FACT CHECK: അഗതി മന്ദിരത്തിലാക്കപ്പെട്ട അച്ഛന്‍റെയും ‘ഭാരമൊഴിച്ച്’ മടങ്ങിപ്പോകുന്ന മകനെയും യഥാർത്ഥ കഥ ഇതാണ്…

സാമൂഹികം

പ്രചരണം 

കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം വളരെ വൈറലായി പ്രചരിക്കുന്നുണ്ട്.  അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു പിതാവിന്‍റെ ദയനീയ ചിത്രം എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഓട്ടോയിൽ കയറി മടങ്ങുന്ന മകനെ നോക്കി ദൈന്യതയോടെ നിൽക്കുന്ന പിതാവിനെ ചിത്രമാണിത്.  ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.

“അഗതി മന്ദിരത്തിൽ വന്ന പുതിയ അംഗമാണ്.

കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം.

പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തൻ്റെ സ്വന്തം മകൻ… ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും😢🤔🙏🙏🙏😭

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് ചിത്രവും വിവരണവും നൽകിയിട്ടുള്ളത് എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

പത്തനംതിട്ടയിലെ ബത് സേഥാ എന്ന അഗതിമന്ദിരം നടത്തുന്ന ഫാ. സന്തോഷ് എന്ന പുരോഹിതനാണ് ഈ ചിത്രം ആദ്യമായി ഫേസ്ബുക്കില്‍  പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റ് എഡിറ്റ് ചെയ്താണ് സാമൂഹ്യമാധ്യമങ്ങളിൽ മറ്റൊരു തരത്തിൽ ചിത്രം പ്രചരിപ്പിക്കുന്നത്.  അദ്ദേഹം നല്‍കിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ കാണാം.

https://www.facebook.com/anu.santhug/posts/4262658563810618?__cft__[0]=AZVVOgKiST-RyCkorOuNUx84EmIlnxnjsJDqdyxio1G0HUv3CX5Su6d67YIWhrgqQlY1zJ2Nh7U4Vc3hL3RJSQmtl8HGn_Jk85u5AAHmXYNIfxnmR5Mta_WtRnI4DDEmZz0&__tn__=%2CO%2CP-R

archived link

അഗതിമന്ദിരത്തിൽ കഴിഞ്ഞ ദിവസം അംഗമായെത്തിയ ഈ അച്ഛനെ മകൻ ഉപേക്ഷിച്ചു കൊണ്ടുചെന്നാക്കിയതല്ല.  ചില പ്രത്യേക സാഹചര്യങ്ങൾ മൂലം മകൻ അച്ഛന് സുരക്ഷിത സ്ഥലം എന്ന നിലയില്‍ അവിടെ ആക്കിയതാണ്. ഫാ. സന്തോഷ്‌ പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.  ആ കാര്യങ്ങളൊന്നും പരാമർശിക്കാതെ, മക്കളാൽ ഉപേക്ഷിക്കപ്പെട്ട പിതാവിന്‍റെ  ചിത്രം എന്ന നിലയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരണം നടത്തുകയാണ്. 

പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫാ.സന്തോഷ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ വിശദീകരണം  പ്രസിദ്ധീകരിക്കുകയുണ്ടായി. 

കൂടാതെ അദ്ദേഹം ഒരു ലൈവ് വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്.

https://www.facebook.com/anu.santhug/videos/2952021081680548/?__cft__[0]=AZV3vGqyiQ5V-Z8SMSMW5Um1WAQx2R2SoEMRnlWXmCt7Byu0mHGj-Ucf_y52rZnaE5-eM0vTUcRom4z4RA4rPI8fqtaF0wIUi8xsaI_i58PQrY_cfVipuCnkY52tl9uG1a8QK4ruQJ9V-dnJyE-EK5aU&__tn__=%2CO%2CP-R

