ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…  

രാഷ്ട്രീയം | Politics

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്ത ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഒരു യുവതി ദയനീയമായി കരഞ്ഞു യാചിക്കുന്നതും ഒരുകൂട്ടം ആളുകൾ അവളക്ക് ചുറ്റും നിന്ന് വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത ശേഷമുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലോക മനസാക്ഷി നടുങ്ങുന്ന കാഴ്ച്ച  ബംഗ്ലാദേശിൽ ക്രൂരപീഡനത്തിന് ഇരയാകുന്ന ഹിന്ദു യുവതി.ബംഗ്ലാദേശിലെ നാരായണ്ഗഞ്ചിലുള്ള അരയ്ഹസാറിൽ നിന്ന് ഒരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു.ക്രൂരമായി പീഡിപ്പിച്ചു. ബലാത്സംഗം ചെയ്ത ശേഷവും വെറുതെവിടാനായി കേണപേക്ഷിക്കുന്ന ആ സാധുസ്ത്രീക്കു മുന്നിൽ അർത്തട്ടഹസിച്ചു കൊണ്ട് അവളെ പിന്നെയും അപമാനിച്ചു. രക്ഷപ്പെടാനായി കേഴുന്ന അവളുടെ വീഡിയോ ആ ഇസ്ലാമിക നരാധമന്മാർ പ്രചരിപ്പിച്ച് ആനന്ദം കൊണ്ടു!”

X postarchived link

എന്നാൽ ദൃശ്യങ്ങൾക്ക് വർഗീയ കോണുകളില്ല എന്നാണ് അന്വേഷണത്തിൽ മനസിലാക്കാന്‍ സാധിക്കുന്നത്. 

വസ്തുത ഇതാണ് 

നാരായൺഗഞ്ചിലെ അരൈഹസാർ മേഖലയിലാണ് സംഭവം നടന്നതെന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം അവിടെ നടന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെയില്ല. 

പ്രചരിക്കുന്ന വീഡിയോ ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതല്ലെന്നും കൊള്ളസംഘത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാരായണ്ഗഞ്ചിൽ പിടികൂടിയ മുസ്ലീം സ്ത്രീയെ മർദിച്ചതാണെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.

ഒരു ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് ഡിസംബർ 27ന് പോസ്റ്റു ചെയ്ത സമാന വീഡിയോ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അരൈഹജറിൽ കവർച്ച നടത്തുന്നതിനിടെ രണ്ട് മോഷ്ടാക്കളെ പൊതുജനം പിടികൂടി എന്നായിരുന്നു പോസ്റ്റ്. ഇവരിൽ ഒരാൾ പൊതുജനങ്ങളുടെ മർദനത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും വിവരണമുണ്ട്. 

പിന്നീട്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ഡിസംബർ 27 ന് സോമോയ് ടിവി വെബ്‌സൈറ്റിൽ “കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ആൾക്കൂട്ട മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടു, ഒരു സ്ത്രീ അറസ്റ്റിൽ” എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് കണ്ടെത്തി.

ഡിസംബർ 26 ന് രാത്രി ഉപസിലയിലെ ഹൈജാദി യൂണിയനിലെ കഹിണ്ടി ഗ്രാമത്തിൽ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെ ജനക്കൂട്ടം മർദിച്ചതിനെത്തുടർന്ന് ബില്ലാൽ (45) കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ട് പറയുന്നു. ഹൈജാദി യൂണിയനിലെ നാരണ്ടി ഗ്രാമത്തിലെ അബ്ദുൾ മജീദിന്‍റെ മകനാണ് മരിച്ച ബില്ലാൽ ഹുസൈൻ. പരിക്കേറ്റ ലൗലി അക്തർ അതേ യൂണിയനിൽ താമസിക്കുന്നയാളാണ്. 

