വിവരണം

എസ്എസ്എല്‍സി റിസള്‍ട്ട് വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വ്യാപകമായി വൈറലായി പ്രചരിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ കീഴിലുള്ള പ്രേരണ എന്ന എൻജിഒ ഒരു പരീക്ഷ നടത്തുന്നു എന്നതാണ് സന്ദേശം. അതായത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനായി സാമ്പത്തിക സഹായം എന്‍ജിഒ ചെയ്യുമെന്നതാണ് ഉള്ളടക്കം. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.

പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം-

എല്ലാവർക്കും ഹായ്,

ഒരു ചെറിയ സഹായം ആവശ്യമാണ്.

ദയവായി ഈ സന്ദേശം അറിയപ്പെടുന്ന ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുമോ അതുവഴി ഇത് പ്രചരിപ്പിക്കപ്പെടും ....

ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കി 80%ത്തിൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ദയവായി അവരോട് ചോദിക്കുക

എൻ‌ജി‌ഒയുമായി ബന്ധപ്പെടാൻ - പ്രേരണ (ഇൻഫോസിസ് ഫൗണ്ടേഷൻ പിന്തുണയ്ക്കുന്നു).

എൻ‌ജി‌ഒ ഒരു എഴുത്ത് പരീക്ഷ നടത്തുന്നു, ടെസ്റ്റ് വിജയിക്കുന്നവർക്ക് അവരുടെ തുടർ പഠനത്തിനുള്ള സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്.

ലഭിക്കുന്നതിന് ചുവടെ സൂചിപ്പിച്ചിരിക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ ദയവായി വിദ്യാർത്ഥികളോട് ആവശ്യപ്പെടുക

രൂപം:

ബന്ധപ്പെടേണ്ട നമ്പറുകൾ:

1. ശ്രീമതി സരസ്വതി - 9900906338

2. ശ്രീ. ശിവകുമാർ - 99866 30301

3. ശ്രീമതി ബിന്ദു - 99645 34667

നിങ്ങൾക്കറിയില്ലെങ്കിൽ പോലും

ആരെങ്കിലും, ദയവായി ഈ വിവരം കൈമാറുക, ആർക്കെങ്കിലും ഇത് ആവശ്യമായി വന്നേക്കാം. www.infosys.com/infosys-foundation

നന്ദി

മറ്റ് ഗ്രൂപ്പുകളിലും ഇത് ഫോർവേഡ് ചെയ്യുക

ഇത് ഒരു വ്യക്തിയെ പോലും സഹായിച്ചാൽ

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് നല്ല വിവരമാണ്.

വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ കീഴിലുള്ള പ്രേരണ ഫൗണ്ടേഷന്‍ ഇത്തരത്തിലൊരു പരീക്ഷ നടത്തുന്നുണ്ടോ? അതില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുമോ? എന്താണ് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലിഷ് 2021ല്‍ ഇതെ സന്ദേശത്തിന്‍റെ യഥാര്‍ത്ഥ ഇംഗ്ലിഷ് സന്ദേശം ഫാക്‌ട്ചെക്ക് ചെയ്തിട്ടുള്ളതാണ്. അതിന്‍റെ മലയാളം പരിഭാഷയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലിഷ് ചെയ്ത ഫാക്ട് ചെക്ക് ലേഖനത്തിലെ വിവരങ്ങള്‍ ഇപ്രകാരമാണ്..

ആദ്യം തന്നെ പ്രചരിക്കുന്ന സന്ദേശത്തിലെ മൂന്ന് ഫോണ്‍ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും ഈ നമ്പറുകള്‍ ഒന്നും തന്നെ പ്രവര്‍ത്തനത്തിലുള്ളതല്ലാ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് എന്‍ജിഒ പ്രേരണ, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ എന്നിവരുടെ വെബൈസ്റ്റുകള്‍ പരിശോധിച്ചെങ്കിലും ഇത്തരമൊരു പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന യാതൊരു വിവരങ്ങളും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാത്രമല്ലാ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ വെബ്‌സൈറ്റിലെ കോണ്ടാക്ട് അസ് എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്തപ്പോള്‍ അവര്‍ ഒരു പ്രസ്താവന ആ വെബ്‌ പേജില്‍ ബോക്സിലായി നല്‍കിയിരിക്കുന്നത് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് അതിങ്ങനെയായിരുന്നു-

ധാരാളം വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ പേരിനൊപ്പം പല എൻജിഒകളുടെ പേരുകള്‍ ചേര്‍ത്ത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളെ ലഭിക്കാന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന രീതി ഉപയോഗിക്കാറില്ലായെന്നും ജനങ്ങളില്‍ നിന്നും ഫണ്ട് സമാഹരണമോ മറ്റോ നടത്താറില്ലായെന്നും ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായി നേരിടണമെന്നും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലെ മുന്നറിയിപ്പ്-

Archived Link

തുടര്‍ന്ന് കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2011 ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. അതിലെ വിവരങ്ങള്‍ ഇപ്രകാരമായിരുന്നു-

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ പ്രേരണ എന്ന എന്‍ജിഒ പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയ എന്നാല്‍ സാമ്പകത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പരീക്ഷ നടത്തുന്നു. പരീക്ഷയല്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ലക്ഷ്യം.

അതെ സമയം പ്രേരണ എന്‍ജിഒയുടെ ഈ പദ്ധതിയെ കുറിച്ച് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ ഇ മെയില്‍ മുഖേന പ്രേരണ എന്‍ജിഒയെ ബന്ധപ്പെട്ടു. എന്‍ജിഒ പ്രതിനിധിയായ ശ്രിശേന്ദു ഭട്ടാചാര്യ നല്‍കിയ മറുപടി ഇങ്ങനയാണ്. “ഈ പദ്ധതി നിലവിലുള്ളതല്ലാ. 12 വര്‍ഷം മുന്‍പുള്ള സന്ദേശമാണ് ഇപ്പോഴും പ്രചരിക്കുന്നത്. എന്‍ജിഒയുടെ പ്രതിനിധികളുടെ പേര് നല്‍കിയിരിക്കുന്നവരും ഇന്ന് ഇതിന്‍റെ ഭാഗമല്ലാ” എന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ഇന്‍ഫോസിസ് ഫൗണ്ടേഷനും പ്രേരണ എന്‍ജിഒയും ചേര്‍ന്ന് നിലവില്‍ ഇത്തരത്തിലൊരു പരീക്ഷ നടത്തുന്നില്ലാ. ഇത് 12 വര്‍ഷം മുന്‍പുണ്ടായിരുന്നു പദ്ധതിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് പരീക്ഷ ജയിച്ച കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False