archived link

വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ഇതാണ് യാഥാര്‍ത്ഥ്യം. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വയോധികനാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്‍റെ മകന് തൃശൂർ ജില്ലയുടെ വനമേഖലയില്‍ ടാപ്പിങ് ജോലിയാണ്. ഭാര്യ പിണങ്ങി വേറേ താമസിക്കുക്കുകയാണ്. കാട്ടിലേക്കു പിതാവിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണം വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് മകൻ ജോലിക്കു പോയിരുന്നത്. ഇദ്ദേഹം തനിച്ചാണെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസ് മകനെ ബന്ധപ്പെട്ട് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണമെന്നു നിർദേശിച്ചു. ഉപജീവന മാര്‍ഗമായ ജോലി ഉപേക്ഷിക്കാന്‍ സാധിക്കില്ല. അതിനാല്‍ എന്നോട്  വിളിച്ചു അന്വേഷിച്ചു. അങ്ങനെയാണ് ഈ അച്ഛന്‍  ബത് സേഥായിൽ എത്തിയത്.  

പക്ഷേ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമെന്താണ്,  അതു പോസ്റ്റ് ചെയ്തതിന്‍റെ ഉദ്ദേശ്യശുദ്ധി എന്താണ് ഇതൊന്നും മനസിലാക്കാതെ സ്വന്തം മനോധർമമനുസരിച്ച് പലരും അതു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ, നിസ്സഹായനായ ആ മകൻ വില്ലനായി. പോസ്റ്റ് ചെയ്ത ഞാന്‍ തെറ്റുകാരനുമായി. ഞാന്‍ പോസ്റ്റ് ചെയ്തതില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ്‌ ചെയ്തെടുത്താണ് പലരും അവരുടെ സ്വാര്‍ഥതയ്ക്കായി  പ്രചരണം നടത്തിയത്. എന്‍റെ സ്വന്തം പിതാവും ഇവിടുത്തെ അന്തേവാസിയാണ്. 

പിതാവിനെ അനാഥാലയത്തിലാക്കി പോകുന്നതിന്‍റെ എല്ലാ വിഷമവും ആ മകനുണ്ടായിരുന്നു. മകൻ യാത്ര പറഞ്ഞ് ഓട്ടോയിൽ കയറുമ്പോഴുള്ള പിതാവിന്റെ നിസ്സഹായത നിറഞ്ഞ നോട്ടമാണ് ചിത്രത്തിലുള്ളത്. കരഞ്ഞു കലങ്ങിയ കണ്ണുകളടച്ച് മകൻ ഓട്ടോറിക്ഷയിൽ കുനിഞ്ഞിരിക്കുകയായിരുന്നു അപ്പോൾ. മകൻ പോയശേഷം പത്തു മിനിറ്റോളം കഴിഞ്ഞാണ് പിതാവ് നോട്ടം പിൻവലിച്ച് അകത്തേക്കു കയറിയത്. ഇതിനിടയിൽ പകർത്തിയതായിരുന്നു ചിത്രം. പക്ഷേ ചിലര്‍ മകനെ കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ടു. മനോധർമം പോലെ വ്യാഖ്യാനിച്ച് അച്ഛന്‍റെയും മകന്‍റെയും നിസ്സഹായതകളെ മറന്നു.” 

അനാഥർക്കും നിർധനരായ രോഗികൾക്കുമുള്ള ആശ്രയകേന്ദ്രമായ ബത് സേഥാ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് പ്രവർത്തിക്കുന്നത്.. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രം പ്രചരിച്ചതിനെ കുറിച്ചും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് വ്യക്തമാക്കിയും  മനോരമ വാര്‍ത്ത നല്‍കിയിരുന്നു. 

നിഗമനം  

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങൾ മൂലം പിതാവിനെ അഗതിമന്ദിരത്തിൽ ആക്കി മടങ്ങുന്ന മകനെ കുറിച്ചും മകന്‍ മടങ്ങുന്നത് നോക്കി നില്‍ക്കുന്ന പിതാവിനെ കുറിച്ചും  അഗതിമന്ദിരത്തിന്‍റെ നടത്തിപ്പുകാരനായ പുരോഹിതൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്‍റെ ചില ഭാഗങ്ങൾ മാത്രം എടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അഗതി മന്ദിരത്തിലാക്കപ്പെട്ട അച്ഛന്‍റെയും ‘ഭാരമൊഴിച്ച്’ മടങ്ങിപ്പോകുന്ന മകനെയും യഥാർത്ഥ കഥ ഇതാണ്…

Fact Check By: Vasuki S 

Result: Misleading