കേരളത്തിലെ പോലീസ് വകുപ്പില്‍ മുസ്ലിം സമുദായത്തില്‍ നിന്നു മാത്രമായി മുസ്ലിം പോലീസ് നിയമനം നടത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പ്രചരണം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന നിലയില്‍ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. “2024 കേരളാ പോലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്ലീം)

യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024

അവസാന തിയതി:ഓഗസ്റ്റ്14 https://www.keralapsc.gov.in/” എന്ന വിവരങ്ങളാണ് പോസ്റ്ററിലുള്ളത്. മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി പോലീസില്‍ നിയമനമുണ്ട് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്റ്.... ആരെങ്കിലും അറിഞ്ഞോ?

ഇത് സത്യമോ ?”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വസ്തുത അറിയാനായി ആദ്യം ഞങ്ങള്‍ കേരള പോലീസ് മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ അറിയിച്ചത് ഇങ്ങനെയാണ്: “സംവരണ അടിസ്ഥാനത്തിലാണ് പി എസ് സി നിയമനങ്ങൾ നടത്തുക എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ? പിഎസ്സി ആപ്ലിക്കേഷൻ വിളിക്കുമ്പോൾ മതിയായ അപേക്ഷകർ ആ വിഭാഗത്തിൽ നിന്നും ഇല്ല എന്നു വന്നാൽ വീണ്ടും ആപ്ലിക്കേഷൻ വിളിക്കും. രണ്ടോ മൂന്നോ തവണ വിളിക്കും. ആദ്യ വിജ്ഞാപനത്തിൽ അപേക്ഷകരെ ലഭിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വിളിച്ചതാണ്. ഇത്തവണ 3 വേക്കൻസിക്ക് വേണ്ടി മാത്രമാണ് വിളിക്കുന്നത്. ഈ നിയമം മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല. സാധാരണ ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് വിഭാഗങ്ങളിൽ ഇങ്ങനെ മതിയായ അപേക്ഷകരെ ലഭിച്ചില്ലെങ്കിലും ഇതുപോലെ പിഎസ്സി നടത്താറുണ്ട്. അതിൽ പുതുമയില്ല, ആദ്യമായിട്ടല്ല പി‌എസ്‌സി ഇങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. ഈ പറഞ്ഞിരിക്കുന്നത് ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്ലീം സംവരണം അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനമാണ്. മുസ്ലിം പോലീസിനെ മാത്രമായി റിക്രൂട്ട്മെന്‍റ് നടത്തുന്നില്ല.”

വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് പി‌എസ്‌സി വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍‌സി‌എ അപേക്ഷ ആണെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

പി എസ് സി യുടെ എൻസിഎ- നോ കാൻഡിഡേറ്റ് അവൈലബിൾ എന്താണ് എന്ന് നോക്കാം.

NCA – No Candidate Available (ഒരു സ്ഥാനാർത്ഥിയും ലഭ്യമല്ല)

ചില സമയങ്ങളിൽ പിന്നോക്ക വിഭാഗത്തിലോ SC/ST വിഭാഗത്തിലോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് സംവരണം ചെയ്ത ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ എണ്ണം റാങ്ക് ലിസ്റ്റിൽ ലഭ്യമായേക്കില്ല. ഈ സാഹചര്യത്തെ NCA എന്ന് വിളിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഇനിപ്പറയുന്ന നടപടിക്രമം പിന്തുടരുന്നു. "SC, ST" എന്ന് തരംതിരിക്കുന്ന കമ്മ്യൂണിറ്റികളില്‍ നിന്ന് അനുയോജ്യനായ കാൻഡിഡേറ്റ് ലഭിച്ചില്ലെങ്കില്‍ അത്തരം ഗ്രൂപ്പിൽ നിന്ന് ഉദ്യോഗാര്‍ത്ഥിയെ ലഭിക്കാന്‍ വീണ്ടും വിജ്ഞാപനം നല്‍കി അനുയോജ്യനായ ഒരു ഉദ്യോഗാർത്ഥിയെ കണ്ടെത്തി ആ പോസ്റ്റ് നികത്തുകയും ചെയ്യും.

