ന്യൂസിലൻഡിൽ ഹിന്ദുമതത്തിനെതിരെ പ്രാദേശിക മാവോറി ഗോത്ര സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുഖത്ത് ഗോത്ര രീതിയില്‍ കരി വരച്ച് അപരിഷ്കൃത വേഷം ധരിച്ച ഒരു വലിയ സംഘം ആളുകള്‍ ആക്രോശിച്ചുകൊണ്ട് ഹിന്ദു എന്നെഴുതിയ കാവി പതാക വലിച്ചു കീറി കുറേ തുണികളുടെ കൂടെ ഇടുന്നത് കാണാം. ഒരാള്‍ ഇവര്‍ക്ക് മുന്നിലായി നിന്ന് കറുത്ത കോട്ട് ധരിച്ച ഒരാൾ മൈക്കില്‍ പ്രസംഗിക്കുന്നുണ്ട്.
ന്യൂസിലാൻഡിൽ ഹിന്ദു മതം പിന്തുടരുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അതുകൊണ്ട് അവിടെയുള്ള ആളുകൾ ഹിന്ദു മതത്തിനെതിരെ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ന്യൂസിലാൻ്റിലെ ഹിന്ദു ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ പ്രാദേശിക മാവോറി ഗോത്ര സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധിക്കുകയും ഹിന്ദുത്വ പതാകകൾ കീറുകയും ചെയ്യുന്നു….
രാജ്യ സ്നേഹികൾ അവിടെയും പോയി രാജ്യസ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടാകും..”
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ പ്രതിഷേധം ഹിന്ദുമതത്തിനെതിരെ മാത്രമല്ല, ഐക്യരാഷ്ട്രസഭയ്‌ക്കും നിരവധി മതങ്ങൾക്കുമെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
വസ്തുത ഇങ്ങനെ
ഞങ്ങൾ ആദ്യം വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പ്രതിഷേധത്തിന്‍റെ പൂർണ്ണ വീഡിയോ ന്യൂസിലാൻഡ് കോൺസ്‌പിറസി ലൂൺസ് എന്ന യൂട്യൂബ് ചാനലിൽ 2025 ജൂൺ 21 ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി വീഡിയോയിൽ, മറ്റ് മതങ്ങളുടെ പേരുകൾ എഴുതിയ പതാകകളും പ്രതിഷേധത്തിനിടെ കീറിയതായി കാണാം. ന്യൂസിലൻഡിലെ റാഡിക്കൽ ഡെസ്റ്റിനി ചർച്ചിന്‍റെ നേതാവായ ബ്രയാൻ തമാകിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2025 ജൂൺ 21 ന് പ്രസിദ്ധീകരിച്ച ന്യൂസിലാൻഡ് ഹെറാൾഡിന്‍റെ ഒരു റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടിൽ വൈറല്‍ വീഡിയോയ്ക്ക് സമാനമായ ഒരു വീഡിയോ കൊടുത്തിട്ടുണ്ട്. ഡെസ്റ്റിനി ചർച്ച് നേതാവ് ബ്രയാൻ തമാകി ക്വീൻ സ്ട്രീറ്റിൽ ഒരു മാർച്ച് നയിച്ചതായും അതിൽ ന്യൂസിലാൻഡിൽ “ക്രിസ്ത്യൻ ഇതര മതങ്ങളുടെ വ്യാപനം ഇപ്പോൾ നിയന്ത്രണാതീതമാണെന്ന്” അദ്ദേഹം അവകാശപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഓക്ക്‌ലൻഡിലെ ക്വീൻ സ്ട്രീറ്റിലെ അവോട്ടിയ സ്‌ക്വയറിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാർച്ച് ആരംഭിച്ചു.
ബ്രയാൻ തമാകി പ്രതിഷേധ യോഗത്തെ കുറിച്ച് എക്സ് ഹാന്‍റിലില്‍ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. “പക്ഷേ ഞങ്ങൾ ജനക്കൂട്ടത്തെ പ്രീതിപ്പെടുത്താനല്ല – ദൈവത്തെ അനുസരിക്കാനാണ് ഇവിടെയുള്ളത്.
