ഇത്തവണ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്

പ്രചരണം

മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നത് ഇങ്ങനെ: “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്‍റ് തുടർന്നാൽ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും അതുകൊണ്ട് ബിജെപി ഗവൺമെന്‍റ് അധികാരത്തിൽ വന്നു കൂടാ എന്നാണ് കേരളീയർ പൊതുവേ കണ്ടത്. അത് ശരിയുമാണ്. ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത, ശുദ്ധമനസ്കരാണല്ലോ മലയാളികൾ... ആ ശുദ്ധ മനസ്സിൽ കടന്നുവന്നു ഈ രാജ്യത്ത് ബിജെപിയെ മാറ്റിനിർത്തി സർക്കാർ രൂപീകരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുക കോൺഗ്രസ് ആണ്. രാഹുൽഗാന്ധി ഇവിടെ മത്സരിക്കാൻ വന്നതോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരാണ് അധികാരത്തിൽ വരാൻ പോകുന്നത്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഒറ്റ പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസിന് അധികം സീറ്റുകൾ വേണം എങ്കിൽ മാത്രമേ ഏറ്റവും കൂടുതൽ അംഗബലമുള്ള കക്ഷിയായ കോൺഗ്രസിനെ രാഷ്ട്രപതിക്ക് വിളിക്കാൻ കഴിയു. അപ്പോൾ കേരളത്തിൽ നിന്ന് രണ്ടു കൂട്ടരും ജയിച്ചാലും രണ്ടു കൂട്ടരും ബിജെപിക്ക് എതിരാണ്. പക്ഷേ രാഹുൽഗാന്ധിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിക്കണമെങ്കിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ടതുണ്ട്. അതിന് ഇത്തവണ കോൺഗ്രസ് ജയിച്ചു പോകട്ടെ ഇത് ഇടതുപക്ഷത്തോടോ എൽഡിഎഫിനോടോ എന്തെങ്കിലും പ്രത്യേക വിരോധം ഉള്ളതുകൊണ്ട് ആളുകൾ ചിന്തിച്ച കാര്യമല്ല”

രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് വേദിയിൽ ആഹ്വാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അടിമകളെ അടങ്ങൂ..

പിണറായി വിജയൻ പറയുന്നു കോണ്ഗ്രസ് ജയിച് വരണമെന്നും ഇപ്രാവശ്യം രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും💙💪

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആനി രാജയുടെയും രാഹുൽഗാന്ധിയുടെയും ചിത്രങ്ങൾ കാണാം. കൂടാതെ മാതൃഭൂമി ന്യൂസിന്‍റെ ലോഗോയും തീയതിയും താഴെ കാണാം. ഈ ഈ സൂചനകൾ ഉപയോഗിച്ച് തിരിഞ്ഞപ്പോൾ യൂട്യൂബിൽ നിന്നും മാതൃഭൂമി ചാനലിന്‍റെ ദൈർഘ്യമുള്ള വീഡിയോ ലഭ്യമായി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ വരുമെന്ന് ശുദ്ധമനസ്തരായ മലയാളികൾ തെറ്റിദ്ധരിച്ചു എന്ന് തലക്കെട്ടിലാണ് മാതൃഭൂമി വീഡിയോ കൊടുത്തിട്ടുള്ളത്. ഏതാണ്ട് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മുഴുവൻ കണ്ടു നോക്കുമ്പോൾ ആദ്യത്തെ ഭാഗവും അവസാനത്തെ ഭാഗവും ഒഴിവാക്കി നടുവിലുള്ള ഭാഗമാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാകും.

യഥാര്‍ത്ഥത്തില്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നടന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി വിവരിക്കുന്നത്. എന്നാൽ അത് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നു ചെയ്തു എന്ന മട്ടിലാക്കി പ്രചരിപ്പിക്കാൻ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് എടുത്തതാണ്. ഇതല്ലാതെ രാഹുൽഗാന്ധിയെ വിജയിപ്പിക്കണമെന്ന് ഒരിടത്തും മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നില്ല

പ്രചരിക്കുന്ന വീഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് തെരഞ്ഞപ്പോൾ സിപിഐഎം വയനാട് എന്ന പേജിൽ പങ്കുവെച്ച് ലൈവ് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു.

പ്രചരിക്കുന്ന വീഡിയോ യുടെ ഭാഗങ്ങൾക്ക് ശേഷം “2019 ല്‍ ജനങ്ങൾ ദേശീയ രാഷ്ട്രീയം പരിഗണിച്ച് തെരഞ്ഞെടുത്ത കോൺഗ്രസ് എംപിമാർ പൗരത്വ നിയമം ഉൾപ്പെടെ മാനുഷിക പ്രശ്നങ്ങളിൽ എന്ത് ഇടപെടൽ നടത്തിയെന്നത് ചോദ്യമാണ്. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ബിജെപിയുടെ നേട്ടങ്ങൾക്ക് കാരണം കോൺഗ്രസിന്‍റെ നിലപാടില്ലായ്മയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്നും ഇക്കാര്യം ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്.

കൈരളി ഓൺലൈൻ പതിപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ കുറിച്ചുള്ള റിപ്പോർട്ടിന്‍റെ തലക്കെട്ട് ഇങ്ങനെ: “കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തവർക്ക് കുറ്റബോധമാണുള്ളത്- മുഖ്യമന്ത്രി”

അതായത് മുഖ്യമന്ത്രി 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കുറിച്ച് നടത്തിയ പരാമർശമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ നിന്നും ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നോ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നോ ഒരിടത്തും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: ALTERED