ഇലക്ഷന്‍ പോസ്റ്ററില്‍ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം…? പോസ്റ്ററിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്  നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍  ഒന്നാംഘട്ട പോളിംഗ് നടക്കും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 ന് രണ്ടാംഘട്ടത്തിലും.

ഈ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ മുസ്ലീം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് സൂചിപ്പിച്ച്  തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ചക്കരക്കുടം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി നമ്മുടെ ചിഹ്നം

ഇ സുലൈമാൻ്റെ ബീവി ഫാത്തിമയെ

വിജയിപ്പിക്കുക” എന്നെഴുതി പുരുഷന്‍റെ ചിത്രം പതിച്ച തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍, പോസ്റ്റര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കണ്ടെത്തി. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത മഞ്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തിയ വെള്ളരിപ്പട്ടണം എന്ന ചിത്രത്തില്‍ നിന്നുള്ള ഫോട്ടോയാണിത്.

വസ്തുത ഇങ്ങനെ 

പോസ്റ്ററില്‍ പരാമര്‍ശിക്കുന്ന ചക്കരക്കുടം എന്നൊരു ഗ്രാമ പഞ്ചായത്ത്  കേരളത്തിലില്ല.  തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്‌സൈറ്റ് തിരഞ്ഞപ്പോള്‍ കേരളത്തില്‍ ചക്കരക്കുടം എന്ന പേരില്‍ ഒരു ഗ്രാമ പഞ്ചായത്ത് ഇല്ലെന്ന് വ്യക്തമായി. 

പിപിഡിപി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്ല. അബ്ദുള്‍ നാസര്‍ മദനി സ്ഥാപിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(PDP) മാത്രമാണ് ഈ പേരിനോട് സാമ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടി. 

പോസ്റ്ററിന്‍റെറിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  വെള്ളരിപ്പട്ടണം എന്ന സിനിമയില്‍ നിന്നുള്ള ചിത്രമാണെന്ന് സൂചന ലഭിച്ചു. ഞങ്ങള്‍ വെള്ളരിപ്പട്ടണം സിനിമയിലെ സീനുകള്‍ പരിശോധിച്ചു. അമൃത ടിവിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വെള്ളരിപ്പട്ടണം സിനിമ പങ്കുവച്ചിട്ടുണ്ട്.  വൈറല്‍ ചിത്രത്തിലെ അതേ ഫ്‌ളക്‌സ് ബോര്‍ഡ് ഇതില്‍ കാണാം.  സിനിമയുടെ 1.19 മിനിട്ടിലാണ് ചക്കരക്കുടം പഞ്ചായത്തിലെ പിപിഡിപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഉയര്‍ത്തുന്ന സീനുള്ളത്. 

2023ല്‍ പുറത്തിറങ്ങിയ കോമഡി സിനിമയാണ് വെള്ളരിപ്പട്ടണം. വര്‍ത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചക്കരക്കുടം എന്ന ഗ്രാമപഞ്ചായത്തിലെ ഇലക്ഷനും മറ്റ് പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

അതേസമയം മുസ്ലീം വനിതാ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ക്ക് പകരം പങ്കാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഇലക്ഷന്‍ പോസ്റ്ററുകള്‍ മുന്‍പും വൈറലായിട്ടുണ്ട്. എന്നാല്‍ പ്രചാരത്തിലുള്ള ചിത്രം യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെതല്ല.

നിഗമനം 

മുസ്ലീം വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്‍റെ ചിത്രം പതിച്ച തിരഞ്ഞെടുപ്പ് പോസ്റ്റര്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെതല്ല. 2023ല്‍ പുറത്തിറങ്ങിയ വെള്ളരിപ്പട്ടണം എന്ന സിനിമയില്‍ നിന്നും എടുത്ത പോസ്റ്റര്‍ തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്.   

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇലക്ഷന്‍ പോസ്റ്ററില്‍ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം…? പോസ്റ്ററിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply