പ്രചരണം

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ പൊന്നാനിയില്‍ സിപിഎം അനുഭാവികള്‍തന്നെ പരസ്യമായി രംഗത്തിറങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ എന്ന് സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍ പറഞ്ഞു എന്നാണ് പ്രചരണം.

പോസ്റ്റര്‍ രൂപത്തിലുള്ള പ്രചാരണത്തില്‍ എ വിജയരാഘവന്റെ ചിത്രവും പൊന്നാനിയില്‍ നടന്ന സമരത്തിന്‍റെ ചിത്രവും മേല്പറഞ്ഞ വാചകങ്ങളുമാണ് ഉള്ളത്.

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. അടിസ്ഥാന രഹിതമായ വ്യാജ പ്രചരണം ആണിത് എന്ന് കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഈ വാര്‍ത്തയ്ക്ക് വളരെയധികം പ്രചാരം ലഭിക്കുന്നുണ്ട് എന്ന് മനസ്സിലായി.

പൊന്നാനിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ പാര്‍ട്ടി അനുഭാവികള്‍ തന്നെ രംഗത്തിറങ്ങിയ കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഈ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2018 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ഡൂള്‍ ന്യൂസ് വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ: വേങ്ങര: ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് സി.പി.ഐ.എം നേതാവ് എ വിജയരാഘവന്‍. മീഡിയവണ്‍ ചാനലിലെ പരിപാടിക്കിടെയാണ് വിജയരാഘവന്റെ വിവാദ പ്രസ്താവന. തീവ്രവാദികളെ മുസ്‌ലിം ലീഗ് മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. നേരത്തെ ഗെയില്‍ സമരം നടക്കുമ്പോഴും സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് വിജയരാഘവന്‍ പ്രസ്താവന നടത്തിയിരുന്നു.

വാര്‍ത്തയ്ക്ക് ആധാരമായി മീഡിയ വണ്‍ ചാനലില്‍ എ.വിജയരാഘവന്‍ പങ്കെടുത്ത ഒരു ചര്‍ച്ചയുടെ വീഡിയോ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ എ. വിജയരാഘവന്‍ ഇങ്ങനെ പറയുന്നുണ്ട്: പുറത്തു നിന്ന് വന്ന മുസ്ലിം തീവ്രവാദികളാണ് കുറേ നാളായി നമ്മുടെ നാട്ടില്‍ പ്രശ്നമുണ്ടാക്കുന്നത്. മുസ്ലിം തീവ്രവാദികളെ മുന്‍ നിര്‍ത്തി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് ഗൌരവമായി തന്നെ സര്‍ക്കാര്‍ കാണും.” അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുന്നത്. സമരം ചെയ്തവരെല്ലാം മുസ്ലിം തീവ്രവാദികളാണ് എന്ന് ചാനല്‍ ചര്‍ച്ചയില്‍ ഒരിടത്തും അദ്ദേഹം പറഞ്ഞിട്ടില്ല. പുറത്തു നിന്നും മുസ്ലിം തീവ്രവാദികളെ കൂടി ഉള്‍പ്പെടുത്തിയാണ് സമരം എന്നാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ പരാമര്‍ശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വാര്‍ത്തയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

പിന്നീട് 2019 ല്‍ മുസ്ലിം തീവ്രവാദികള്‍ എന്നൊരു പരാമര്‍ശം അദ്ദേഹം വീണ്ടും നടത്തിയിരുന്നു.

ഇതല്ലാതെ പൊന്നാനിയില്‍ പാര്‍ട്ടിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പോലെ യാതൊരു പരാമര്‍ശവും എ. വിജയരാഘവന്‍ നടത്തിയതായി കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചു. “ഇത് എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണമാണ്. ഞാന്‍ പൊന്നാനി സംഭവത്തിനെതിരെ ഈ രീതിയില്‍ ഒന്നുംതന്നെ പറഞ്ഞിട്ടില്ല.” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി. അദ്ദേഹത്തിന്‍റെ പഴയ ഒരു പരാമര്‍ശം ഇപ്പോഴത്തെ സംഭവത്തിനോട് തെറ്റായി ബന്ധപ്പെടുത്തിയിരിക്കുകയാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റായതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

Avatar

Title:‘പൊന്നാനിയിൽ സമരം ചെയ്തവർ മുസ്ലിം തീവ്രവാദികൾ-സിപിഎം സംസ്ഥാന സെക്രട്ടി എ. വിജയരാഘവന്‍’ എന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S

Result: False