
വിവരണം
സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന് എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.
പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ് നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര പൂജ 3000 രൂപ എന്ന ഒരു വിചിത്രമായ പൂജയുടെ വഴിപാട് വിവരവും ചേർത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് വളരെ വേഗം വൈറലായി കഴിഞ്ഞു. ഇതിനോടകം നിങ്ങളെല്ലാവരും ഈ പോസ്റ്റ് കണ്ടിട്ടുണ്ടാകും. ഇത് യാഥാര്‍ഥ്യമാണോ എന്ന് അതിശയിച്ചിട്ടുമുണ്ടാകും.

ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് നിരവധി പേർ ഞങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ ഇത് ഒരു തെറ്റായ വാർത്തയാണ്. ഈ വഴിപാട് വിവരപട്ടിക എഡിറ്റ് ചെയ്തതാണ്. യാഥാർഥ്യം എന്താണെന്നറിയാൻ ഞങ്ങൾ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു.
വസ്തുതാ വിശകലനം
ഞങ്ങൾ ഓൺലൈനിൽ അന്വേഷിച്ചപ്പോൾ ഈ വഴിപാട് വിവരപ്പട്ടിക പാലക്കാട് ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി സ്വാമിയാര്‍ മലയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേതാണ് എന്ന വിവരം ലഭിച്ചു. തുടർന്ന് ഞങ്ങൾ ക്ഷേത്രത്തിന്‍റെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികളുടെ നമ്പർ ലഭിച്ചു. ആദ്യം ക്ഷേത്രം ട്രഷറർ ആയ ഗണേശനുമായി ഞങ്ങൾ സംസാരിച്ചു. ഈ വാർത്ത സത്യമല്ല എന്നും ഇത്തരത്തിൽ ഒരു വഴിപാട് വിവരപ്പട്ടിക അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു തുടർന്ന് ക്ഷേത്രം പ്രസിഡണ്ട് രാജൻ ഞങ്ങളോട് സംസാരിച്ചിരുന്നു.
യഥാര്‍ത്ഥ വഴിപാട് വിവരപ്പട്ടിക അവർ ക്ഷേത്രം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിൽനിന്നും എഡിറ്റ് ചെയ്ത് മറ്റൊന്നാക്കിയാണ് പ്രചരണം നടത്തുന്നത് എന്നും വ്യക്തമാക്കി.

‘കൊറോണ സംഹാര പൂജ’ എന്ന വിവരം കൃത്രിമമായി ചേർത്താണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ചില പോസ്റ്റുകളിൽ ഏത് അമ്പലം എന്നുള്ള വിവരം നല്കിയിട്ടുണ്ട്.
പോസ്റ്റില്‍ നല്‍കിയിട്ടുള്ളത് പൂർണ്ണമായും തെറ്റായ തെറ്റായ പ്രചരണം ആണെന്ന് ക്ഷേത്രഭാരവാഹികൾ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അവർ ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
യഥാർത്ഥ വഴിപാട് വിവരപ്പട്ടികയും കൃത്രിമമായി ഉണ്ടാക്കിയ വിവരപട്ടികയും തമ്മിലുള്ള ഒരു താരതമ്യം താഴെ കൊടുക്കുന്നു:

പോസ്റ്റിലെ വിവരങ്ങൾ പൂർണ്ണമായും തെറ്റാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. പന്നിയംകുറിശ്ശിയിലെ പുതുപഴനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തശേഷം അതിൽ കൊറോണസംഹാര പൂജ എന്ന വഴിപാട് കൃത്രിമമായി ചേർത്താണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. വസ്തുത അറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…
Fact Check By: Vasuki SResult: False
