
വിവരണം
യോഗിയുടെ നാടായ മൂരിവാട്ടില്‍ നഗരസഭ ഇനി മുസ്‌ലിം ലീഗ് ഭരിക്കും. ബിജെപിയെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗിന്‍റെ സൈഫുള്ള ഖാന്‍. സംഘപരിവാര്‍ പാളയത്തില്‍ ചെന്ന് ചരിത്രം തിരുത്തിയ സൈഫുള്ള ഖാന് ഹരിതാഭിവാദ്യങ്ങള്‍ എന്ന പേരില്‍ കൊണ്ടോട്ടി പച്ചപട എന്ന പേജില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം പ്രചരിക്കുന്നുണ്ട്.

Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്നത് യുപിയിലെ മൂരിവാട്ട് നഗരസഭയില്‍ വിജയിച്ച സൈഫുള്ളയെന്ന മുസ്‌ലിം ലീഗ് നേതാവാണോ? യുപിയില്‍ മൂരിവാട്ട് എന്ന ഒരു സ്ഥലമുണ്ടോ? ചിത്രത്തില്‍ കാണുന്ന നേതാവ് യഥാര്‍ഥത്തില്‍ ആരാണ്? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
മുസ്‌ലിം ലീഗ് യുപിയില്‍ നഗരസഭ ഭരണം പിടിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അന്വേഷിച്ചെങ്കിലും അത്തരത്തിലൊരു വാര്‍ത്ത ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല മൂരിവാട്ട് എന്ന പേരിലൊരു സ്ഥലമോ നഗരസഭയോ യുപിയില്‍ ഇല്ലെന്നതാണ് വാസ്‌തവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിലെ പാന്‍ചൂര്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്നും ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ലഭ്യമായ വിവരങ്ങളില്‍ വ്യക്തമാണ്. പിന്നീട് ചിത്രത്തിലുള്ള വ്യക്തിയാരാണെന്ന് അറിയാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടു. ഇരാറ്റുപേട്ട നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രതിനിധി വി.എം.സിറാജാണ് ചിത്രത്തിലുള്ളതെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. വി.എം.സിറാജ് നഗരസഭാധ്യക്ഷനായി തിരഞ്ഞെടുകപ്പെട്ടതിന്‍റെ വാര്‍ത്ത മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തതും ലഭിച്ചിട്ടുണ്ട്.
യോഗി അദിത്യനാഥിന്‍റെ സ്ഥലം-

മീഡിയ വണ്‍ റിപ്പോര്‍ട്ട് (വീഡിയോ)-
വാര്‍ത്തിയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ ഇരാറ്റുപേട്ട നഗരസഭയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രതിനിധി വി.എം.സിറാജിന്‍റെ ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ സൈഫുള്ള ഖാന്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ചിത്രത്തില്‍ കാണുന്നത് യുപിയിലെ നഗരസഭ ഭരണം പിടിച്ചെടുത്ത മുസ്‌ലീം ലീഗ് നേതാവാണോ?
Fact Check By: Dewin CarlosResult: False
