രാജാക്കാട് ഐടിഐയില്‍ എബിവിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രമാണോ ഇത്?

രാഷ്ട്രീയം | Politics

വിവരണം

#പണി_തുടങ്ങി_കമ്മികളെ 

രാജാക്കാട് ഐടിഐ യിൽ എതിരില്ലാതെഎല്ലാ സീറ്റിലും വിജയിച്ച ABVP അനിയന്മാർക്ക് ഒരായിരം കാവിപ്പൂക്കൾ നേരുന്നു….

രാജക്കാട് ഐടിഐയിലെ തെരഞ്ഞെടുപ്പില്‍ എബിവിപി ജയിച്ചു എന്ന അവകാശവാദം ഉന്നയിച്ച് എബിവിപി കൊടികളും പിടിച്ചു കാവി മാലകള്‍ അണിഞ്ഞു നില്‍ക്കുന്ന കുറച്ച് വിദ്യാര്‍ത്ഥികളുടെ ചിത്രമാണ്  സെക്യുലര്‍ തിങ്കേഴ്‌സ് (മതേതര ചിന്തകര്‍) എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്നത്. 829ല്‍ അധികം ലൈക്കുകളും 19ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളിവായി ഐടിഐകളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ? നടന്നിട്ടുണ്ടെങ്കില്‍ രാജക്കാട് ഐടിഐയില്‍ എതിരില്ലാതെ എല്ലാ സീറ്റിലും എബിവിപി തെരഞ്ഞെടുക്കപ്പെട്ടോ? കൊടികള്‍ പിടിച്ചു നില്‍ക്കുന്നത് എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

എബിവിപിയുടെ കൊടി ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിന് ഒറ്റനോട്ടത്തില്‍ തന്നെ കൃത്രിമത്വം തോന്നിക്കുന്നുണ്ട്. മാത്രമല്ല മുന്‍പിലെ രണ്ട് കൊടികളും കാറ്റുവീശുമ്പോള്‍ രണ്ട് ദിശകളിലേക്ക് പറക്കുന്നതായിട്ടാണ് ചിത്രത്തില്‍ കാണുന്നത്. ഇതിന് പിറകിലായി വെള്ളക്കൊടിയിലെ ചുവന്ന നക്ഷത്രവും ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും. അങ്ങനെ കമന്‍റ് ബോക്‌സ് പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ചിത്രത്തിലുള്ളത്  യഥാര്‍ത്ഥത്തില്‍ രാജക്കാട് ഐടിഐയിലെ എസ്‌ഫ്ഐ പാനലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച വിദ്യാര്‍ത്ഥികളാണ്. വിപിന്‍ എന്‍.മാത്യു  എന്ന വ്യക്തി 2018 നവംബര്‍ 22ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതാണ് യഥാര്‍ത്ഥ ചിത്രം ഇതിന് നല്‍കിയിരുന്ന തലക്കെട്ട് ഇങ്ങനെയാണ്- രാജാക്കാട് ഐടി ഐ യിൽ എതിരില്ലാതെഎല്ലാ സീറ്റിലും വിജയിച്ച SFI അനിയന്മാർക്ക് വിപ്ലവ അഭിവാദ്യങ്ങള്‍. മാത്രമല്ല ചിത്രത്തിലുള്ളത് ചുവന്ന പ്ലാസ്ടിക് മാല അണിഞ്ഞ് എസ്എഫ്ഐ കൊടിയും പിടിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ്. നടക്ക് നില്‍ക്കുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ചിത്രം പങ്കുവച്ചിരിക്കുന്ന വിപിന്‍ എന്‍.മാത്യു തന്നെയാണ്. ഫോട്ടോഷോപ്പ് ചെയ്‌ത് ചിത്രം പ്രചരിപ്പിച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ടും വിപിന്‍ തന്‍റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രത്തിനെതിരെ വിപിന്‍ എന്‍.മാത്യു പങ്കുവച്ച സ്ക്രീന്‍ഷോട്ട്-

Archived LinkArchived Link

നിഗമനം

രാജക്കാട് ഐടിഐയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌ത് എബിവിപിയാക്കി മാറ്റിയതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാന്‍ കഴിയും.

Avatar

Title:രാജാക്കാട് ഐടിഐയില്‍ എബിവിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രമാണോ ഇത്?

Fact Check By: Dewin Carlos 

Result: False