വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.. വസ്‌തുത അറിയാം..
വിവരണം
വയനാട് ദുരിതാശ്വാസം പണം വകമാറ്റിയെന്ന് പരാതി, യൂത്ത് കോണ്‍ഗ്രസില്‍ പോര് എന്ന തലക്കെട്ട് നല്‍കി 24 ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം നല്‍കിയാണ് 24 ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന പേരിലാണ് പ്രചരണം. സാമ്പത്തിക തട്ടിപ്പില്‍ രഹുല്‍ ഉള്‍പ്പടെ ആരോപണ വിധേയനാണെന്ന പേരിലാണ് പോസ്റ്റുകള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 24 ന്യൂസ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം സഹിതമാണോ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്ത അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രമല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പകരം യൂത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ പതാകയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 24 ന്യൂസ് വെബ്‌ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണവിധേയനാണെന്ന തരത്തില്‍ വ്യാജമായി എഡിറ്റ് ചെയ്ത ചിത്രമാണെന്ന് പ്രചരിക്കുന്നതെന്നും ഇത് തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും അവവര്‍ പറഞ്ഞു. ഈ പ്രചരണം വ്യാജമാണെന്ന് വിശദീകരിച്ച് 24 ന്യൂസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇതാണ്-
യഥാര്‍ത്ഥത്തില്‍ 24 ന്യൂസ് പങ്കുവെച്ച വാര്‍ത്തയിലെ ചിത്രം ഇതാണ്. സ്ക്രീന്‍ഷോട്ട് ഇതാണ് -
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ ചേളന്നൂര്‍ മണ്ഡലം കമ്മിറ്റിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ ചേളന്നൂര്‍ മണ്ഡലം കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ പരാതിയുടെ പകര്‍പ്പും ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന് ലഭിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ധനസമാഹരണത്തില്‍ സഹകരിക്കാതെ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായ സനൂജ് കുരുവട്ടൂരിന്‍റെ പേരില്‍ സമാന്തരമായി പിരിവ് നടത്തുകയും ഈ തുക ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനസ് എന്നിവര്‍ വകമാറ്റി ചെലവാക്കിയെന്നതാണ് പരാതിയുടെ ഉള്ളടക്കം. ഈ വിഷയത്തില്‍ ഈ മൂന്ന് പേര്‍ക്കെതിരെ സംഘടനാനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് കത്ത് അയച്ചത്.
ചേളന്നൂര്‍ മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന് അയച്ച പരാതിയുടെ പകര്‍പ്പ് -
നിഗമനം
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് 24 ന്യൂസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading