
വിവരണം
പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കൊപ്പം കയറി ഒരു വ്യക്തി ഇവിഎമ്മില്‍ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പരിശോധിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ ബൂത്ത് പിടുത്തം ആരോപിച്ചാണ് പ്രധാനമായും ഇത് പ്രചരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഏറെ വൈറലായിരുന്നു ഈ വീഡിയോ. ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയിലുള്ളത് ബിജെപി എംഎല്‍എ അനില്‍ ഉപാധയയാണെന്നാണ് പ്രചരിപ്പിക്കുന്നവരുടെ അവകാശവാദം. വെള്ള കുര്‍ത്ത ധരിച്ച വ്യക്തിയെയാണ് അനില്‍ ഉപാധയ എന്ന പേര് നല്‍കി ആരോപണം ഉന്നയിക്കുന്നത്. ലെനില്‍ ക്ലീറ്റസ് എന്ന ഒരു വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പ്രചരിപ്പിച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രാകരാണ് (ഒരു വാട്‌സാപ്പ് സ്ക്രീന്‍ഷോട്ടാണ് തലക്കെട്ടായി നല്‍കിയിരിക്കുന്നത്)
“ബിജെപി എംഎല്‍എ അനില്‍ ഉപാധയ..
Mr. മോഡി.. ഈ പ്രവര്‍ത്തനത്തെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു.. ഈ വീഡിയോയെ വൈറലാക്കി മാറ്റുക.. അങ്ങനെ ഇന്ത്യ മുഴുവന്‍ കാണട്ടെ.”.

വീഡിയോ ഇതുവരെ 47,000ല്‍ അധികം പേര്‍ പങ്കുവയ്ക്കുകയും ഒരു മില്യണ്‍ പേരിലധികം കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോയിലുള്ളത് ബിജെപി എംഎല്‍എ തന്നെയാണോ? അനില്‍ ഉപാധയ എന്ന പേരില്‍ ബിജെപിയില്‍ ഒരു എംഎല്‍എയുണ്ടോ? വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്നത് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഞങ്ങള്‍ അനില്‍ ഉപാധയ എന്ന പേരില്‍ ബിജെപിയില്‍ ഒരു എംഎല്‍എ ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. എന്നാല്‍ അത്തരമൊരു പേരില്‍ ബിജെപിയില്‍ ഒരു എംഎല്‍എ ഇല്ലെന്നാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മാത്രമല്ല അനില്‍ ഉപാധ്യായ എന്ന പേരില്‍ ഇതെ വീഡിയോ ട്വീറ്ററില്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചപ്പോള്‍ ബിജെപി എംഎല്‍എ അനില്‍ ഉപാധയ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ ഉപാധ്യായ ആയി മാറിയെന്നതാണ് മറ്റൊരു രസകരമായ കണ്ടെത്തല്‍. എന്നാല്‍ കോണ്‍ഗ്രസിലും ഈ പേരില്‍ ഒരു എംഎല്‍എ ഇല്ലന്നും ഇന്‍റര്‍നെറ്റില്‍ നടത്തിയ തിരച്ചിലില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. പിന്നെ വീഡിയോയില്‍ പ്രചരിക്കുന്ന വ്യക്തിയാരാണ്.
ഏപ്രില്‍ 18 (2019) റിപബ്ലിക് ടിവി ബ്രേക്കിങ് ന്യൂസായി പുറത്തുവിട്ട ഒരു വാര്‍ത്തയിലുള്ള ദൃശ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അനില്‍ ഉപാധയ, അനില്‍ ഉപാധ്യായ എന്ന രണ്ടു പേരുകളില്‍ പേരില്‍ കോണ്‍ഗ്രസ്-ബിജെപി എംഎല്‍എ എന്നൊക്കെയുള്ള വ്യാജേന പ്രചരിക്കുന്നത്. വെസ്റ്റ് ബംഗാളിലെ ഇസ്‌ലാംപൂര്‍ എന്ന സ്ഥലത്ത് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടക്കുന്നു എന്ന തലക്കെട്ട് നല്‍കിയായിരുന്നു റിപബ്ലിക് ടിവി വാര്‍ത്ത പുറത്ത് വിട്ടിരുന്നത്. വാര്‍ത്തയുടെ വീഡിയോ ദൃശ്യം ചുവടെ ചേര്‍ക്കുന്നു.

ഇതോടെ വീഡിയോയില്‍ പ്രചരിക്കുന്ന വ്യക്തി ബിജെപി എംഎല്‍എ അല്ലെന്നും എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവാണെന്നും വ്യക്തമായി കഴിഞ്ഞു. ബൂത്ത് പിടുത്തം ആരോപിക്കപ്പെട്ട ത്രിണമൂല്‍ നേതാവിന്‍റെ പേര് ഹമീസുദ്ദീന്‍ എന്നാണെന്നും ഇയാളുടെ വിശീദകരണം സംബന്ധിച്ച് EtvBharat വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു. പുതിയ വോട്ടര്‍മാര്‍ക്ക് ഇവിഎമ്മില്‍ എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്ന് കാണിച്ചുകൊടുക്കുകമാത്രമാണ് താന്‍ ചെയ്‌തതെന്നായിരുന്നു ത്രിണമൂല്‍ നേതാവിന്‍റെ പ്രതികരണമെന്നും ഇ ടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോകളിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ബിജെപി എംഎല്‍എ അല്ല വീഡിയോയില്‍ ഉള്ളതെന്നും വ്യക്തമായിട്ടുണ്ട്.
അനില്‍ ഉപാധ്യായ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്‍റെ പേരില്‍ പലതരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു നേതാവോ എംഎല്‍എയോ എംപിയോ ബിജെപിയിലോ കോണ്‍ഗ്രസിലോ ഇല്ലായെന്നതാണ് വാസ്‌തവം. അനില്‍ ഉപാധ്യായയുടെ പേരില്‍ പ്രചരിച്ച പല വാര്‍ത്തകളുടെ വസ്തുത പരിശോധന നടത്തിയതിന്‍റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു-
Congress MLA praises BJP | Anil Upadhyay beats a Dalit boy |
Boom | Boom |
നിഗമനം
അനില്‍ ഉപാധയ അല്ലെങ്കില്‍ അനില്‍ ഉപാധ്യായ എന്ന പേരില്‍ ബിജെപിയില്‍ ഒരു എംഎല്‍എയോ എംപിയോ ഇല്ലെന്നതാണ് വാസ്‌തവം. പ്രചരിക്കുന്ന വീഡിയോയിലുള്ളത് വെസ്റ്റ് ബംഗാളിലെ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവാണെന്നും കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Title:അനില്‍ ഉപാധയ എന്ന ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടന്നോ?
Fact Check By: Harishankar PrasadResult: False
