
വിവരണം
കേന്ദ്രത്തിന്റെ റിപ്പബ്ലിക്ദിന സമ്മാനം.
CAA, NRC രജിസ്റ്റർ നമ്പർ പാസ്സ്പോർട്ടിൽ നിർബന്ധം… എന്നൊരു വാർത്ത ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത തന്നെ വസ്തുതാപരമായി തെറ്റാണ്. പൗരത്വ ഭേദഗതി ബിൽ ഒരു നിയമമാണ്. അതിലൂടെ ഒരു നമ്പറും പൗരന്മാർക്ക് ലഭിക്കില്ല. ഇതിനു മുമ്പ് മറ്റൊരു വാർത്ത ഇത്തരത്തിൽ പ്രചരിച്ചിരുന്നു. “പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല ” എന്നതായിരുന്നു ആ വാർത്ത. ഈ വാർത്ത തെറ്റായ പ്രചാരണമാണെന്ന് വസ്തുതാ അന്വേഷണം നടത്തി ഞങ്ങൾ കണ്ടെത്തിയിരുന്നു. സമാനതയുള്ള വാർത്ത തന്നെയാണ് CAA, NRC രജിസ്റ്റർ നമ്പർ പാസ്സ്പോർട്ടിൽ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം വന്നു എന്ന തരത്തിലുള്ളത്.

archived link | FP post |
ഇത്തരത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വന്നോ എന്ന് അന്വേഷണത്തിലൂടെ നമുക്ക് അറിയാം
വസ്തുതാ വിശകലനം
ആദ്യം നമുക്ക് CAA , NCR, NPR ഇവ എന്താണെന്ന് നോക്കാം.
പൗരത്വ ഭേദഗതി ബിൽ (CAA)
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്‍റിന്‍റെ നിയമമാണ് പൗരത്വ (ഭേദഗതി) നിയമം. നിയമ പ്രകാരം 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നില്ല. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്‍റെ കുറഞ്ഞ കാലാവധി കുറഞ്ഞത് 11 വർഷം എന്നതിൽനിന്നും കുറഞ്ഞത് 5 വർഷം ആയി ഈ നിയമം മൂലം കുറയും. അതാതു രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലീങ്ങള്‍ക്ക് ഈ നിയമ ഇളവ് ലഭിക്കില്ല.
പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും നിയമപദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പാർലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയ ഒരു നിയമം മാത്രമാണ്. പൗരന്മാർക്ക് ഇത് സംബന്ധിച്ച് നമ്പറുകളൊന്നും ലഭിക്കില്ല. പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്തയില്‍ വസ്തുതാപരമായി തെറ്റുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ
പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കു ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ റജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens). ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ ആദ്യ രൂപം ഉണ്ടാകുന്നത് 1951 ലാണ്, ആ വർഷത്തെ സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. രാജ്യത്ത് ഇപ്പോള്‍ എൻ.ആർ.സി.യുള്ള ഏക സംസ്ഥാനം അസമാണ്. ആ വർഷത്തെ സെൻസസ് നടത്തിയതിന് ശേഷം ദേശീയ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കി. സെൻസസ് സമയത്തുള്ള എല്ലാ വ്യക്തികളുടെയും വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകള്‍ പ്രകാരം എൻആർസി അപ്‌ഡേറ്റ് പ്രക്രിയ 2015 ൽ ആസാമിൽ ആരംഭിച്ചു.
1971 മാർച്ച് 24-നുശേഷം തങ്ങൾ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമർപ്പിക്കുന്നവർക്കേ എൻ.ആർ.സി.യിൽ ഇടംപിടിക്കാനാവൂ.
2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻ.ആർ.സി.യിൽ മാറ്റം വരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാർ. അക്കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം എൻ.ആർ.സി. പുതുക്കൽ പൂർത്തിയാക്കാനായില്ല.
സന്നദ്ധസംഘടനയായ അസം പബ്ലിക് വർക്സ് (എ.പി.ഡബ്ല്യു.) നൽകിയ ഹർജിയെത്തുടർന്ന് എൻ.ആർ.സി. പുതുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അതേത്തുടർന്ന് എൻ.ആർ.സി.യുടെ ആദ്യ കരട് കഴിഞ്ഞവർഷം ഡിസംബറിൽ പുറത്തിറക്കി
അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്ന് ഔദ്യോഗികഭാഷയിൽ ഡി വോട്ടർ (സംശയാലുവായ വോട്ടർ) എന്നതിന് നിർവ്വചനം. ഇങ്ങനെയുള്ള ഡി വോട്ടർമാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവർ. ഇവരിൽ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം.
ഫോറിൻ ട്രൈബ്യൂണൽ എന്ന സംവിധാനം വഴിയാണ് പൗരത്വം തെളിയിക്കാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നത്. ഇത്തരം 100 ട്രൈബ്യൂണലുകളാണ് അസമിൽ ഉള്ളത്. ഇവർ ഗുവഹത്തി ഹൈക്കോടതിയുടെ ഡിവിഷണൽ ബഞ്ചിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നാഷണൽ രജിസ്ട്രാർ ഓഫ് സിറ്റിസൺസ് അന്തിമ തീരുമാനമെടുക്കുന്നത്.
ഇത് ആസ്സാമിലാണ് ഇപ്പോൾ നടപ്പിലാക്കി തുടങ്ങിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊന്നും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന് പറ്റി ധാരണ ആയിട്ടില്ല. മാത്രമല്ല, കേരളത്തിൽ രജിസ്റ്റർ നടപ്പിലാക്കില്ല എന്ന് സംസ്ഥാന സർക്കാർ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ജനസംഖ്യ രജിസ്റ്റർ
ദേശീയ പോപ്പുലേഷൻ രജിസ്റ്റർ (എൻപിആർ) രാജ്യത്തെ സാധാരണ താമസക്കാരുടെ രജിസ്റ്ററാണ്. പൗരത്വ നിയമം 1955, പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷൻ, ദേശീയ തിരിച്ചറിയൽ കാർഡുകളുടെ ഇഷ്യു) ചട്ടങ്ങൾ, 2003 എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ഇത് തയ്യാറാക്കുന്നു. ഇന്ത്യയിലെ ഓരോ സാധാരണ താമസക്കാരനും എൻപിആറിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കഴിഞ്ഞ 6 മാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത 6 മാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന വിഭാഗത്തിലാണ് ജനസംഖ്യാ രജിസ്റ്റര്‍ കണക്കാക്കുക.
രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്‍റെയും സമഗ്രമായ ഐഡന്‍റിറ്റി ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ് എൻപിആറിന്‍റെ ലക്ഷ്യം. ഡാറ്റാബേസിൽ ഡെമോഗ്രാഫിക്, ബയോമെട്രിക് വിശദാംശങ്ങൾ അടങ്ങിയിരിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ധാരണയായിട്ടുണ്ട്. എന്നാൽ ഇതിനുള്ള സെൻസസ് നടപടികൾ ആരംഭിക്കാൻ പോകുന്നതേയുള്ളു. സെൻസസ് പൂർത്തിയായ ശേഷം പൗരന്മാർക്ക് പൗരത്വ നമ്പർ ഉള്ള കാർഡ് ലഭിക്കും. സർക്കാർ തലത്തിൽ ഇവ പൂർത്തിയാകാൻ കാലതാമസമുണ്ടാകും. ഈ നാടാക്രമങ്കല്‍ പൂര്‍ത്തിയായി ഓരോ പൌരന്‍മാര്‍ക്കും പൌരത്വ നംബര്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ അത് ഉപയോഗത്തില്‍ കൊണ്ടുവരാണ്‍ സാധിക്കൂ.
പോസ്റ്റിലെ വാര്ത്ത സത്യമാണെന്ന് ധരിച്ച് നിരവധിപ്പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

