
വിവരണം
എന്ന ഫേസ്‌ബുക്ക് പേജിൽ 2019 ഓഗസ്റ്റ് 13 ന് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി നേതാക്കള്‍” എന്ന അടിക്കുറിപ്പുമായി കൈരളി ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.
archived link | FB post |
വാർത്ത പരിശോധിക്കുമ്പോൾ ഇപ്രകാരമാണ് എഴുതിയിട്ടുള്ളത്. കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു.
kairali news online | archived link |
daily hunt | archived link |
“തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് പൊഴയുടെ വീതി കൂട്ടുന്നതാണ് ബിജെപി പ്രാദേശിക നേതാക്കൾ തടഞ്ഞത്. ഇതുമൂലം ഇന്ന് JCB ഉപയോഗിച്ചുള്ള പണി തടസ്സപ്പെട്ടു.”
ഇത് സംബന്ധിച്ച ഒരു ഹൃസ്വ വീഡിയോ നൽകിയിട്ടുണ്ട്. വീഡിയോയിൽ ഒരു തർക്കം നടക്കുന്നു എന്നല്ലാതെ മറ്റുകാര്യങ്ങൾ വ്യക്തമല്ല.
പോസ്റ്റിൽ ആരോപിക്കുന്നത് കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം ബിജെപി നേതാക്കൾ തടഞ്ഞു എന്നാണ്. നമുക്ക് ഈ വാർത്തയുടെ യാഥ്യാർഥ്യം അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ മറ്റു വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ തിരഞ്ഞുനോക്കി. ഡെയിലിഹണ്ട് എന്ന മാധ്യമം ഇതേ വാർത്ത നൽകിയിട്ടുണ്ട്. കൈരളി ന്യൂസ് വാർത്ത അതുപോലെതന്നെ നൽകിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
വേറെ മാധ്യമങ്ങളിലൊന്നും വാർത്ത നൽകിയിട്ടില്ല. അതിനാൽ വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ തോട്ടപ്പള്ളി മേഖല ഉൾപ്പെട്ട അമ്പലപ്പുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷനിലെ എസ്‌ഐ യായ സജി ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:
“തോട്ടപ്പള്ളിയിൽ വെള്ളം കടലിലേയ്ക്ക് ഒഴുകുന്ന ഭാഗത്ത് നിരവധി കാറ്റാടി മരങ്ങൾ നിൽക്കുന്നുണ്ട്. അവിടെ നിന്നും കുറച്ചു മരങ്ങൾ മുറിച്ചു മാറ്റി അവിടെയുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് സര്ക്കാര്‍ ഉത്തരവ് വന്നു. അതിനായി റെവന്യൂ ഉദ്യോഗസ്ഥര്‍ എത്തി. പോലീസ് അതിന് പ്രൊട്ടക്ഷൻ കൊടുത്തു. അപ്പോൾ കുറച്ചു നാട്ടുകാർ പ്രശ്നവുമായി എത്തി. അവർ മരം വെട്ടുന്നത് തടഞ്ഞു. അത് മാത്രമാണ് ഉണ്ടായത്. കാറ്റാടി മരങ്ങൾ മുറിച്ചു നീക്കാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. തടഞ്ഞവരിൽ കോൺഗ്രസ്സുകാരുണ്ട്, ബിജെപിക്കാരുണ്ട്, മൽസ്യബന്ധന തൊഴിലാളികളുടെ യൂണിയനുണ്ട്. നാട്ടുകാർ പ്രതിഷേധിച്ചു എന്ന് പറയുന്നതാവും ശരി. ഞങ്ങൾ പ്രതിഷേധത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത്രയുമാണുണ്ടായത്.”
ബിജെപിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് അറിയാൻ ഞങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്. “കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായിട്ടാണ് തോട്ടപ്പള്ളി സ്പിൽവേ അവിടെ പ്രവര്‍ത്തിക്കുന്നത്. ആ സ്പിൽവേയിലൂടെയാണ് കടലിലേയ്ക്ക് വെള്ളം ഒഴുകി പോകുന്നത്. സ്പിൽവെയുടെ കിഴക്കു ഭാഗത്ത് കഴിഞ്ഞ പ്രളയമുൾപ്പെടെയുള്ള കാലങ്ങളില്‍ എക്കലും മണലും അടിഞ്ഞു കൂടി കിടക്കുകയാണ്. അത് നീക്കം ചെയ്യണമെന്നുള്ളത് കർഷകരുടെയും സ്വാമിനാഥൻ കമ്മീഷന്റെയും ശുപാർശയാണ്. അവ നീക്കം ചെയ്യാൻ കഴിഞ്ഞ പ്രളയാനുഭവം ഉണ്ടായിട്ടും സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു കാലത്ത് കടലേറ്റം തടയാൻ വേണ്ടി വച്ച് പിടിപ്പിച്ചവയാണ് ഈ കാറ്റാടി മരങ്ങൾ. അത് വെട്ടി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരായ നിലപാട് ബിജെപി സ്വീകരിച്ചു എന്നതാണ് വസ്തുത.
ഇതിനെതിരെ നിലപാട് സ്വീകരിച്ച് എതിർപ്പുമായി എത്തിയവരിൽ ഞങ്ങൾ മാത്രമല്ല, മത്സ്യത്തൊഴിലാളികളും കർഷകരും ഇതര രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഉണ്ടായിരുന്നു. ഇങ്ങനെയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിൽ അർദ്ധ സത്യമാണുള്ളത്. തോട്ടപ്പള്ളി സ്പിൽവേയിൽ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കാറ്റാടി മരങ്ങൾ വെട്ടി അവിടെ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യുവാൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചത് ബിജെപി നേതാക്കൾ മാത്രമല്ല. കോൺഗ്രസ്സ് പ്രവർത്തകരും മൽസ്യബന്ധന തൊഴിലാളികളുടെ യൂണിയനും അടങ്ങുന്ന നാട്ടുകാരുടെ സംഘം അവിടെ നിന്നും മരം മുറിച്ചു നീക്കുന്നതിനെ തടയുകയാണുണ്ടായത്. ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം ബിജെപിക്കാർ തടഞ്ഞു എന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.
നിഗമനം
ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിൽ അർദ്ധ സത്യമാണുള്ളത്. തോട്ടപ്പള്ളി സ്പിൽവെയിൽ കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനെ ബിജെപിക്കാർ എതിർത്തു എന്നതല്ല യഥാർത്ഥ വാർത്ത. കടൽ തീരത്ത് വച്ച് പിടിപ്പിച്ചിട്ടുള്ള മരങ്ങൾ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുറിച്ചു നീക്കുന്നത് നാട്ടുകാർ തടയുകയാണുണ്ടായത്. അമ്പലപ്പുഴ എസ്‌ഐ ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുകളിൽ നൽകിയിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കിയശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ ഞങ്ങൾ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Title:കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി നേതാക്കള്‍ എന്ന വാർത്തയുടെ യാഥാർഥ്യം…
Fact Check By: Vasuki SResult: Mixture
