
വിവരണം
കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനെ സ്വര്‍ണ്ണം കടത്തിയതിന് പിടികൂടിയെന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയെന്നും, മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന് തോന്നിക്കും വിധം ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ബാറ്റില്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 282ല്‍ അധികം റിയാക്ഷനുകളും 133ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂര് എയര്‍പോര്‍ട്ടില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകനില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടോ? ഇത്തരമൊരു വാര്‍ത്ത മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മനോരമ ന്യൂസ് ഓണ്‍ലൈനിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലുള്ള പ്രചരണം എന്നത് കൊണ്ട് തന്നെ മനോരമ ന്യൂസിന്‍റെ അരൂരിലുള്ള ഹെഡ് ഓഫിസിലേക്ക് ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. മനോരമ ന്യൂസിന്‍റെ പേരിലുള്ള പ്രചരണം വ്യാജമാണെന്നും ഇതെ കുറിച്ചുള്ള വിശദീകരണം മനോരമ ന്യൂസിന്‍റെ പുലര്‍വേള എന്ന പരിപാടിയില്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍ നല്‍കിയിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് മറുപടി ലഭിച്ചു. സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് പ്രമോദ് രാമന്‍ വിശദീകരിക്കുന്ന വീഡിയോയും ഞങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെയാണ്-
30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി സിപിഎം പ്രവര്‍ത്തകന്‍ കരിപ്പൂര് വിമാനത്താവളത്തില്‍ പിടിയിലായി എന്ന ഒരു വാര്‍ത്ത മനോരമ ന്യൂസ് സംപ്രേഷണം ചെയ്യുകയോ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. മനോരമ ന്യൂസിന്‍റെ ലോഗോയും ഫോണ്ടും എഡിറ്റ് ചെയ്ത് ഉപയോഗിച്ച് ചിലര്‍ വ്യാജമായി നിര്‍മ്മിച്ച പോസ്റ്റര്‍ മാത്രമാണിത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രമോദ് രാമന്‍ വീഡിയോയിലൂടെ വ്യക്തമാക്കി.
മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍റെ വിശദീകരണം-
Manorama News against fake allegation from Dewin Carlos on Vimeo.
കരിപ്പൂരില്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വര്‍ണ്ണമാണ് ജൂണ്‍ 22ന് കസ്റ്റംസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ ജിതിന്‍ എന്ന വ്യക്തിയില്‍ നിന്നുമാണ് അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം പിടികൂടിയത്. എന്നാല്‍ ഇയാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമാണെന്നോ അനുഭാവിയാണെന്നോ തരത്തിലുള്ള ഒരു വിവരങ്ങളും ഔദ്യോഗകമായി പുറത്ത് വന്നിട്ടില്ല. എക്‌സൈസ് വാര്‍ത്ത കുറിപ്പ് പ്രകാരം സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ ഒന്നും തന്നെ ഇയാള്‍ വന്ന ചാര്‍ട്ടര്‍ വിമാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തിയതാണെന്നും ഇയാള്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെന്നോ വിശദീകരിക്കുന്നില്ല.
ന്യൂസ് 18 കേരള ജൂണ്‍ 22ന് വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം-
നിഗമനം
മനോരമ ന്യൂസിന്‍റെ ലോഗോയും ഫോണ്ടും എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിച്ച പോസ്റ്റര്‍ മാത്രമാണിതെന്ന് മനോരമ ന്യൂസ് അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ പിടിയിലായ വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലവും ഇതുവരെ വ്യക്തമല്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് പിടിയിലായത് സിപിഎം പ്രവര്‍ത്തകനാണെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ..
Fact Check By: Dewin CarlosResult: False