സംഭവം സ്ഥിരീകരിച്ച് അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് മെഹെദി ഇസ്ലാമിന്‍റെ വിശദീകരണം ഇങ്ങനെ: “മരിച്ച ബില്ലാൽ ഹൈസാദി പ്രദേശവാസിയും പോലീസ് ലിസ്റ്റ് ചെയ്ത അറിയപ്പെടുന്ന ക്രിമിനലുമാണ്. കൊലപാതകവും കവർച്ചയും ഉൾപ്പെടെ വിവിധ കുറ്റങ്ങളിൽ ഇയാൾക്കെതിരെ ഒമ്പത് കേസുകളെങ്കിലും നിലവിലുണ്ട്. ഈ സംഭവത്തിൽ അറസ്റ്റിലായ ലൗലി എന്ന സ്ത്രീക്കെതിരെ കേസെടുക്കാൻ അരൈഹസാർ പോലീസ് സ്‌റ്റേഷനിൽ അന്വേഷണം നടക്കുന്നുണ്ട്.”

സംഭവത്തെക്കുറിച്ച് ഡെയ്‌ലി സ്റ്റാർ, മനോബ്കാന്ത, പ്രോട്ടോംഅലോ തുടങ്ങിയ ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. എല്ലാത്തിലും സമാന വിവരങ്ങള്‍ തന്നെയാണുള്ളത്. “ഡിസംബർ 26 ന് രാത്രി നാരായൺഗഞ്ചിലെ അരൈഹസർ ഉപജില്ലയിൽ ഒരു മോഷ്ടാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നുവെന്നും മർദനത്തിൽ പരിക്കേറ്റ ഒരു സ്ത്രീയെ അരൈഹസർ ഉപജില ഹെൽത്ത് കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. 

ഗ്രാമവാസികളുടെ ആക്രോശം കേട്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി ലൈംഗികത്തൊഴിലാളിയെന്ന് അവകാശപ്പെടുന്ന യുവതി ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ഗ്രാമവാസികൾ പിന്തുടര്‍ന്നപ്പോള്‍ അവൾ ഒരു കുളത്തിലേക്ക് ചാടുകയും നാട്ടുകാര്‍ അവളെ പൊക്കിയെടുത്തു മർദ്ദിക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കാനാണ് യുവതി കുളത്തിലേക്ക് ചാടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. 

വീഡിയോയില്‍ കാണുന്ന യുവതിയെ ഒരിക്കൽ, മയക്കുമരുന്നിന്‍റെയും അധാർമിക പ്രവർത്തനങ്ങളുടെയും പേരിൽ ഗ്രാമവാസികൾ ഗ്രാമത്തിൽ നിന്ന് പുറത്താക്കിയിരുന്നു.” റിപ്പോര്‍ട്ടുകളില്‍ ഒന്നിലും യുവതി ഹിന്ദു ആണെന്നോ അവള്‍ ബലാല്‍സംഗത്തിന് ഇരയായെന്നോ പരാമര്‍ശമില്ല. 

അതിനാല്‍ കൂടുതൽ വ്യക്തതക്കായി, അരൈഹസാർ പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജ് (OC) ഇനായത് ഹൊസൈനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അരൈഹസാർ പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജ് (OC) ഇനായത്ത് പറയുന്നതനുസരിച്ച്, “മോഷണ സംഘം റോഡിൽ കാറുകൾ കൊള്ളയടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണ്, കവർച്ച സമയത്ത് വാഹനങ്ങൾ തടയാൻ സ്ത്രീ അംഗങ്ങൾ സഹായിക്കുന്നു. യുവതിയും സംഘത്തിലെ അംഗമാണ്.” വീഡിയോയില്‍ കാണുന്ന യുവതി  മുസ്ലീമാണെന്നും ഹിന്ദു അല്ലെന്നും അവളുടെ പേര് ലൗലി അക്തർ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗ അവകാശവാദം അസത്യവും പൂർണ്ണമായും വ്യാജ പ്രചരണവുമാണ്.” 

പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ഹിന്ദു അല്ലെന്നും ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോയില്‍ കാണുന്നത് ബംഗ്ലാദേശില്‍ ബലാല്‍സംഗത്തിന് ഇരയായ ഹിന്ദു യുവതിയുടെ ദൃശ്യങ്ങളല്ല. നാരായൺഗഞ്ചിലെ അരൈഹസർ ഉപജില്ലയിൽ മോഷണത്തിന് ശ്രമിച്ച യുവാവിനെ ഗ്രാമവാസികള്‍ ആള്‍ക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തി, മോഷ്ടാവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ദൃശ്യങ്ങളാണിത്. യുവതി മുസ്ലിമാണ്, ഹിന്ദുവല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

Written By: Vasuki S  

Result: False