FACT CHECK: മുഖ്യമന്ത്രി ഇരുകൈകളും ഉപയോഗിച്ച് എഴുതുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്...
വിവരണം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചിത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മുഖ്യമന്ത്രി തന്‍റെ ഇരുകൈകളും ഉപയോഗിച്ച് രണ്ടു കടലാസുകളില്‍ എഴുതുന്നതു കാണാം.
“36000 ന്റെ പേനകൾ രണ്ട് കയ്യിലും വെച്ച് ഇങ്ങനെ നോക്കാതെ ഒപ്പിടണം എങ്കിൽ അവനുടെ പേര് #സിങ്കംവിജയ്😀”
Creator : Dhanshri Prathik
Insta ℹ https://instagram.com/outspoken_insta
Twitter 🐦 https://twitter.com/outspoken_info/
© Outspoken എന്ന അടിക്കുറിപ്പിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
ഫേസ്ബുക്കില്‍ ചിത്രം പലരും പ്രചരിപ്പിക്കുന്നുണ്ട്.
ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ ചിത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ ഒരു കൈ കൊണ്ട് മാത്രമാണ് അദ്ദേഹം എഴുതുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളോട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ആശയവിനിമയം നടത്തിയ വേളയിൽ നിന്നുള്ള ചിത്രമാണിത്. ഇതേ ചിത്രം പിണറായി വിജയന്‍ എന്ന ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം മറ്റ് ചിത്രങ്ങളുമുണ്ട്. ഒപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെ: “ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്ലാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തും.
കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി.
ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സർവകലാശാലകളിൽ സേവനാവകാശം നടപ്പാകും.
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് 19 മൂലം ഇത് നടപ്പാക്കാനായിട്ടില്ല. കോവിഡാനന്തരകാലത്ത് ഇത് നടപ്പാക്കാനാവും. ഭരണഘടനയുടെ മൂല്യം സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കും. വിദേശഭാഷാ പഠനത്തിന് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് ശക്തിപ്പെടുത്തും. ഭാഷ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനാവശ്യമായ സംവിധാനവും ഒരുക്കും.
ഔഷധസസ്യ രംഗത്തെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. ഈ രംഗത്ത് ഗവേഷണം ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ രംഗത്തും ഗവേഷണം വർധിക്കേണ്ടതുണ്ട്. ഇത് നാടിന്റെ വികസനത്തിന് സഹായിക്കും. ഗവേഷണ കുതുകികളായ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് പുതിയ മാനം നൽകുന്നതിന് വഴിവയ്ക്കും. വിവിധ വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള കോഴ്‌സുകളും തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കണമെന്നാണ് കാണുന്നത്. ഇതോടൊപ്പം നൈപുണ്യ വികസന പരിപാടികളും വേണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കണം. സർവകലാശാലകളും കോളേജുകളും ഇത്തരത്തിൽ മാറണം. ദേശീയതലത്തിൽ പത്തിനുള്ളിലും അന്താരാഷ്ട്രതലത്തിൽ നൂറിനുള്ളിലും സ്ഥാനം നേടാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം. വിദ്യാർത്ഥികളിൽ സംരംഭക താത്പര്യം വർധിപ്പിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം. സ്റ്റാർട്ട് അപ്പുകളും കൂടുതൽ ശക്തിപ്പെടുത്തും. ഉന്നത നിലവാരം പുലർത്തുന്ന അധ്യാപകരും കൂടുതൽ സ്റ്റാഫും വിദഗ്ധരും പണ്ഡിതരുമെല്ലാം സർവകലാശാലകളിൽ വേണം. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് സാധ്യമാക്കാനാണ് ശ്രമം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ബന്ധത്തെ സർക്കാർ ഗൗരവമായാണ് കാണുന്നത്. വ്യവസായങ്ങൾക്ക് അനുയോജ്യമായ തരത്തിൽ കോഴ്‌സുകളിൽ മാറ്റം വരുത്തേണ്ടിവരും. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായികളെ ഉൾപ്പെടുത്തുന്നതും തീരുമാനിച്ചിട്ടുണ്ട്.
പിണറായി വിജയൻ
മുഖ്യമന്ത്രി”
ഈ ചിത്രം എഡിറ്റ് ചെയ്ത് രണ്ടു കൈയ്യിലും പേന പിടിച്ച് എഴുതുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. താഴെയുള്ള ചിത്രം ശ്രദ്ധിക്കുക
മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.
നിഗമനം
പോസ്റ്റിലെ ചിത്രം വ്യാജമാണ്. മുഖ്യമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് രണ്ടു കൈ ഉപയോഗിച്ച് അദ്ദേഹം എഴുതുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.
Title:FACT CHECK: മുഖ്യമന്ത്രി ഇരുകൈകളും ഉപയോഗിച്ച് എഴുതുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്...
Fact Check By: Vasuki SResult: False