വിവരണം

പുതുതായി തുടങ്ങിയ കട നൗഷാദ് അടച്ചുപൂട്ടാന്‍ പോകുന്നു എന്ന പേരില്‍ പ്രളയദുരിതാശ്വാസത്തിനായി തന്‍റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും സൗജന്യമായി നല്‍കി മലയാളികളുടെ പ്രിയപ്പെട്ടവനായ നൗഷാദിനെ കുറിച്ചൊരു പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നുണ്ട്. തന്നെക്കാള്‍ മുന്‍പ് കച്ചവടം നടത്തിയവര്‍ അവിടെയുണ്ടെന്നും തന്നെ തേടിയാളുകള്‍ വരുന്നതിനാല്‍ അവരുടെ കച്ചവടത്തെ ഇത് ബാധിക്കുന്നു എന്നും അതുകൊണ്ട് കടയൊഴിഞ്ഞ് ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകുകയാണെന്നും നൗഷാദ് പറഞ്ഞു എന്നതരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ആരോഗ്യം എന്ന പേജില്‍ സെപ്റ്റംബര്‍ 2ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 91ല്‍ അധികം ഷെയറുകളും 636ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ യഥാര്‍ഥത്തില്‍ നൗഷാദ് തന്‍റെ കടപൂട്ടുമെന്ന ഒരു തീരുമാനമെടുത്തിട്ടുണ്ടോ? നൗഷാദ് പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി നൗഷാദിനെ ഫോണില്‍ ബന്ധപ്പെട്ടു. ഫെയ്‌സ്ബുക്ക് പ്രചരണത്തെ കുറിച്ച് നൗഷാദിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-

പ്രചരണം വ്യാജമാണെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. വെറും രണ്ടാഴ്ച്ച മുന്‍പ് മാത്രമാണ് പുതിയ കട എറണാകുളം ബ്രോഡ്‌വേയില്‍ തുടങ്ങിയത്. ഒരു ചെറിയ കട മാത്രമാണത്. തന്‍റെ മുതിര്‍ന്ന സഹോദരന് പ്രായമായി. അദ്ദേഹമാണ് കടയില്‍ ഇരിക്കുന്നത്. കട ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. (നൗഷാദ്, വസ്ത്രവില്‍പ്പനക്കാരന്‍)

മാത്രമല്ല മീഡിയവണ്‍ ഓണ്‍ലൈനും നൗഷാദിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-

Archived Link

നിഗമനം

ഒരു വ്യക്തിയുടെ പേരില്‍ താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് തെളിഞ്ഞുകഴിഞ്ഞു. കാര്യകാരണങ്ങള്‍ സഹിതം ആ വ്യക്തി തന്നെ വ്യാജപ്രചരണത്തെ തള്ളിക്കളയുകയും ചെയ്തു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നൗഷാദ് ഭായ് തന്‍റെ പുതിയ വ്യാപാരസ്ഥാപനം അടച്ചുപൂട്ടാന്‍ പോകുകയാണോ?

Fact Check By: Dewin Carlos

Result: False