🔥 ഇന്ന്, ശക്തമായ ഒരു പൊതു പ്രവർത്തനത്തിലൂടെ, ന്യൂസിലൻഡിനെ ആക്രമിച്ച് പുനർനിർമ്മിക്കുന്ന വിദേശ പ്രത്യയശാസ്ത്രങ്ങളുടെയും വ്യാജമതങ്ങളുടെയും പ്രതീകങ്ങളെ ഞങ്ങൾ പൊളിച്ചുമാറ്റി. താഴെ പറയുന്ന മത പതാകകള്‍ നശിപ്പിച്ചു.
https://twitter.com/BrianTamakiNZ/status/1936311485988585656
ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ന്യൂസിലാൻഡിൽ “ക്രിസ്ത്യൻ ഇതര മതങ്ങളുടെ വ്യാപനം ഇപ്പോൾ നിയന്ത്രണാതീതമാണ്” എന്ന് അവകാശപ്പെട്ടുകൊണ്ട് ഡെസ്റ്റിനി ചർച്ച് നേതാവ് ബ്രയാൻ തമാകി തന്റെ അനുയായികളുമായി മധ്യ ഓക്ക്‌ലൻഡിൽ ഒരു മാർച്ച് നടത്തിയതായി പറയുന്നു. പ്രതിഷേധത്തിനിടെ, ഹിന്ദു, ബുദ്ധ, ഇസ്ലാമിക സമൂഹങ്ങളുടെ പതാകകൾ ഉൾപ്പെടെയുള്ള മതങ്ങളുടെ പതാകകൾ പ്രതിഷേധക്കാര്‍ വലിച്ചുകീറി. ഇതിനുശേഷം അവർ ന്യൂസിലാൻഡ് ഹക്ക അവതരിപ്പിച്ചു.
ദി ഇക്കണോമിക് ടൈംസും സമാന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ശനിയാഴ്ച, ടമാകിയും അനുയായികളും മധ്യ ഓക്ക്‌ലൻഡിലെ ക്വീൻ സ്ട്രീറ്റിൽ മാർച്ച് നടത്തി. “ക്രിസ്തുമതം ന്യൂസിലൻഡിന്റെ ഔദ്യോഗിക മതമാണ്” എന്ന് എഴുതിയ ഒരു ബാനർ ഉയര്‍ത്തുകയും “വിശ്വാസം, പതാക, കുടുംബം” എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.. കുടിയേറ്റത്തിനും രാജ്യത്ത് ക്രിസ്ത്യൻ ഇതര മതങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിനും എതിരായിരുന്നു പ്രതിഷേധം. “ക്രിസ്ത്യൻ ഇതര മതങ്ങളുടെ വ്യാപനം ഇപ്പോൾ നിയന്ത്രണാതീതമാണ്” എന്ന് തമാകി അവകാശപ്പെട്ടു, ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞു.
ഈ പ്രതിഷേധം ഹിന്ദുമതത്തിനെതിരെയല്ലെന്നും മറിച്ച് ക്രിസ്ത്യൻ ഇതര മതങ്ങൾക്കെതിരെയായിരുന്നു എനും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുടിയേറ്റത്തിനും രാജ്യത്ത് ക്രിസ്ത്യൻ ഇതര മതങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിനുമെതിരെയാണ് ഈ പ്രതിഷേധം നടത്തിയത്.
നിഗമനം
ന്യൂസിലാൻ്റിലെ ഹിന്ദു ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ പ്രാദേശിക മാവോറി ഗോത്ര സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധിക്കുകയും ഹിന്ദുത്വ പതാകകൾ കീറുകയും ചെയ്യുന്നു എന്ന പ്രചരണം തെറ്റാണ്. കുടിയേറ്റത്തിനും രാജ്യത്ത് ക്രിസ്ത്യൻ ഇതര മതങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിനുമെതിരെയാണ് ഈ പ്രതിഷേധം നടത്തിയത്. അതില്‍ പല മതങ്ങളുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ന്യൂസിലാന്‍റില്‍ ഹിന്ദു മതത്തിനെതിരെ പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങളാണോ ഇത്..? സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
