കോണ്‍ഗ്രസ് വേദിയിലാണോ ഫിറോസ് കുന്നുംപറമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്?

രാഷ്ട്രീയം | Politics

വിവരണം

അതെന്താ..??

പൂതനയെന്നു കേട്ടപ്പോൾ ഹൃദയം പൊട്ടിയ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മറ്റും സ്വന്തം സഹപ്രവർത്തകയെ

“വേശ്യ”യെന്ന് യുഡിഫ് യോഗത്തിൽ നന്മമരം വിളിച്ചപ്പോൾ പ്രതികരണമില്ലാത്തത് ? എന്ന തലക്കെട്ട് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംമ്പറമ്പില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫിന്‍റെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നതാണ് ഫെയ്‌‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന ആക്ഷേപം. ഞാന്‍ സഖാവ് എന്ന പേരിലുള്ള പേജില്‍ നിന്നും ഒക്ടോബര്‍ 16ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 157ല്‍ അധികം ഷെയറുകളും 94ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫിറോസ് കുന്നംമ്പറമ്പില്‍ യുഡിഎഫ് വേദിയില്‍ വെച്ചാണോ വിവാദമായ സ്ത്രീവരുദ്ധ പരാമര്‍ശം നടത്തിയത്? ഫിറോസ് യുഡിഎഫ് വേദിയില്‍ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തിരുന്നോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഒക്ടോബര്‍ 14നാണ് വിഷയത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് പോലെ യുഡിഎഫ് വേദിയിലല്ല ഫിറോസ് കുന്നംപറംമ്പില്‍ വിവാദമായ വേശ്യ പരാമര്‍ശം നടത്തുന്നത്. 14ന് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് വീഡിയോയില്‍ വന്നാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ആക്‌ടിവിസ്റ്റായ ജസ്‌ല മാടശേരി എന്ന സ്ത്രീയ്ക്കെതിരെ വേശ്യയാണെന്നും ശരീരം വിറ്റ് ജീവിക്കുന്നവളാണെന്നും ഫിറോസ് പരാമര്‍ശം നടത്തിയത്. ഫിറോസിന്‍റെ വീഡിയോയില്‍ 13 മിനിറ്റ് 56 സെക്കന്‍ഡിലാണ് ജസ്‌ലക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതോടെ വീഡിയോ വൈറലാകുകയും വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഈ സംഭവത്തെ മുന്‍നിര്‍ത്തി നിയമസഭ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ അരൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതന പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അപലപിക്കുകയും ശ്കതമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതുപോലെ ഫിറോസ് വേദിയില്‍ വേശ്യ പ്രയോഗം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നില്ലേയെന്ന ആക്ഷേപമാണ് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്. നിക്ഷപക്ഷനാണ് താനെന്നും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലെന്നും പല വേദികളിലും നിലപാട് പ്രഖ്യാപിച്ച ഫിറോസ് കുന്നുംപറമ്പില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പോയി എന്ന പേരിലായിരുന്നു ജസ്‌ല മാടശേരി ഫിറോസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഫിറോസിന്‍റെ ലൈവ് വീഡിയോ (കാറില്‍ ഇരുന്നാണ് ലൈവ് ചെയ്തിരിക്കുന്നത്)-

വീഡിയോയില്‍ വിവാദ പരാമര്‍ശം നടത്തുന്ന പ്രസക്ത ഭാഗം-

ജസ്‌ല മാടശേരി വിവാദത്തിന് ശേഷം പങ്കുവെച്ച ലൈവ് വീഡിയോ-

നിഗമനം

കോണ്‍ഗ്രസ് വേദിയിലാണ് ഫിറോസ് ആക്ടിവിസ്റ്റായ ജസ്‌ലയ്‌ക്കെതിരെ വേശ്യ പരാമര്‍ശം നടത്തിയതെന്നത് വസ്‌തുത വിരുദ്ധമായ വാദമാണ്. കാറില്‍ ഇരുന്നുകൊണ്ട് നടത്തിയ ലൈവ് വീഡിയോയിലാണ് ഫിറോസ് പരാമര്‍ശം നടത്തിയതെന്നും വ്യക്തം. അതുകൊണ്ട് തന്നെ പോസ്റ്റിലെ വസ്‌തുതകള്‍ സംമിശ്രമായി മാത്രമാണ് വസ്‌തുതപരമെന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളു.

Avatar

Title:കോണ്‍ഗ്രസ് വേദിയിലാണോ ഫിറോസ് കുന്നുംപറമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്?

Fact Check By: Dewin Carlos 

Result: Mixture