BFF എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമോ?

സാമൂഹികം

വിവരണം

കമന്‍റ് ബോക്‌സില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യു.. പച്ച നിറം വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്.. ഇത്തരം ഒരു പ്രചരണം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചിത്രം സഹിതമാണ് ഇത്തരമൊരു പോസ്റ്റ് ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള ഒരു പേജില്‍ ജൂണ്‍ 24ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 173ല്‍ അധികം ലൈക്കുകളും, 1,400ല്‍ അധികം കമന്‍റുകളും, 12ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Archived Link

എന്നാല്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പച്ച നിറം തെളിയുമോ? അങ്ങനെ തെളിഞ്ഞാല്‍ അക്കൗണ്ട് സുരക്ഷിതമാണെന്നാണോ അര്‍ത്ഥം? എന്താണ് ബിഎഫ്എഫിന്‍റെ ഫുള്‍ ഫോം? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

2018ല്‍ തന്നെ ഈ പ്രചരണത്തിനെതിരെ ഹോക്‌സ് സ്ലേയര്‍, ഇന്ത്യാ ടുഡേ എന്നീ വെബ്‌സൈറ്റുകളില്‍ വസ്‌തുത പരിശോധന നടത്തിയതായി ഗൂഗിള്‍ സര്‍ച്ചില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നുണ്ട്. പ്രചരണം പൂര്‍ണമായി വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹോക്‌സ് സ്ലേയറിന്‍റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്-

ഫെയ്‌സ്ബുക്ക് ഡേറ്റകള്‍ സുരക്ഷിതമല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു പ്രചരണം ഇന്‍റര്‍നെറ്റില്‍ വൈറലായത്. ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്‌ത ശേഷം കമന്‍റ് ബോക്‌സില്‍ എന്‍റര്‍ ചെയ്യുമ്പോള്‍ അക്ഷരം പച്ചനിറമായി മാറിയാല്‍ അതിനര്‍ത്ഥം നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണെന്നാണ് അവകാശവാദം. എന്നാല്‍ ബിഎഫ്എഫ് എന്ന വാക്കിന്‍റെ അര്‍ത്ഥം ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്നാണ്. ഒരു സുഹൃത്തിനോട് സ്നേഹപ്രകടനം നടത്താനായി ഉപയോഗിക്കുന്ന ചുരക്കവാക്കാണ് ഇത്. ന്യൂ ഓക്‌സ്ഫോര്‍ഡ് അമേരിക്കന്‍ ഡിക്‌ഷണറിയില്‍ 1996 മുതല്‍ ബിഎഫ്എഫ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. 

ഹോക്‌സ് സ്ലേയര്‍ റിപ്പോര്‍ട്ട്-

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്-

മാത്രമല്ല ഇംഗ്ലിഷില്‍ xoxo അല്ലെങ്കില്‍ മലയാളത്തില്‍ ഉമ്മ, ആശംസകള്‍ എന്നൊക്കെ ടൈപ്പ് ചെയ്യുമ്പോഴും ഇത്തരത്തില്‍ അക്ഷരങ്ങള്‍ക്ക് നിറം മാറാറുണ്ട്. അതില്‍ ടച്ച് അല്ലെങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹൃദയചിഹ്നം അല്ലെങ്കില്‍ ഹസ്‌തദാനം ചെയ്യുന്ന ഗ്രാഫിക്‌സുകളും കാണാന്‍ സാധിക്കും. ഇതൊക്കെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം അനുമോദിക്കാനും സ്നേഹപ്രകടനം നടത്താനുമൊക്കെയുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. കൂടാതെ ഇപ്പോള്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ നിറം മാറാറില്ല. ഫെയ്‌സ്ബുക്കില്‍ നിന്നും ആ ഒപ്ഷന്‍ ഒഴിവാക്കിയതായി കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

എന്താണ് ബിഎഫ്എഫ് എന്ന് വ്യക്തമാക്കുന്ന യൂ ട്യൂബ് വീഡിയോ-

Archived LinkArchived Link

നിഗമനം

ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്നതിന്‍റെ ചുരുക്കവാക്കായി ഉപയോഗിക്കുന്ന ബിഎഫ്എഫ് എന്ന പദത്തിന് ഫെയ്‌സ്ബുക്ക് സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സുക്കര്‍ബര്‍ഗിന്‍റെ ചിത്രം ഉപയോഗിച്ച് നടത്തുന്ന നുണപ്രചരണമാണിതെന്നും കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:BFF എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമോ?

Fact Check By: Dewin Carlos 

Result: False