ഏതെങ്കിലും പ്രത്യേക കമ്മ്യൂണിറ്റിയിൽ നിന്നോ കമ്മ്യൂണിറ്റികളുടെ ഗ്രൂപ്പിൽ നിന്നോ (പിന്നാക്ക വിഭാഗം) തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ ഒരു കാൻഡിഡേറ്റ് ലഭ്യമല്ലെങ്കിൽ, അത്തരം ഒഴിവ് നികത്താതെ സൂക്ഷിക്കുകയും, ആ തിരഞ്ഞെടുപ്പ് വർഷത്തേക്ക് ആ കമ്മ്യൂണിറ്റിയ്‌ക്കോ കമ്മ്യൂണിറ്റികളുടെ ഗ്രൂപ്പിനോ വേണ്ടി പ്രത്യേകം അറിയിക്കുകയും നേരിട്ട് റിക്രൂട്ട്‌മെന്‍റ് വഴി നികത്തുകയും ചെയ്യും.“ എന്നാണ് പി‌എസ്‌സി വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള നിര്‍വചനം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ തിരുവനന്തപുരത്തെ പി‌എസ്‌സി ആസ്ഥാനവുമായി ബന്ധപ്പെട്ടു. പി‌എസ്‌സി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെ: “എല്ലാ തസ്തികകള്‍ക്കും ഭരണഘടനാ പ്രകാരമുള്ള ചട്ടം അനുസരിച്ച് സംവരണം നല്കുന്നുണ്ട്. സമുദായിക സംവരണവും ന്യൂനപക്ഷ സംവരണവുമുണ്ട്. ഓരോ കാറ്റഗറിയിലും ആവശ്യത്തിന് അപേക്ഷകരെ കിട്ടാതിരുന്നാല്‍ എന്‍‌സി‌എ അതായത് no candidate available എന്ന ചട്ടപ്രകാരം വീണ്ടും വിജ്ഞാപനം നല്‍കും. രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ച് നല്‍കും. മുസ്ലിം സമുദായത്തിന് മാത്രമല്ല ഇത് ബാധകം. സംവരണം ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ചട്ടം ബാധകമാണ്. മുസ്ലിം സംവരണ വിഭാഗത്തിന് വേണ്ടി വിളിച്ച വിജ്ഞാപനത്തില്‍ മതിയായ അപേക്ഷകരെ ലഭിക്കാത്തതിനാല്‍ രണ്ടാമത് വിളിച്ചതാണ് 212/2024 എന്ന വിജ്ഞാപനം. മുസ്ലിം സമുദായക്കാര്‍ക്ക് വേണ്ടി മാത്രം പോലീസില്‍ റിക്രൂട്ട്മെന്‍റ് എന്നൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പ്രചരിപ്പിക്കുന്നതാണ്.

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്‍റ് നടത്തുന്നു എന്ന പ്രചരണം തെറ്റാണ്. ഓരോ സമുദായത്തിനും ന്യൂനപക്ഷത്തിനും പി‌എസ്‌സി ഭരണഘടനാ ചട്ടം അനുസരിച്ച് സംവരണം നല്കുന്നുണ്ട്. ഓരോ സംവരണ വിഭാഗത്തിലും മതിയായ അപേക്ഷകര്‍ ഇല്ലാതെ വന്നാല്‍ എന്‍‌സി‌എ (No candidate available) പ്രകാരം രണ്ടാമതും മൂന്നാമതും പി‌എസ്‌സി വിജ്ഞാപനം ഇറക്കും. അങ്ങനെ പുറത്തിറക്കിയ വിജ്ഞാപനമാണ് 212/2024. ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്ലീം സംവരണമുള്ള മൂന്ന് ഒഴിവുകളിലേയ്ക്കാണ് പ്രസ്തുത വിജ്ഞാപനം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വര്‍ഗീയമായി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്‍റ്’ എന്ന വര്‍ഗീയ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്...

Fact Check By: Vasuki S

Result: MISLEADING