
വിവരണം
ബംഗാളില്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. റെവല്യൂഷന്‍ തിങ്കേഴ്‌സ് എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഫൈസല്‍ ചെമ്മങ്ങാടന്‍ എന്ന വ്യക്തി ഇതെ പോസ്റ്റ് ട്രോള്‍ രൂപേണ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 514 ലൈക്കുളും 35 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ജയ് ശ്രീറാ വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്നെ യുവാവ് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണോ? എന്തായിരുന്നു കൊലപാത്തിന്‍റെ കാരണം? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കൊല്ലണമെന്ന ഉദ്ദേശത്തില്‍ നടന്ന കൃത്യമല്ല ഇതെന്നാണ് പോലീസ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ ജൂലൈ 30ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. വെസ്റ്റ് ബംഗാളിലെ അസന്‍സോളിവെ ശേര്‍ തലാവോ എന്ന പ്രദേശത്താണ് സംഭവം നടന്നത്. കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കബീര്‍ എന്ന യുവാവും സൂരജ് ബഹാധൂര്‍ എന്ന യുവാവും സുഹൃത്തുക്കളായിരുന്നു. ഇരുവരും സുഹൃത്തുക്കളുമായി ഒത്തുചേര്‍ന്ന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം സുഹൃത്തുക്കളൊത്ത് മദ്യപിക്കുമ്പോള്‍ കബീറും സൂരജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സൂരജ് കബീറിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനു ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതായത് ജൂലൈ 23ന് ഇരുവരും വീണ്ടും മദ്യപിക്കാന്‍ എത്തി. തന്നെ മര്‍ദ്ദിച്ച വൈരാഗ്യത്തില്‍ കബീര്‍ ഇഷ്ടികയെടുത്ത് സൂരജിനെ നേരെ എറിഞ്ഞു. എന്നാല്‍ ഏറുകൊണ്ട സൂരജ് അബോധാവസ്ഥയിലാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. അതെ സമയം വിഷയങ്ങള്‍ക്ക് കാരണമായത് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതാണെന്നാണ് കബീര്‍ കോടതിയുടെ വെളിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. എങ്കിലും സുഹൃത്തുക്കളായിരുന്ന ഇവര്‍ തമ്മില്‍ മദ്യപിക്കുന്നതിനിടയിലുണ്ടായ തര്‍ക്കം അബദ്ധവശാല്‍ കൊലപാതകത്തില്‍ കലാശിച്ചതാണെന്നാണ് പോലീസ് കണക്കാക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. തേജസ് ന്യൂസിന്‍റെ തലക്കെട്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലും പ്രചരിക്കുന്നത്. എന്നാല്‍ അതിലെ വിശദാംശങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്-

തേജസ് ന്യൂസ് റിപ്പോര്‍ട്ട്-

Archived Link | Archived Link |
നിഗമനം
കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം വിളിയുടെ പേരില്‍ നടത്തിയ അക്രമണങ്ങളുടെയും കൊലപാതകത്തിന്‍റെയും പശ്ചാത്തലത്തില്‍ പ്രത്യാക്രമണവും നടന്നു തുടങ്ങിയെന്ന വ്യാഖ്യാനത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്. രണ്ടും വത്യസ്ഥ സാഹചര്യങ്ങളില്‍ നടന്ന സംഭവങ്ങളാണ്. മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ മനപ്പൂര്‍വ്വം നടത്തിയ കൊലപാതകമല്ലിതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അനുമാനിക്കാം.

Title:ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതിന്‍റെ പേരിലാണോ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തിയത്?
Fact Check By: Dewin CarlosResult: False