പോസ്റ്റിലുള്ള വാർത്ത മാധ്യമങ്ങളാരും നൽകിയിട്ടില്ല. ദേശീയ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും വാർത്തയില്ല. അതിനാൽ ഈ വാർത്തയുടെ യാഥാർഥ്യം അറിയാനായി ഞങ്ങൾ പാസ്സ്‌പോർട്ട് സേവാ കേന്ദ്രയിൽ ആദ്യം അന്വേഷിച്ചു. സേവാകേന്ദ്രയുടെ മലപ്പുറം സെന്‍റർ ഹെഡ് മനോജ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്. “പൌരത്വം സംബന്ധിച്ച നമ്പറുകൾ ഇനിമുതൽ പാസ്സ്പോർട്ടിൽ അപ്‌ഡേറ്റ് ചെയ്യണമെന്നുള്ള യാതൊരു നിർദ്ദേശങ്ങളോ വിജ്ഞാപനമോ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതുവരെ എങ്ങനെയാണോ പാസ്പോര്‍ട്ട് നല്കിയിരുന്നത് ആ നടപടിക്രമം ത്തന്നെയാണ് ഇപ്പൊഴും ഞങ്ങള്‍ പിന്തുടരുന്നത്. ഇക്കാര്യം സത്യമാണോ, ഞങ്ങൾ പൌരത്വ നംബര്‍ ചേര്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ച് ഈ വാർത്ത വിശ്വസിച്ചവർ കുറേപ്പേർ ഇവിടെ അന്വേഷിച്ചു വരുന്നുണ്ട്. അവരെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കി ഞങ്ങൾ തിരിച്ചു വിടുകയാണ്”.
പാസ്‌പോർട്ടിൽ പൗരത്വ നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന് വല്ല നിർദേശവും സർക്കാർ പുറപ്പെടുവിച്ചോ എന്നറിയാനായി ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് പരിശോധിച്ച് നോക്കി. അതിൽ ഇങ്ങനെയൊരു കാര്യം നൽകിയിട്ടില്ല. മന്ത്രാലയത്തിന്‍റെ തീരുമാനങ്ങളും വിജ്ഞാപനങ്ങളുമെല്ലാം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. പാസ്പ്പോർട്ടിൽ NCR നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇത്തരത്തിൽ യാതൊരു തീരുമാനങ്ങളും മന്ത്രാലയം എടുത്തിട്ടില്ലെന്നും അവിടെ ഉദ്യോഗസ്ഥയായ ലതിക ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ വ്യാജ വാർത്തകളാണെന്നും ലതിക പറഞ്ഞു.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പാസ്‌പോർട്ടിൽ പൗരത്വ രജിസ്റ്റർ നമ്പർ പുതുവർഷം മുതൽ നിർബന്ധമാക്കിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ വെറും അഭ്യൂഹങ്ങൾ മാത്രമാണ്.

Title:പാസ്പ്പോർട്ടിൽ ഇനിമുതൽ പൗരത്വ നമ്പർ നിർബന്ധമാക്കി എന്ന പ്രചാരണം തെറ്റാണ്…
Fact Check By: Vasuki SResult: False
