
വിവരണം
ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി; സാധാരണക്കാരെ ദുരിതത്തിലാക്കി സര്‍ക്കാർ എന്നൊരു വാർത്ത ചില ഓൺലൈൻ മാധ്യമങ്ങളും ഫേസ്‌ബുക്ക് പേജുകളും പ്രചരിപ്പിക്കുന്നുണ്ട്. വാർത്തയോടൊപ്പം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു സർക്കുലർ വാർത്തയോടൊപ്പം നൽകിയിട്ടുണ്ട്.


ചികിത്സാ രംഗത്ത് കേരളത്തിലെ ലോക നിലവാരം പുലർത്തുന്ന ഗവേഷണ കേന്ദ്രമാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കേരളത്തിലെ സാധാരണക്കാർക്ക് നിരവധി രോഗങ്ങൾക്ക് മികവുറ്റ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. കാരുണ്യ അടക്കമുള്ള പദ്ധതികൾ നിർത്തലാക്കുകയാണെങ്കിൽ നിരവധി നിർദ്ധനരായ രോഗികളുടെ ചികിത്സയ്ക്ക് തടസ്സമാകും.
എന്നാൽ ഈ വാർത്ത വെറും തെറ്റായ പ്രചാരണമാണ്. യാർത്ഥയുടെ പിന്നിലെ യഥാർത്ഥ വസ്തുത ഇങ്ങനെയാണ്.
വസ്തുതാ വിശകലനം
ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ ആരും പ്രസിദ്ധീകരിച്ചിട്ടില്ല. ശ്രീചിത്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ല. അതിനാൽ ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ പിആർ ഡെപ്യുട്ടി ഡയറക്ടറായ സ്വപ്നയുമായി ബന്ധപ്പെട്ടു. “ഈ വാർത്ത വസ്തുതാപരമായി തെറ്റാണ്. എല്ലാ വർഷവും സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഇതുപോലെ ഒരു സർക്കുലർ ഇറക്കാറുണ്ട്. ഇത് പുറത്ത് പ്രസിദ്ധീകരണത്തിന് നൽകുന്നതല്ല. ആ വർഷത്തെ മെഡിക്കൽ ക്ലെയിം ഇനത്തിലും മറ്റും കിട്ടാനുള്ള തുകകൾ അതിൽ കൃത്യമായി രേഖപ്പെടുത്തും. ഈ സർക്കുലർ ഇൻസ്റ്റിട്യൂട്ടിലെ ഒരു നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. പ്രത്യേകം ഒരു കാര്യം എടുത്തു പറയുന്നു, ഇത് ഒരു ഓർഡറല്ല, സർക്കുലർ മാത്രമാണ്. വാർത്തയിൽ പരാമർശിക്കുന്ന സർക്കുലർ കഴിഞ്ഞ ഏപ്രിൽ 20 നാണ് പുറത്തിറക്കിയത്. ഇത് ഞങ്ങൾക്ക് കിട്ടാനുള്ള ബില്ലുകളുടെ തുകകൾ എല്ലാ വർഷവും മുടങ്ങാതെ എത്താറുണ്ട്. ഇപ്പോൾ തന്നെ കിട്ടാനുള്ളതിൽ 16 കോടി കിട്ടിക്കഴിഞ്ഞു. രണ്ടുമൂന്നു ഗഡുക്കളായി ഈ തുക എത്തുകയും ചെയ്യും.
ഈ സർക്കുലർ ആരോ പുറത്ത് മാധ്യമങ്ങൾക്ക് കൈമാറുകയും തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുകയുമാണുണ്ടായത്. കിട്ടാനുള്ള തുക സംബന്ധിച്ച് ഓരോ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോഴും ഇത്തരത്തിൽ സർക്കുലർ ഇറക്കുക എന്നത് കാലങ്ങളായി ശ്രീചിത്ര പിന്തുടരുന്ന നടപടി ക്രമമാണ്. ഒരിക്കൽ പോലും ഈ തുക പെൻഡിങ് ആവുകയോ രോഗികൾക്ക് ചികിത്സയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കുകയോ ഉണ്ടായിട്ടില്ല. പി ആര്‍ ഓഫീസര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെയാണ്.
വാര്‍ത്തയ്ക്കെതിരെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വിശദീകരണം ഞങ്ങള്‍ക്ക് അയച്ചു തന്നത് താഴെ കൊടുക്കുന്നു:
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 41 കോടി രൂപ ശ്രീചിത്രയ്ക്ക് ലഭിക്കാനുണ്ട്. വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്രീചിത്ര നല്‍കാനുള്ള തുക 15 കോടി രൂപയാണ്. ഇതോടെ നല്ലൊരു വിഭാഗം വിതരണക്കാര്‍ ശ്രീചിത്രയ്ക്ക് മരുന്നുകളും വൈദ്യശാസ്ത്ര ഉപകരണങ്ങളും നല്‍കുന്നത് നിര്‍ത്തിവച്ചു. ബാക്കിയുള്ള കമ്പനികള്‍ ഇക്കാര്യം അറിയിച്ച് നോട്ടീസും നല്‍കി. തുടര്‍ന്ന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രോഗികളില്‍ നിന്ന് പണം ഈടാക്കാതെ സൗജന്യമായി നല്‍കിവരുന്ന ചികിത്സകള്‍ ജൂണ്‍ 1 മുതല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന സ്ഥിതിയായി.
സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള തുക കൊടുത്ത് തീര്‍ക്കുന്നത് വരെ വിതരണക്കാര്‍ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും നല്‍കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് സൗജന്യ ചികിത്സ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വന്നത്. സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്താനായിരുന്നില്ല തീരുമാനം. സര്‍ക്കാരില്‍ നിന്ന് പണം സ്വീകരിച്ച് പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. അര്‍ഹരായ രോഗികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ചികിത്സാച്ചെലവ് ലഭ്യമാക്കണം. അടിയന്തിര ചികിത്സ ആവശ്യമായ ഘട്ടത്തില്‍ സൗജന്യമായി തന്നെ ചികിത്സ നല്‍കും. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
സൗജന്യ ചികിത്സ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുകയും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തതോടെ സംസ്ഥാന ഏജന്‍സികളില്‍ നിന്ന് പണം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനാല്‍, സര്‍ക്കുലര്‍ പിന്‍വലിക്കാനും സൗജന്യ ചികിത്സ തുടരാനും തീരുമാനിച്ചു. ഇക്കാര്യം എല്ലാ വകുപ്പ് മേധാവിമാരെയും മുൻകൂട്ടി അറിയിച്ചിരുന്നു. ലഭിക്കാനുള്ള തുക സംസ്ഥാന ഏജൻസികളിൽ നിന്ന് കിട്ടി തുടങ്ങിയതോടെ ഏപ്രിൽ 20-ന് പുറത്തിറങ്ങിയ ഉത്തരവ് അപ്രസക്തമായിരിക്കുകയാണ്.
1 min
ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടില്ല. കിട്ടാനുള്ള തുക സംബന്ധിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സർക്കുലർ ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്.

Title:ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി എന്ന പ്രചാരണം തെറ്റാണ്….
Fact Check By: Vasuki SResult: Partly False
