വിവരണം

ഉപദേശിക്കാന്‍ ഇറങ്ങും മുന്‍പ് പഴയ കണക്കുകള്‍ ഒക്കെ ഒന്ന് പരിശോധിക്കണം സാറേ.... എന്ന തലക്കെട്ട് നല്‍കി വാജ്‌പൈ ഭരണം ഒഴിയുമ്പോഴും മന്‍മോഹന്‍ സിങ് ഭരണം ഒഴിയുമ്പോഴുമുള്ള ജിഡിപി വളര്‍ച്ച നിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വാജ്‌പൈ 2004ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.5ശതമാനം ആണെന്നും മന്‍മോഹന്‍ സിങ് 2014ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ കൂപ്പുകുത്തി 4.7ശതമാനമായി കൂപ്പുകുത്തിയെന്ന ആക്ഷേപം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അഭിലാഷ് കെ.എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 101ല്‍ അധികം ഷെയറുകളും 90ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ 2004ല്‍ വാജ്‌പൈ പ്രധാനമന്ത്രിയായിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ച നിരക്ക് 8.5 ശതമാനവും 2014 മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ച നിരക്ക് 4.7 ശതമാനവും ആയിരുന്നോ? കണക്കുകള്‍ ശരി തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സത്യാവസ്ഥ പരിശോധിക്കാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ GDP growth rate in 2004, GDP growth rate in 2014 എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്‌തപ്പോള്‍ തന്നെ ഗൂഗിള്‍ പബ്ലിക് ഡേറ്റ എക്‌പ്ലോററില്‍ ലോക ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം വിശകലനം നടത്തിയ ജിഡിപി വളര്‍ച്ച നിരക്കിന്‍റെ ഗ്രാഫ് കണ്ടെത്താന്‍ കഴിഞ്ഞു. 1965 മുതല്‍ 2015 വരെയുള്ള കാലയളവിലെ വാര്‍ഷിക ജിഡിപി വളര്‍ച്ച നിരക്ക് ഗ്രാഫില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ താരതമ്യം ചെയ്തിരിക്കുന്ന 2004ലെയും 2014ലെയും ജിഡിപി വളര്‍ച്ച നിരക്കുകള്‍ ഇപ്രകാരമാണ്. 2004ല്‍ 8.5 ശതമാനവും 2014ല്‍ 4.7ശതമാനവും എന്നതാണ് അവകാശവാദം. എന്നാല്‍ ഗ്രാഫ് പരിശോധിക്കുമ്പോള്‍ തന്നെ പോസ്റ്റിലെ കണക്കുകള്‍ തെറ്റാണെന്ന് മനസിലാക്കാന്‍ കഴിയും. 2004ല്‍ 7.92 ശതമാനമാണ് ജിഡിപി വളര്‍ച്ച നിരക്കെങ്കില്‍ 2014ല്‍ 7.41 ശതമാണ് ജിഡിപി നിരക്ക്. അതായത് 0.51 ശതമാനം മാത്രം കുറവാണ് 2004ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മാനസിലാക്കാന്‍ കഴിയുന്നത്. മാത്രമല്ല തൊട്ടടുത്ത വര്‍ഷമായ 2005ല്‍ 9.28വരെ ജിഡിപി ഉയര്‍ന്ന നിലയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ രണ്ടാം യുപിഎ ഭരണത്തിലേറി മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍ അടുത്തവര്‍ഷം (2010ല്‍) ജിഡിപി നിരക്കില്‍ 10.26 എന്ന വലിയ നേട്ടം ഇന്ത്യ നേടുകയും ചെയ്തു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ഗൂഗിള്‍ പബ്ലിക് ഡേറ്റ എക്സ്പ്ലോറര്‍ (ഗ്രാഫ്)-

നിഗമനം

ലോകബാങ്കിന്‍റെ ഔദ്യോഗിക ഡേറ്റ പ്രകാരം ജിഡിപി വളര്‍ച്ച നിരക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ താരതമ്യം ചെയ്യാനായി ഉപയോഗിച്ചിരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് കണ്ടെത്താനും കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:2004ല്‍ വാജ്‌പൈ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞ ശേഷം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ ജിഡിപി വളര്‍ച്ച നിരക്ക് കൂപ്പുകുത്തിയോ?

Fact Check By: Dewin Carlos

Result: False