വിവരണം

ലോക ബാങ്കിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അഞ്ച് അന്താരാഷ്‌ട്ര സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ലോക ബാങ്ക്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനമായ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കും (International Bank For Reconstruction and Development - IBRD) ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനും (ഐ.ഡി.എ.) ആണ് ലോക ബാങ്കിലെ പ്രമുഖ സംഘടനകള്‍. ഉൽപാദനത്തിനുള്ള മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും വായ്പ നൽകാറുണ്ട്. യുദ്ധക്കെടുതികൾക്ക് വിധേയമായ രാഷ്ട്രങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് ഈ സ്ഥാപനം രൂപംകൊണ്ടത്. ഇന്ത്യ പലതവണ ലോക ബാങ്കില്‍ നിന്നും വായ്പ എടുത്ത കാര്യം നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ലോകബാങ്കും ഇന്ത്യയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റര്‍ രൂപത്തിലുള്ള ചിത്രത്തില്‍ നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: “ചരിത്രത്തിലാദ്യം.! ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല. കാരണം ഒരു അഴിമതി പോലുമില്ലാത്ത സത്യസന്ധമായ ഭരണം തന്നെ. രാഷ്ട്രമാണ് വലുത്- രാഷ്ട്രീയമല്ല”.

archived linkFB post

ഒപ്പം അടിക്കുറിപ്പായി നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: “കാരണം കേരളം ജനിച്ചനാൾ മുതൽ ഓരോ വർഷവും കോടാനുകോടി കടമെടുക്കുന്ന കണക്കുകൾ മാത്രം കേട്ട് ശീലിച്ചവരാണ് നമ്മൾ മലയാളികൾ! മാരത്താൻ ഓട്ടത്തിന് മത്സരിക്കുന്ന സ്പോർട്സ് മാൻ സ്പിരിറ്റോ ടെയാണ് മാറിമാറി ഭരണത്തിലേറിയ ഇടതു വലതു മുന്നണികൾ കടം വാങ്ങി കട്ടുമുടിക്കു ന്നത്!

ഭാ:ക:സാ:അ:

RASHTRASNEHI TV”

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യ ലോക ബാങ്കില്‍ നിന്നും ഒരു രൂപ പോലും കടമെടുത്തിട്ടില്ല എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പറയാം

ഇന്ത്യ ലോക ബാങ്കില്‍ നിന്നും വാങ്ങിയ എല്ലാ കടങ്ങളും വീട്ടി എന്ന് ഇതിനു മുമ്പ് പ്രചരിച്ച മറ്റൊരു വാര്‍ത്തയുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ലേഖനം താഴെ വായിക്കാം.

FACT CHECK: ഇന്ത്യ ലോകബാങ്കില്‍ നിന്ന് വാങ്ങിച്ച എല്ലാം കടങ്ങളും വീട്ടിയോ…? സത്യാവസ്ഥ അറിയൂ…

വസ്തുതാ വിശകലനം

ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇതേ പോസ്റ്റ് പലരും പ്രചരിപ്പിക്കുന്നതായി കണ്ടു.

വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ചു തിരഞ്ഞപ്പോള്‍ ലോക ബാങ്കില്‍ നിന്നും ഇന്ത്യ കടമെടുത്തതിന്റെ യഥാര്‍ത്ഥ വിവരണങ്ങള്‍ ലഭിച്ചു. ഇക്കാര്യം ലോക ബാങ്ക് വെബ്സൈറ്റില്‍ തന്നെ ലഭ്യമാണ്. ആര്‍ക്കും ഇവ അനായാസം പരിശോധിച്ചു നോക്കാവുന്നതേയുള്ളു. ഇന്ത്യക്ക് പണം വായ്പ നല്‍കിയതിനെ പറ്റി പട്ടിക രൂപത്തില്‍ ലോക ബാങ്ക് വെബ്സൈറ്റില്‍ രേഖകള്‍ ലഭ്യമാണ്. ഏതേത് പദ്ധതിക്കായി ആണെന്നും എത്രയാണ് തുകയെന്നും പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താഴെയുള്ള സ്ക്രീന്‍ ഷോട്ടില്‍ നല്‍കിയിരിക്കുന്നത് ഇന്ത്യ ലോക ബാങ്കില്‍ നിന്നും കടമെടുത്തതിന്‍റെ വളരെ ചെറിയ ലിസ്റ്റാണ്.

മുഴുവന്‍ പട്ടിക വെബ്‌സൈറ്റിലുണ്ട്. വിവിധ പദ്ധതികള്‍ക്കായി മില്ല്യന്‍ ഡോളര്‍ തുക ഇന്ത്യ ലോക ബാങ്കില്‍ നിന്നും കടമെടുത്തിട്ടുണ്ട്. ഇന്ത്യ കോവിഡ് -19 എമർജൻസി റെസ്‌പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കാണ് ഏറ്റവുമൊടുവില്‍ 2020 ഡിസംബറില്‍ ഇന്ത്യ ലോക ബാങ്കില്‍ നിന്നും പണം വാങ്ങിയത്. ഏതാണ്ട് 1957 മുതല്‍ ഇന്ത്യ ലോക ബാങ്കില്‍ നിന്നും കടമെടുക്കുന്നതായി പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2008 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഇന്ത്യ കടമെടുക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2020 വരെ അത് തുടര്‍ന്നിട്ടുമുണ്ട്.

കൂടാതെ ഞങ്ങള്‍ക്ക് ലഭിച്ച മറ്റൊരു വാര്‍ത്ത പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ലോക ബാങ്കില്‍ നിന്നും ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 2018 വരെയുള്ള കണക്കുകളുടെ പട്ടിക ദി പ്രിന്‍റ് എന്ന മാധ്യമം നല്‍കിയിട്ടുണ്ട്.

ഏതായാലും 2020 വരെ ഇന്ത്യ ലോക ബാങ്കില്‍ നിന്ന് കടമെടുത്തിട്ടുള്ളതായി ലോക ബാങ്കിന്‍റെ വെബ്സൈറ്റില്‍ തന്നെ രേഖകളുണ്ട്.

റിസര്‍വ് ബാങ്കിന്‍റെ 2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ പൊതുകടം 558.5 ബില്യൺ യുഎസ് ഡോളർ ആണ്. 2019 മാര്‍ച്ചില്‍ നിന്നും 15.4 ബില്യൺ യുഎസ് ഡോളർ കടം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ജൂണ്‍ 30 നാണ്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ഇന്ത്യ ലോക ബാങ്കില്‍ നിന്നും കടമെടുത്തിട്ടുണ്ട്. മാത്രമല്ല, ഏതാണ്ട് 2008 മുതല്‍ തുടര്‍ച്ചയായി ഇന്ത്യ ലോക ബാങ്കില്‍ നിന്നും തുടര്‍ച്ചയായി കടം വാങ്ങുന്നുണ്ട്. ഇക്കാര്യം ആര്‍ക്കും വേള്‍ഡ് ബാങ്ക് വെബ്സൈറ്റില്‍ നിന്നും പരിശോധിക്കാന്‍ കഴിയുന്നതാണ്.

Avatar

Title:ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയൂ...

Fact Check By: Vasuki s

Result: False