
വിവരണം
“എവിടെ അന്ന ഹസാരെ എവിടെ ഡുണ്ടു മോള്‍..!!! കപ്പ പുഴുങ്ങിയവര്‍ക്കും, വണ്ടി തള്ളി നടന്നവര്‍ക്കും, ദോശ ചുട്ടവര്‍ക്കും മിണ്ടാട്ടമില്ല കാരണം കോണ്‍ഗ്രസ്സല്ല ഇന്ത്യ ഭരിക്കുന്നത്. ” എന്ന വാചകവുമായി 2008ല്‍ കോണ്‍ഗ്രസ് സര്‍ക്കാറുള്ള കാലത്ത് പാചകവാതക സിലിണ്ടറിന്‍റെ വിലയും ഇന്ന് ബിജെപി സര്‍ക്കാരിന്‍റെ കാലത്തെ പാചകവാതക സിലിണ്ടറിന്‍റെ വിലയും താരതമ്യം ചെയ്യുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍ പാചകവാതക സിലിണ്ടറിന്‍റെ വില 344.75 രൂപയായിരുന്നു. ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പാചകവാതക സിലിണ്ടറിന്‍റെ വില 1011 രൂപയായി എന്നാണ് പോസ്റ്റുകളില്‍ വാദിക്കുന്നത്. ഇത് പോലെയുള്ള ഒരു പോസ്റ്റിന്റെ സ്ക്രീന്ഷോട്ട് നമുക്ക് താഴെ കാണാം.
Archived Link |
എന്നാല്‍ നിലവില്‍ പാചകവാതക സിലിണ്ടറിന്‍റെ വില 1000 രൂപയിലധികം കൂടിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഇതിന് മുമ്പേയും ഇത് പോലെയുള്ള ഒരു പോസ്റ്റ് ഞങ്ങള്‍ വസ്തുത അന്വേഷണം ചെയ്തിരുന്നു. മാര്‍ച്ച് മാസത്തില്‍ ഞങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ വെബ്സൈറ്റില്‍ 2013 മുതല്‍ 2019 വരെ പാചകവാതക സിലിണ്ടറിന്‍റെ വില നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ ഗ്രാഫില്‍ സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്‍റെ നിരക്കുകളാണ് നാം കാണുന്നത്. 2014നു ശേഷം പാചകവാതക സിലിണ്ടറിന്‍റെ വില ആയിരം കടന്നിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വെബ്സൈറ്റ് പ്രകാരം ഇന്നത്തെ വിലകള്‍ താഴെ നല്‍കിയിട്ടുണ്ട്:
തിരുവനന്തപുരത്ത് ഡിസംബര്‍ നാലിന് പാചകവാതക സിലിണ്ടറിന്‍റെ വില 692.50 രൂപയാണ്.
Good Returns | Archived Link |
2008ല്‍ പാചകവാതകം സിലിണ്ടറിന്‍റെ നിരക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് റെഡിഫ് ഡോട്ട് കോമില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം മാത്രമേ ലഭിചുള്ളൂ. ഈ ലേഖനം അനുസരിച്ചു പോസ്റ്റില്‍ പറയുന്ന പോലെ 2008ല്‍ പാചകവാതക സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 344.75 രൂപയായി വര്‍ദ്ധിച്ചിരുന്നു.
Rediff | Archived Link |
2008ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പാചകവാതക സിലിണ്ടറിന്‍റെ നിരക്ക് 294.75 ആയിര്‍ക്കുമ്പോള്‍, 50 രൂപ വില വര്‍ധിച്ചു എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. പാചകവാതക സിലിണ്ടറിന്‍റെ വില 2013ല്‍, അതായത് കോണ്‍ഗ്രസ് ഭരണത്തിന്‍റെ അവസാനത്തെ കോളത്തില്‍ ആയിരം രൂപ വരെ പോയിരുന്നു.
നിഗമനം
പോസ്റ്റില്‍ കാണിക്കുന്ന പോലെ നിലവില്‍ പാചകവാതക സിലിണ്ടറിന്‍റെ നിരക്ക് ആയിരം മറികടന്നിട്ടില്ല. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്‍റെ നിരക്ക് ആയിരം കവിഞ്ഞത് 2013-14ലായിരുന്നു. പക്ഷെ 2008ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ പാചകവാതക സിലിണ്ടറിന്‍റെ നിരക്ക് 344.75 ആയിരുന്നു എന്നത് വസ്തുതയാണ്. അതിനാല്‍ ഈ പോസ്റ്റ് ഭാഗികമായി തെറ്റാണ് എന്ന് അനുമാനിക്കാം.

Title:2019ല്‍ പാചകവാതക സിലിണ്ടറിന്‍റെ വില 1011 രൂപയായി എന്ന് വാദിക്കുന്ന പോസ്റ്റുകള്‍ തെറ്റാണ്…
Fact Check By: Mukundan KResult: Partly False
