
കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒരു ഹിന്ദി വാര്‍ത്താ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
സീ ഹിന്ദുസ്ഥാന്‍ ചാനലിന്‍റെ വാര്‍ത്താ വീഡിയോ ആണ് പ്രചരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ ഉറുദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഉങ്ങനെ: “ബ്രേക്കിംഗ് ന്യൂസ്. ഒടുവിൽ രാഹുൽ ഗാന്ധി ആ സത്യം രാജ്യത്തോട് വിളിച്ചു പറഞ്ഞു കോൺഗ്രസ്സ് ഒരു മുസ്ലിം പാർട്ടിയാണ്.. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ഉദ്ദേശിച്ചുള്ള മുസ്ലീം പാർട്ടിയാണ് കോൺഗ്രസ് എന്ന് പ്രഖ്യാപിക്കുന്നു. ഇതു കേട്ടിട്ടും ഉണരാത്ത ഹിന്ദുക്കൾ എത്രയും പെട്ടെന്നു പൊന്നാനിയിൽ പോകുന്നതായിരിക്കും നല്ലത്… എല്ലാ അമുസ്‌ലിംകൾക്കും അന്തിമ താക്കീതാണ്.. !!! 1947മുതൽ 2015 വരെയുള്ള കാലയളവിൽ കോൺഗ്രസ് പാർട്ടി (നെഹറു മുതൽ മൻമോഹൻ വരെയുള്ള കാലഘട്ടത്തിൽ ന്യൂനപക്ഷത്തിന് വളരാനുള്ള വളവും വെള്ളവും കൊടുത്ത് അവരെ ശക്തരാക്കി . ഇനിയും ഹിന്ദു അറിഞ്ഞ് പ്രവർത്തിച്ചില്ലങ്കിൽ 1921 മലബാറിൽ ഉണ്ടായത് പോലെ ഒരു ദിവസം വരാൻ വളരെ വൈകില്ല”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത്. വീഡിയോയ്ക്ക് ആറു വര്‍ഷത്തിലധികം പഴക്കമുണ്ട്.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2018 ജൂലൈ 12നു സീ ഹിന്ദുസ്ഥാന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിരിക്കുന്നത് കണ്ടു.
ഇന്‍ക്വിലാബ് എന്ന ഉറുദു ദിനപത്രത്തിലാണ് 2018 ജൂലൈ 12ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
യഥാര്‍ത്ഥ റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പല മാധ്യമങ്ങളും ഇതേ റിപ്പോര്‍ട്ടിനെ ആധാരമാക്കി ലേഖനങ്ങള്‍ നല്കിയിട്ടുണ്ട്.
ഉര്‍ദു ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണ്: “കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് ബിജെപി പറയുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ, കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണ്. കാരണം, മുസ്ലിങ്ങള്‍ ദുര്‍ബലരാണ്. കോണ്‍ഗ്രസ് എപ്പോഴും ദുര്‍ബലര്‍ക്കൊപ്പം നിലകൊള്ളുന്നു” രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിച്ച് മുസ്ലിം പ്രീണനം എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ് രാഹുല്‍ ഗാന്ധി പങ്കുവച്ച ആശയം.
യഥാര്‍ഥത്തില്‍ രാഹുല്‍ഗാന്ധി ഇക്കാര്യം പറഞ്ഞത് മുസ്ലിം നേതാക്കളുമായി സാമുദായിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഒരു യോഗത്തിലായിരുന്നു. ഇത്തരം ചര്‍ച്ചകളൊന്നും പ്രസ്തുത യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും വ്യാജപ്രചരണമാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുത്ത ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരൻ X ല്‍ 2018 ജൂലൈ 13 ന് പങ്കുവെച്ച X പോസ്റ്റില്‍ പറയുന്നു.
തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ക്ക് എതിരെ രാഹുല്‍ ഗാന്ധി തന്നെ X ല്‍ വിശദീകരണം നല്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എബിപി ന്യൂസ് പങ്കുവെച്ച ഒരു വീഡിയോ റിപ്പോര്‍ട്ട് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇന്‍ക്വിലാബ് ദിനപത്രത്തിലെ റിപ്പോര്‍ട്ടറുടെ പ്രതികരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടടക്കം പല വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നുവെന്നും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കുകയെന്നത് ബാധ്യതയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞതായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
സംഭവം വിവാദമാക്കാന്‍ ബിജെപി ശ്രമിക്കുകയും കോണ്‍ഗ്രസ്സ് ഇതിനെതിരെ വിശദീകരണം നല്കുകയും ചെയ്തിരുന്നു.
നിഗമനം
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന മുസ്ലിം പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള പ്രചരണം തെറ്റാണ്. രാഹുല്‍ ഗാന്ധി ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 ജൂലൈയില്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം സാമുദായിക നേതാക്കളുടെ ഒരു യോഗത്തില്‍ പങ്കുവെച്ച കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയാണെന്ന് ബിജെപി പറയുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ, കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണ്. കാരണം, മുസ്ലിങ്ങള്‍ ദുര്‍ബലരാണ്. കോണ്‍ഗ്രസ് എപ്പോഴും ദുര്‍ബലര്‍ക്കൊപ്പം നിലകൊള്ളുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…
Written By: Vasuki SResult: Altered
