദ് മുസ്ലേഹ് വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം 

ഇറാന്‍ ആക്രമണത്തിൽ തകർന്ന ഇസ്രയേൽ നഗരമെന്ന് പ്രചരിപ്പിക്കുന്നത് ഗാസയിലെ ജബലിയയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്. ഇസ്രയേലുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ഗാസയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഇസ്രായേലിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S

Result: False