ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് മു‌സ്‌ലിം യുവാവോ?

രാഷ്ട്രീയം | Politics

വിവരണം

ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു ചിത്രമാണ് സന്ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയ്ക്ക് നേരെ തേങ്ങ ഓങ്ങി നില്‍ക്കുന്ന ഒരു യുവാവിന്‍റെ ചിത്രം. ചിത്രത്തിലുള്ളത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതൊരു മു‌സ്‌ലിം യുവാവാണെന്ന പേരിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. നാഗരൂര്‍ വിമേഷ് എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലിലാണ് തേങ്ങ എറിഞ്ഞത് മുഹമ്മദ് ഷെജി എന്ന മു‌സ്‌‌ലിം യുവാവാണെന്ന് അവകാശവാദം ഉന്നയിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 2019 ജൂണ്‍ 16ന് അപ്‌ലോഡ് ചെയ്ത പോസ്റ്റിന് ഇതുവരെ 680ല്‍ അധികം ഷെയറുകളും 190ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ശബരിമല സന്ദര്‍ശനത്തിന് എത്തിയ സ്ത്രീയ്ക്ക് നേരെ തേങ്ങയെറിയുന്ന യുവാവ് മുഹമ്മദ് ഷെജി തന്നെയാണോ. ആ ചിത്രത്തലുള്ളത് ഈ മു‌സ്‌ലിം യുവാവ് തന്നെയാണോ. ഫെയ്‌സ്ബുക്ക് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

വ‌സ്‌തുത വിശകലനം

മുഹമ്മദ് ഷെജിയാണ് അയ്യപ്പ ഭക്തന്‍റെ വേഷത്തില്‍ എത്തി തേങ്ങ എറിഞ്ഞതെന്ന പോസ്റ്റിന് കീഴില്‍ തന്നെ ആയുഷ് ചെന്ദ്രാപ്പിന്നി എന്ന ഒരു വ്യക്തി ഇട്ടിരിക്കുന്ന കമന്‍റില്‍ തേങ്ങ എറിയുന്നത് ഷെജിയല്ലെന്നും തനിക്ക് വ്യക്തിപരമായി ഷെജിയെ അറിയാമെന്നും സ്ത്രീയുടെ നേരെ തേങ്ങ എറിയുന്ന യുവാവിനോട് രൂപ സാദൃശ്യമുണ്ടെന്ന് മാത്രമെയുള്ളു എന്നും പറയുന്നുണ്ട്. കൂടാതെ ആയുഷ് തന്നെ ആരോമല്‍ നായര്‍ എന്ന ഒരു വ്യക്തിയുടെ പ്രൊഫൈലിന്‍റെ ചിത്രം കമന്‍റ് ബോക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരോമല്‍ നായരാണ് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൂടാതെ കൃഷ് സിഞ്ചു, റാഷി ആസെന്‍റ് എന്നീ പേരുകളിലുള്ള പ്രൊഫൈലുകളില്‍ നിന്നും ആരോമല്‍ നായരാണ് അക്രമത്തിന് നേതൃത്വം നല്‍കിയ ചിത്രത്തില്‍ പ്രചരിക്കുന്ന വ്യക്തിയെന്ന് ചൂണ്ടിക്കാണിച്ച് ആരോമലിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെ തുടര്‍ന്ന് ആരോമല്‍ നായരുടെ പ്രൊഫൈല്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഒരു ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനാണെന്ന് മനിസിലാക്കാനും കഴിഞ്ഞു. മുഹമ്മദ് ഷെജിയാവട്ടെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സജീവ പ്രവര്‍ത്തകനാണെന്നും പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. ആരോമല്‍ നായരെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിരുന്നു എന്ന് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ പ്രൊഫൈലുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു-

Aromal Nair

Muhammad Sheji

നിഗമനം

മുഹമ്മദ് ഷെജിയെന്ന യുവാവിന്‍റെ സുഹൃത്ത് തന്നെ പോസ്റ്റിന്‍റെ കമന്‍റില്‍ അക്രമി ഷെജിയല്ലെന്ന് വ്യക്തമാക്കുകയും ഒപ്പം യഥാര്‍ത്ഥ പ്രതിയുടെ പ്രൊഫൈല്‍ സഹിതം പങ്കുവയ്ക്കുകയും ചെയ്തതില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ വിഷയത്തില്‍ ഉള്‍പ്പെട്ട യുവാവിന്‍റെ ചിത്രം ഒന്നിലധികം പേര്‍ കമന്‍റ് ബോക്സിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല യഥാര്‍ത്ഥ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന യുവാവിന്‍റെ പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഒരു ഹൈന്ദവ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണെന്നും തെളി‍ഞ്ഞിട്ടുണ്ട്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചതെന്ന വാര്‍ത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചിത്രവുമായി കൂട്ടിവായിക്കുമ്പോള്‍ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് ആരോമല്‍ നായര്‍ എന്ന വ്യക്തിയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

Avatar

Title:ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് മു‌സ്‌ലിം യുവാവോ?

Fact Check By: Harishankar Prasad 

Result: False