വിവരണം

Rajesh Rajesh‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ആലീ ബാബയും നാൽപതൊന് കളളൻമാരും എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. തല മുതൽ കവചംപോലെ മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ ചിത്രവും ഒപ്പം “-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരൻ.. ഈ ഒറ്റ സീൻ മതി ഓരോ പട്ടാളക്കാരനും രാജ്യത്തിന് വേണ്ടി സഹിക്കുന്ന ത്യാഗങ്ങൾ മനസ്സിലാക്കാൻ." എന്ന വാചകങ്ങളുമാണ് പോസ്റ്റിലുള്ളത്.

archived linkFB post

കാലാവസ്ഥയടക്കം അതിർത്തിയിലെ സൈനികർ അനുഭവിക്കുന്ന യാതനകളുടെ കഥകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നാം കാണാറുണ്ട്. പ്രത്യേകിച്ച് അതിർത്തി പ്രദേശമായ സിയാച്ചിനിൽ കടുത്ത മഞ്ഞിൽ കാവൽ നിൽക്കുന്ന സൈനികരുടെ ചിത്രങ്ങൾ.. ഈ ചിത്രവും അതേ വിഭാഗത്തിൽ പെടുന്നതാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം

ഈ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇത് ഇന്ത്യയിൽ നിന്നുള്ള സൈനികന്‍റെ ചിത്രമല്ല എന്ന് വ്യക്തമായി. കാരണം ഈ ചിത്രം ജെറി മിൽസ് എന്ന അമേരിക്കക്കാരൻ തന്‍റെ യൂട്യൂബ് ചാനലിൽ 2017 ൽ അപ്‍ലോഡ് ചെയ്ത ഒരു വീഡിയോയിൽ നിന്നുള്ള ദൃശ്യമാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വീഡിയോ താഴെ കൊടുക്കുന്നു.

archived linkyoutube Jerry Mills

അതോടൊപ്പം നൽകിയ വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : ഞങ്ങളുടെ ഐതിഹാസിക പ്രാദേശിക സർഫറായ ഡാൻ ഷെറ്റർ, അല്ലെങ്കിൽ സർഫർ ഡാനിനെ പരിചയപ്പെടുക, വളരെ നിര്‍ണ്ണായക സാഹചര്യങ്ങളിൽപ്പോലും സുപ്പീരിയർ തടാകത്തിൽ സർഫ് ചെയ്യുന്ന ഒരു ചെറിയ കൂട്ടം നാട്ടുകാരിൽ ഒരാൾ. കാറ്റിന്‍റെ തണുപ്പ് -30 ആയതിനാൽ ഈ ദിവസം ശരിക്കും മരവിച്ചതായിരുന്നു. എന്‍റെ ജെറിസിം സീരീസിനായുള്ള ദൃശ്യങ്ങള്‍ പകർത്താൻ ഞാൻ അവിടെ ഉണ്ടായിരുന്നു, ഈ നിമിഷം പിടിച്ചെടുക്കാൻ ശ്രമിച്ച എന്‍റെ വലതു കൈ മഞ്ഞില്‍ പൊതിഞ്ഞു. കരയിലേക്കുള്ള യാത്രയും ദുര്‍ഘടമായി. അവിടുത്തെ അതികഠിന ശൈത്യത്തെക്കുറിച്ചാണ് ഡാനിന്‍റെ ഐസ് താടി പറയുന്നത്.

മിഷിഗനിലെ അതിമനോഹരമായ അപ്പർ പെനിൻസുലയിലെ സുപ്പീരിയർ തടാകത്തിന്‍റെ തെക്കൻ തീരത്തുള്ള മാർക്വെറ്റിലെ എം‌ഐയിലെ പ്രെസ്‌ക് ഐൽ പാർക്കിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

പോസ്റ്റിലെ ചിത്രവും വീഡിയോയില്‍ നിന്ന് വേര്‍തിരിച്ച ചിത്രവും വായനക്കാരുടെ അറിവിലേയ്ക്കായി താഴെ കൊടുക്കുന്നു. രണ്ടു ചിത്രങ്ങളും ഒന്നുതന്നെയാണെന്ന് അനായാസം മനസ്സിലാകും.

ഈ വീഡിയോ കൂടാതെ ഇതേ തടാകത്തിനെ പറ്റി മറ്റൊരു മുന്നറിയിപ്പ് വീഡിയോയും ജെറി മിൽസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതായത് എല്ലാ സമയത്തും തടാകം ഒരേപോലെ അല്ലന്നും അതിശൈത്യം തുടങ്ങുന്ന ഒക്ടോബര്‍ മാസം മുതല്‍ ഭീകരമായ മറ്റൊരു മുഖം തടാകത്തിന്നുണ്ടെന്നും ഈ സമയത്ത് തടാകത്തിലിറങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണ് എന്നും വിവരണത്തില്‍ ജെറി മില്‍സ് അറിയിക്കുന്നു

archived linkyoutube

പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ -5 ഡിഗ്രിയിൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികന്‍റെ ചിത്രമല്ല ഇത്. അമേരിക്കയിലെ മിഷിഗണിൽ സുപ്പീരിയർ തടാകത്തിന്‍റെ തീരത്ത് ശൈത്യകാലത്ത് മഞ്ഞുകാറ്റേറ്റ് തണുത്തുറഞ്ഞു നിൽക്കുന്ന അന്നാട്ടുകാരനായ ഡാന്‍ ഷെറ്റര്‍ എന്ന സര്‍ഫറുടെ ചിത്രമാണിത്.

ഇതേ വിവരണവുമായി ഹിന്ദി ഭാഷയില്‍ പ്രചരിച്ച ചിത്രത്തിന് മുകളില്‍ ആള്‍ട്ട് ന്യൂസ് വസ്തുതാ അന്വേഷണം നടത്തിയിരുന്നു. അവരും ഇതേ നിഗമനത്തിലാണ് എത്തിചേര്‍ന്നിട്ടുള്ളത്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇന്ത്യയിൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികന്‍റെ ചിത്രമല്ല ഇത്. അമേരിക്കയിലെ മിഷിഗണിൽ സുപ്പീരിയർ തടാകത്തിന്‍റെ തീരത്ത് മഞ്ഞുകാലത്ത് ശീതക്കാറ്റേറ്റ് നിൽക്കുന്ന അമേരിക്കക്കാരനായ വ്യക്തിയുടെ ചിത്രമാണ്. അതിനാൽ തെറ്റായ വിവരം പ്രചരിക്കുന്നതിനു മുമ്പ് വസ്തുത അറിഞ്ഞിരിക്കുക

Avatar

Title:-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരന്‍റെ ചിത്രമാണോ ഇത്...?

Fact Check By: Vasuki S

Result: False