ഐലക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും  കോണ്‍ഗ്രസിൽ  ചേർന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം…

ദേശീയം | National രാഷ്ട്രീയം | Politics

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഐലക്കരയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും  കോണ്‍ഗ്രസിൽ  ചേർന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പഴയ സിപിഐഎം ഓഫീസ് കോൺഗ്രസ്സ് ഓഫീസാക്കി മാറ്റിയെന്നും ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും സിപിഎം പാർട്ടി വിട്ടുമെന്നുമാണ് പ്രചരണം. കോൺഗ്രസ്സ് ചിഹ്നമായ കൈപ്പത്തി അടയാളവും ത്രിവർണ്ണ നിറവും പതിപ്പിച്ച ഓഫീസ് മുറിക്ക് മുന്നില് ഫോട്ടോ എടുക്കാന് നിറന്നിരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചിത്രമാണ് പ്രചരിക്കുന്നത്.

CPIM ബ്രാഞ്ച് ഓഫീസ്
ഇന്ദിര പ്രിയദർശിനി സെന്ററാവുന്ന….,

മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പ് ചിത്രത്തിന് നല്കിയിട്ടുണ്ട്. 

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ചിത്രത്തിൽ സിപിഎം ബ്രാഞ്ച് ഓഫീസ് ഐലക്കര എന്ന് കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഐലക്കര  മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലാണ് എന്ന് മനസിലായി. അതിനാൽ കൂടുതല് വ്യക്തതക്കായി ഞങ്ങൾ പഞ്ചായത്ത് അധ്യക്ഷൻ കെ റ്റി മുഹമ്മദ് ഇഖ്ബാലുമായി സംസാരിച്ചു. “സിപിഎം നേരത്തെ ഉപയോഗിച്ചിരുന്ന കെട്ടിടം പിന്നീട് കോണ്‍ഗ്രസ് വാടകയ്ക്കെടുത്ത് അവരുടെ ഇന്റീരിയർ ചെയ്യുന്ന സമയത്ത് സിപിഎം ഓഫീസിന്റെ പഴയ ബോര്‍ഡ് മാറ്റുന്നതിന് മുന്‍പെടുത്ത ചിത്രമാണിത്. ഇവർ ആരും കോൺഗ്രസ്സിൽ ചേർന്നതല്ല.”

പിന്നീട് ഞങ്ങൾ ഐലക്കാര സിപിഎം കമ്മറ്റിയുമായി ബന്ധപ്പെട്ടു. “ഏകദേശം ഒരു വർഷമായി ഈ ചിത്രം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില തൽപരകക്ഷികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. വാടക കെട്ടിടമാണിത്. ഞങ്ങളുടെ ഓഫീസ് അവിടെയായിരുന്നു. പിന്നീട് ഞങ്ങൾ മറ്റൊരു ഓഫീസിലേക്ക് മാറ്റി. കെട്ടിട ഉടമ അടുത്ത ആളുകൾക്ക് വാടകയ്ക്ക് കൊടുത്തു. കെട്ടിടം ഒഴിഞ്ഞു പോകുന്നതിന് മുമ്പായി എല്ലാവരും കൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്. ബോർഡ് മാറ്റിയിരുന്നില്ല, അപ്പോഴേക്കും ഞങ്ങൾക്ക് ശേഷം വാടകയ്ക്ക് എടുത്ത കോൺഗ്രസ്സ് അവരുടെ ചിഹ്നവും പതാകയും ഉപയോഗിച്ച് ഓഫീസ് അലങ്കരിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ ബ്രാഞ്ചിൽ നിന്നും ആരും കോൺഗ്രസ്സിലേക്ക് പോയിട്ടില്ല. ഓഫീസ് കോൺഗ്രസ്സിന് നല്കിയിട്ടുമില്ല.”

വ്യാജ പ്രചരണം വൈറലായപ്പോൾ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രനും വികെ റൗഫും സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2023 സെപ്തംബര്‍ 12ന് പങ്കുവെച്ച വീഡിയോ കാണാം. 

ഐലക്കര സിപിഎം ഓഫീസും ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും കോൺഗ്രസ്സിൽ ലയിച്ചു എന്ന തരത്തിൽ നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ഐലക്കര സിപിഎം ഓഫീസും ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും കോൺഗ്രസ്സിൽ ലയിച്ചു എന്ന തരത്തിൽ നടത്തുന്ന പ്രചരണം തെറ്റാണ്. പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് സിപിഎം ഓഫീസ് മറ്റൊരിടത്തേക്ക് ഓഫീസ് മാറ്റുകയും പിന്നീട് കോൺഗ്രസ്സ് പാർട്ടി അതേ കെട്ടിടം വാടകയ്ക്ക് എടുക്കുകയുമുണ്ടായി. സിപിഎം ഓഫീസിന്റെ ബോർഡ് മാറ്റുന്നതിന് മുമ്പായി, കോൺഗ്രസ്സ് ഓഫീസ് അലങ്കരിക്കുന്നതിനിടയിൽ സിപിഎം ബ്രാഞ്ച് അംഗങ്ങൾ എല്ലാവരും ചേർന്ന് നേരംപോക്കിനായി എടുത്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. സിപിഎം അംഗങ്ങൾ ആരും കോൺഗ്രസ്സിൽ ചേർന്നിട്ടില്ല, പാർട്ടി ഓഫീസ് കോൺഗ്രസ്സിന് നല്കിയിട്ടുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഐലക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും കോണ്‍ഗ്രസിൽ ചേർന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം…

Written By: DrabantiGhosh 

Result: False