
വിവരണം
വള്ളിക്കുന്ന് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരളത്തിന്റെ ‘മെട്രോമാൻ’ എന്നറിയപ്പെടുന്ന ഡോ . ഇ ശ്രീധരനെയും ചിത്രങ്ങളും ഒപ്പം ഡോ. ഇ ശ്രീധരന്റെ പ്രസ്താവനയായി ” കരുത്തനായ ഒരു മുഖ്യനുണ്ട് കേരളത്തിന്. കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കാതെ ഒന്നിച്ചു നിൽക്കുക. നമ്മൾ അതിജീവിക്കും പ്രളയത്തെയും ഒപ്പം രാഷ്ട്രീയ വിഷജന്തുക്കളെയും…” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. “കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കാതെ കരുത്തനായ മുഖ്യമന്ത്രിയുടെ കൂടെ ഒന്നിച്ചു നിൽക്കുക നമ്മൾ അതിജീവിക്കും ??” എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്.

archived link | FB post |
ഡോ. ഇ ശ്രീധരൻ ഇത്തവത്തെ പ്രളയ സമയത്ത് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിരുന്നോ ..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ അദ്ദേഹം ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയത് എന്ന് വ്യക്തമാക്കുന്നില്ല. ഏതെങ്കിലും വാർത്താ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചതാങ്കിണെൽ അതിന്റെ ലിങ്കുകള്‍ നല്‍കിയിട്ടില്ല. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അദ്ദേഹം നേരിട്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതാണോ എന്നും പോസ്റ്റിൽ വ്യക്തമല്ല.
അതിനാൽ ഞങ്ങൾ വാർത്താ മാധ്യമങ്ങളിൽ അദ്ദേഹത്തെ പറ്റി വാർത്തകൾ തിരഞ്ഞു. എന്നാൽ ഒടുവിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്ത താഴെ കൊടുക്കുന്നു. പോസ്റ്റിൽ അദ്ദേഹത്തിന്റെ പേരിൽ നൽകിയിരിക്കുന്ന പ്രസ്താവനയ്ക്ക് എതിരാണ് അദ്ദേഹം പ്രളയ വിഷയത്തിൽ അഭിപ്രായപ്പെട്ടിട്ടുള്ളതായി വാർത്തയിൽ കാണാൻ സാധിക്കുന്നത്.

archived link | mathrubhumi |
ഞങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റർ അക്കൗണ്ട് എന്നിവ പരിശോധിച്ച് നോക്കി. എന്നാൽ അദ്ദേഹം സോഷ്യല്‍ മീഡിയയിൽ തീരെ സജീവമല്ല. തുടർന്ന് ഞങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഡോ. എ ശ്രീധരന് ക്ഷേത്ര ദർശനം നടത്തുന്ന തിരക്കിലായതിനാൽ അദ്ദേഹത്തിന്റെ സെക്രട്ടറിയാണ് ഞങ്ങളോട് സംസാരിച്ചത്. “ശ്രീധരൻ സാർ ഇത്തരത്തിലൊന്നും ആരോടും പറയില്ല. ഇത് അദ്ദേഹത്തിന്റെ ഭാഷയല്ല. പറയാനുള്ളത് എവിടെയും തുറന്നു പറയാൻ ആർജ്ജവമുള്ളയാളാണ് ശ്രീധരൻ സാർ. എന്നാൽ നല്ല ഭാഷയിലെ പറയൂ. ഞാൻ ഉറപ്പിച്ചു പറയാം ഇത് അദ്ദേഹത്തിന്റെ പ്രസ്താവനയല്ല.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഡോ. ഇ ശ്രീധരൻ പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:ഡോ. ഇ ശ്രീധരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ…?
Fact Check By: Vasuki SResult: False
