വിവരണം

ഇന്ത്യയുടെ മരുമകളായി ഇവിടെയെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷപദവി വരെയെത്തിയ സോണിയ ഗാന്ധി ഇതര രാഷ്ട്രീയ പാർട്ടികളുടെ വിമർശനങ്ങൾക്ക് എന്നും ഇരയാകാറുണ്ട്. കോണ്‍ഗ്രസ്സ് സോണിയ ഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുറിച്ചും നിരവധി പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്.

അവയിൽ പലതും തെറ്റായ പ്രചരണങ്ങൾ ആണെന്ന് ഞങ്ങൾ വസ്തു അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സോണിയാഗാന്ധിയുടെ പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിൽ സോണിയ ഗാന്ധി മാലദ്വീപ് മുൻ പ്രസിഡണ്ട് mount അബ്ദുൽ ഖയ്യൂം മടിയിലിരിക്കുകയാണ്. ഈ പോസ്റ്റ് സത്യമാണോ എന്ന് അന്വേഷിച്ച് വായനക്കാരിൽ ചിലർ ഞങ്ങൾക്ക് സന്ദേശം അയച്ചിരുന്നു.

ഇതേ ചിത്രം പ്രചരിപ്പിക്കുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകളും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

archived linkFB post

എന്നാൽ ഈ ചിത്രം സത്യമല്ല, പൂർണ്ണമായും ഫോട്ടോഷോപ്പ് ചെയ്ത് ദുഷ്പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണ്.

വാസ്തവം ഇങ്ങനെയാണ്

ഞങ്ങൾ ഈ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഗെറ്റി ഇമേജസ് എന്ന ചിത്രങ്ങള്‍ക്കായുള്ള വെബ്സൈറ്റില്‍ അനുബന്ധ ചിത്രങ്ങൾ ലഭിച്ചു. 2005 മാർച്ച് 29 നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.

അന്നത്തെ മാലദ്വീപ് പ്രസിഡൻറ് മോമൂണ്‍ അബ്ദുൽ ഖയ്യൂം ഇന്ത്യ സന്ദർശിച്ച വേളയിൽ യുപിഎ ചെയർപേഴ്സണും കോൺഗ്രസ് പ്രസിഡണ്ടും ആയിരുന്ന ഇന്ദിരാഗാന്ധിയുമായി ഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ളതാണ്. കൃത്യമായ അകലത്തില്‍ രണ്ടു കസേരകളിലായി ഇരുന്ന ഇരുവരുടെയും ചിത്രങ്ങള്‍ എഡിറ്റിങ്ങിലൂടെ ഒന്നാക്കുകയാണ് ചെയ്തിരിക്കുന്നത്. ഏപ്രിൽ ഒന്നുവരെ ആയിരുന്നു മോമൂണ്‍ അബ്ദുൽ ഖയ്യൂം ആറു ദിവസത്തെ സന്ദർശനം നടത്തിയത്. ഈ സന്ദർശന വേളയില്‍ ചെന്നൈയും തിരുവനന്തപുരവും ഉൾപ്പെട്ടിരുന്നു.

ഗെറ്റി ഇമേജസില്‍ സമാന ചിത്രങ്ങൾക്കൊപ്പം ഈ വിവരണം നൽകിയിട്ടുണ്ട്. സോണിയ ഗാന്ധിയും മോമൂണ്‍ അബ്ദുൽ ഖയ്യൂമും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ചിത്രത്തിന്‍റെ പശ്ചാത്തലവും ശ്രദ്ധിക്കുക.

പോസ്റ്റിലെ ചിത്രം ഉണ്ടാക്കിയത് ഗെറ്റി ഇമേജസിലെ ചിത്രം എഡിറ്റ് ചെയ്താണെന്ന് നിഷ്പ്രയാസം മനസ്സിലാകും. സോണിയ ഗാന്ധി കൈകൾ വച്ചിരിക്കുന്ന രീതിയും ചിരിക്കുന്ന രീതിയും ഇരു ചിത്രങ്ങളിലും ഒന്നുതന്നെയാണ്. സോണിയഗാന്ധിയുടെ രൂപം അതേപടി കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചേർത്തിരിക്കുകയാണ്. ഈ പോസ്റ്റ് ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

ഈ എഡിറ്റഡ് ചിത്രം ഏതാണ്ട് '2018 മുതല്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. നിരവധി വസ്തുതാ അന്വേഷണ മാധ്യമങ്ങള്‍ ചിത്രത്തെ പറ്റി അന്വേഷണം നടത്തി ഇത് എഡിറ്റഡ് ചിത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയും ചിത്രവും പൂർണമായും ഫോട്ടോഷോപ്പ് ചെയ്തതാണ്. മാലിദ്വീപ് മുൻ പ്രസിഡൻറ് മോമൂണ്‍ അബ്ദുൽ ഖയ്യൂം ഇന്ത്യ സന്ദർശിച്ച വേളയിൽ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴത്തെ ചിത്രം എഡിറ്റ് ചെയ്തു സോണിയ ഗാന്ധി അദ്ദേഹത്തിന്‍റെ മടിയിൽ ഇരിക്കുന്നു എന്ന മട്ടിൽ ദുഷ്പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണ്.

Avatar

Title:സോണിയ ഗാന്ധിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്...

Fact Check By: Vasuki S

Result: False