‘സ്‌കൂളിൽ മികച്ച ഉച്ചഭക്ഷണമൊരുക്കാൻ കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ’ എന്ന് തെറ്റായ പ്രചാരണം
വിവരണം
സ്‌കൂൾ കുട്ടികൾക്ക് മികച്ച ഉച്ചഭക്ഷണം.. കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ എന്ന വാർത്തയുമായി ഒരു പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വാർത്തയെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പോസ്റ്റിലില്ല.
archived link | FB post |
പൊതു വിദ്യാഭ്യാസ രംഗം ഏറ്റവും മികച്ചത് കേരളത്തിലേതാണെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിലയിരുത്തിയിരുന്നു. 1984 മുതലാണ് കേരള സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്താൻ ആരംഭിച്ചത്. ഇടയ്ക്ക് ചെറിയ തടസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കേരളത്തിൽ മാറിവന്ന സർക്കാരുകൾ വിജയിച്ചിട്ടുണ്ട്. തുടക്കത്തിൽ കഞ്ഞിയും പയറും ആയിരുന്ന ഉച്ചഭക്ഷണം ഇപ്പോൾ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്ന പോഷക ആഹാരങ്ങൾ ഉൾപ്പെടുത്തി സമ്പന്നമാക്കിയിട്ടുണ്ട്. സ്‌കൂളിൽ ഉച്ചഭക്ഷണം നൽകുന്നതിന് കേരളത്തിന് കേന്ദ്രസഹായം ലഭിക്കാറുണ്ട് എന്ന കാര്യം വാസ്തവമാണ്. ഓരോ വര്‍ഷവും നിശ്ചിത സമയത്ത് ഫണ്ട് കൈമാറുകയാണ് പതിവ്.
എന്നാൽ പോസ്റ്റിൽ പറയുന്നപോലെ 13 കോടി അധികം അനുവദിക്കുന്നതായി ഇതുവരെ വാർത്തകളില്ല. ഈ വാർത്തയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഓൺലൈനിൽ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും കേന്ദ്ര- സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകളിലും 13 കോടി രൂപയുടെ സഹായം സ്‌കൂൾ ഉച്ചഭക്ഷണത്തിന് അനുവദിച്ചതായി വാർത്തകളില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണത്തിന് 342 കോടിയുടെ കേന്ദ്ര സഹായത്തിന് അനുമതി ലഭിച്ചതായി വാർത്തയുണ്ട്.
തുടർന്ന് വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാർ കെ പി ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: കേന്ദ്ര സഹായത്തെ പറ്റി ഇങ്ങനെയൊരു അറിയിപ്പ് ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് വെറുതെയുള്ള പ്രചാരണമാണ്. പുതിയ സാമ്പത്തിക വർഷത്തെ ഫണ്ടുകൾ തീരുമാനിക്കാനും അനുവദിയ്ക്കാനും ഇനിയും സമയമെടുക്കും. കഴിഞ്ഞ വർഷം വരെയുള്ള കേന്ദ്രഫണ്ടിന്‍റെ വിവരങ്ങൾ മാത്രമാണ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഈ 13 കോടിയുടെ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ് എന്നാണ്. കേരളത്തില്‍ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 13 കോടി അധികം അനുവദിച്ചെന്ന് കേന്ദ്ര-സംസ്ഥാന തലത്തിൽ അറിയിപ്പുകളൊന്നും തന്നെയില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കേരളത്തിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി കേന്ദ്ര സർക്കാർ 13 കോടി അധികം അനുവദിച്ചതായി ആധികാരികതയുള്ള അറിയിപ്പുകൾ ഇതുവരെയില്ല. ഇത്തരത്തിലുള്ള വാർത്തകൾ തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്നവയാണ്.
Title:‘സ്‌കൂളിൽ മികച്ച ഉച്ചഭക്ഷണമൊരുക്കാൻ കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ’ എന്ന് തെറ്റായ പ്രചാരണം
Fact Check By: Vasuki SResult: False