വിവരണം

വയനാട്ടില്‍ അമേഠി മോഡല്‍ വികസനം പദ്ധതിയുമായി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മെയ് 24 (2019) മുതല്‍ കോൺഗ്രസ് പോരാളി എന്ന പേജില്‍ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന് 170ല്‍ അധികം ലൈക്കുകളും 65ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധിയുടെ വികസന മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ പല പദ്ധതികളെ കുറിച്ചാണ് വിശദീകരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

വയനാട് ഇനി മാറും..

*വയനാട് ചുരത്തിലെ എല്ലാ വളവും ഒരു കൊല്ലത്തിനകം നിവർത്തും.
* ബാംഗ്ലൂർ രാത്രി യാത്ര നിരോധനം മറി കടക്കാൻ മുത്തങ്ങ മുതൽ ഗുണ്ടൽപ്പേട്ട വരെ നാല് വരി ഫ്ലയ് ഓവർ.
* ആദിവാസികളുടെ ഉല്ലാസത്തിന് അമ്യൂസ്മെന്റ് പാർക്ക്.
* കൽപറ്റയിൽ അന്താരാഷ്ട്ര വിമാനത്താവളം.
* നഞ്ചൻകോഡ് മുതൽ വയനാട് ചുരം വഴി കോഴിക്കോട്ടേക്ക് റെയിൽവേ ലൈൻ.
* പുൽപ്പള്ളിയിൽ ആനകൾക്ക് നീന്തിക്കളിക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽകുളം.
അങ്ങനെ നീളുന്നു വികസന വിപ്ലവം.

IIT അമേഠിയും അമേരിക്കൻ സർവ്വകലാശാലയിലെ പ്രൊഫസർ ലിയോണ സണ്ണിയും ചേർന്ന് തയ്യാറാക്കിയ 365 ദിവസത്തെ മാസ്റ്റർ പ്ലാനുമായി രാഹുൽ വയനാട്ടിലേക്ക്.
കൽപ്പറ്റയിലും മേപ്പാടിയിലും പാവങ്ങൾക്ക് വേണ്ടി നാൽപ്പത് ലക്ഷം സ്ക്വയർ അടിയുള്ള രണ്ട് ഷോപ്പിംഗ് മാൾ സഹിതം.
വയനാടിന്റെ വികസന നായകന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ പൂക്കൾ.

Archived Link

എന്നാല്‍ വിയനാടിന്‍റെ വികസനത്തിനായി രാഹുല്‍ ഗാന്ധി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയോ അമേഠി മോഡല്‍ വികസന വാഗ്ദാനം നല്‍കുകോ ചെയ്തിട്ടുണ്ടോ. ഇത് മുഖ്യധാരമാധ്യമങ്ങള്‍ വഴിയോ കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗങ്ങള്‍ വഴിയോ പ്രഖ്യാപിച്ചിട്ടുണ്ടോ. വസ്‌തുത എന്തെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വളരെ യാദിര്‍ശ്ചികമായി ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അമേഠിയിലെ സിറ്റിങ് എംപിയായിരുന്ന രാഹുല്‍ ഗാന്ധി അതെ ലോക്‌സഭ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും വ്യക്തമാണ്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ഗാന്ധിയുടെ വിജയം ഉറപ്പാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും വിജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തുമെന്നതിനെ കുറിച്ച് വ്യക്തതയില്ലായിരുന്നു. എന്നാല്‍ വോട്ട് അഭ്യര്‍ത്ഥനയില്‍ പ്രളയം തകര്‍ത്ത വയനാടിനെ താന്‍ പുനര്‍നിര്‍മ്മിക്കുമെന്ന വാഗ്ദാനം രാഹുല്‍ വയനാട് ലോക്‌സഭ മണ്ഡലം നിലനിര്‍ത്തുമെന്ന സൂചന നല്‍കുന്നതായി രാഷ്ട്രീയ നിരീക്ഷകരും മുഖ്യധാരമാധ്യമങ്ങളും വിലയിരുത്തി. ഈ ഒരു സൂചനയ്ക്ക് അപ്പുറമായി രാഹുല്‍ വയനാട് മണ്ഡലം നിലനിര്‍ത്തുമെന്നതിനെ കുറിച്ചോ വയനാടിന്‍റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായോ അല്ലെങ്കില്‍ അമേഠി മോഡല്‍ വികസനം കാഴ്ചവയ്ക്കുമെന്നതിനെ കുറിച്ചോ യാതൊരു പ്രഖ്യാപനവും നടത്തിയിരുന്നില്ല. 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അപ്രതീക്ഷിതമായി രാഹുല്‍ അമേഠിയില്‍ തോല്‍ക്കുകയും വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ അടുത്ത ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു വിധത്തിലുള്ള തീരുമാനങ്ങളും ഔദ്യോഗികമായി ഇതുവരെ എടുത്തിട്ടില്ലെന്നതും വ്യക്തമാണ്. മാത്രമല്ല അപ്രായോഗികമായ വികസന പദ്ധതികളെ കുറിച്ചാണ് കോണ്‍ഗ്രസ് പോരാളി എന്ന പേജില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. ഇതുകൂടാതെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത് ഐഐടി അമേഠിയും അമേരിക്കന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലിയോണ സണ്ണിയും ചേര്‍ന്നാണെന്നാണ് പറഞ്ഞിരിക്കുന്ന്. അമേഠിയിലെ ഐഐടി 2016 ഉത്തര്‍പ്രദേശിലെ തന്നെ അലാഹാബാദിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേര് തിരിച്ചെഴുതിയാണ് ലിയോണ സണ്ണിയെന്ന് ആക്കിയിരിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയും.

Archived Link

Archived Link

നിഗമനം

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പലതരത്തിലുള്ള വ്യാജ വാര്‍ത്തകളും സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇതും എന്നത് വ്യക്തമാണ്. രാഹുല്‍ ഗാന്ധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത വികസന മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ വയനാട്ടില്‍ പ്രയോഗികമല്ലാത്ത കാര്യങ്ങള്‍ മാത്രം അക്കമിട്ടു നിരത്തി വികസന പദ്ധതികളാണെന്ന പേരില്‍ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുക മാത്രമാണ് പോസ്റ്റിന്‍റെ ലക്ഷ്യമെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:രാഹുല്‍ ഗാന്ധി വയനാട്ടില്‍ അമേഠി മോഡല്‍ വികസനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചോ?

Fact Check By: Harishankar Prasad

Result: False