FACT CHECK: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയൂ…

പ്രാദേശികം | Local

പ്രചരണം 

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പച്ച നിറത്തിലെ ഷർട്ടും വൈറ്റ് നിറത്തിലെ പാന്‍റും ധരിച്ച കുറെ യുവാക്കൾ പരേഡ് നടത്താന്‍ എന്നപോലെ അച്ചടക്കത്തോടെ നിരയായി നിൽക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും വിവരണമുണ്ട്: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചിട്ട് എനിക്ക് ഇങ്ങനെയാണ് മനസ്സിലാക്കുന്നത് തെറ്റുണ്ടെങ്കിൽ തിരുത്താം ഇത് എങ്ങനെയുണ്ട് ജിഹാദികളുടെ മനസ്സിലിരിപ്പ്. എന്ന അടിക്കുറിപ്പും കാണാം.

archived linkFB post

അതായത് പോസ്റ്റിൽ ആരോപിക്കുന്നത് ഇത് പോപ്പുലർ ഫ്രണ്ട് എന്ന സംഘടന ഇന്ത്യയ്ക്കെതിരെയുള്ള  പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സൈന്യമാണ് എന്നാണ്. വടക്കേ ഇന്ത്യയിലും ചിത്രത്തിന് ഇതേ അവകാശവാദവുമായി വന്‍ പ്രചാരമാണ് ലഭിക്കുന്നത്.  ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. പോസ്റ്റിലെ അവകാശവാദവുമായി ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല എന്ന് വ്യക്തമാകുകയും ചെയ്തു.

വസ്തുത ഇതാണ്

നവംബർ 2006 ൽ സ്ഥാപിക്കപ്പെട്ട സംഘടനയാണ് തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്. ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള നിരവധി കേസുകൾ ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്. പ്രസ്തുത ചിത്രം രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി 2013 ല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.  വിവാദമായതോടെ അദ്ദേഹം പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഇക്കാര്യം പരാമര്‍ശിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ ചിത്രം പ്രസ്തുത വിവരണത്തോടെ പ്രചരിച്ചു തുടങ്ങിയത്.  

എന്നിരുന്നാലും പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന് പോപ്പുലർ ഫ്രണ്ട് ആയി യാതൊരു ബന്ധവുമില്ല. ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2013 മുതൽ മാധ്യമങ്ങള്‍ ചിത്രമുള്‍പ്പെടുത്തി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കാണാൻ സാധിച്ചു. പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയ്ക്ക് ഔദ്യോഗിക വെബ്സൈറ്റ് ഉണ്ട്. അതിൽ അവരുടെ യൂണിഫോമിന്‍റെ ചിത്രങ്ങളുണ്ട്. ചിത്രത്തിൽ നൽകിയ യൂണിഫോമല്ല ഇതിൽ സംഘടനയിലെ അംഗങ്ങൾ ധരിച്ചിട്ടുള്ളത്. 

കൂടാതെ ഞങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് കേരള അദ്ധ്യക്ഷന്‍ മുഹമ്മദ്‌ ബഷീറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചരണമാണ്. ട്വിറ്ററില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെല്ലാം. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്‍റെ യൂണിഫോം ഇതല്ല. നീല ഷര്‍ട്ടും ചാര നിറത്തിലുള്ള പാന്‍റുമാണ് ഞങ്ങളുടെ വോളണ്ടിയര്‍ യൂണിഫോം. ചിത്രം മുസ്ലിം ലീഗിന്‍റെ ഏതോ വോളണ്ടിയര്‍ പ്രോഗ്രാമിന്‍റെതാണ്.” 

അദ്ദേഹം വാട്ട്സ് അപ്പില്‍ നല്‍കിയ മറുപടിയുടെ സ്ക്രീന്‍ഷോട്ട്:

കേരളത്തിൽ ഇതിൽ പച്ചനിറത്തിലുള്ള പതാകയും വസ്ത്രങ്ങളും ഉപയോഗിക്കുന്നത് മുസ്ലിംലീഗാണ്. ഞങ്ങൾ മുസ്ലിം ലീഗിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഈ ചിത്രം അവരുടേതാണെന്ന്  ഓഫീസ് സെക്രട്ടറി വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗിന്‍റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2012 ഒക്ടോബര്‍ 15ന് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു ആംഗിളിൽ ആണ് എന്ന് മാത്രമേയുള്ളൂ വ്യത്യാസം. 

https://www.facebook.com/mylkerala/photos/a.412459735467928/423559627691272/?__tn__=%2CO*F

archived link

എന്നാൽ ബാക്ക്ഗ്രൌണ്ടിലെ  കെട്ടിടങ്ങള്‍  ശ്രദ്ധിച്ചാൽ ഒരേ സന്ദർഭത്തിലെ തന്നെ ചിത്രങ്ങൾ ആണിതെന്ന് എളുപ്പം മനസ്സിലാകും. പോപ്പുലര്‍ ഫ്രണ്ട് വോളണ്ടിയര്‍മാര്‍ യൂണിഫോം ധരിച്ച ചിത്രം താഴെ കൊടുക്കുന്നു: 

https://www.facebook.com/PopularFrontKeralaPage/photos/a.653316331382147/3795640620483020/?__tn__=%2CO*F

archived link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുസ്ലിം യൂത്ത് ലീഗ് 2012 ഒക്ടോബറില്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിന് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയൂ…

Fact Check By: Vasuki S 

Result: False