അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശന അനുമതി നിഷേധിക്കപ്പെടാതെ ഇരിക്കാന്‍ താന്‍ കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കി എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ട്.

പ്രചരണം

മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലംനൽകിയതായി സൂചിപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പൂരിപ്പിച്ച് നൽകിയ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരിക്കുന്നത്. “ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് എഴുതി കൊടുക്കേണ്ട ഗതികേട് വന്ന നാറിയ നാണംകെട്ട കേരളത്തിൻറെ മുഖ്യമന്ത്രിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ” എന്ന വാചകങ്ങള്‍ കൂടി പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു

വസ്തുത ഇങ്ങനെ

കമ്മ്യൂണിസ്റ്റുകൾക്ക് അമേരിക്കയെ പ്രവേശനം നിഷേധിച്ചിരുന്നു എന്ന് മുൻപ് പ്രചരിച്ചപ്പോൾ ഞങ്ങൾ അതിനുമുകളിൽ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

ഞങ്ങള്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വന്നു കഴിഞ്ഞു.

അമേരിക്കയെ കമ്മ്യൂണിസ്റ്റുകൾ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്ന വാർത്തയുടെ യഥാർത്ഥ വസ്തുത ഇതാണ്: അമേരിക്ക ഇതര രാജ്യത്തിലെ പൗരന്മാർക്ക് പലതരം വിസകളാണ് നൽകുന്നത്. സ്ഥിരതാമസത്തിന് അതായത് അമേരിക്കൻ പൗരത്വം സ്വീകരിച്ച് താമസിക്കുന്നതിന് ചൈനയിൽനിന്നുള്ള കമ്മ്യൂണിസ്റ്റുകൾക്ക് പ്രവേശനം നിഷേധിക്കുന്നതായി കരട് ബില്‍ തയ്യാറാക്കിയിരുന്നു. മറ്റ് യാതൊരു വിധത്തിലുള്ള വിസകൾക്കും ഇത് ബാധകമല്ല. അമേരിക്ക സന്ദർശിക്കാനുള്ള വിസ അപേക്ഷയിൽ ആരുടെയും രാഷ്ട്രീയ ചോദിക്കുന്നില്ല എന്നാണ് കോഴിക്കോട് കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചത്. അമേരിക്കയിൽ താമസിക്കുന്ന സ്ഥിരതാമസക്കാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കുമ്പോൾ ഒരു ചോദ്യം ഉണ്ടാവാറുണ്ട്. യുണൈറ്റഡ് സിറ്റിസണ്‍ഷിപ് ആന്‍റ് ഇമിഗ്രേഷന്‍ സര്‍വീസസ് 2020 ഓക്ടോബര്‍ രണ്ടിന് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരുന്നു.

എന്നാൽ മറ്റേതെങ്കിലും രാജ്യത്തെ പൗരന്മാർ അമേരിക്കൻ സന്ദർശിക്കുമ്പോൾ ഇത്തരത്തിൽ ഒരു ചോദ്യം പൂരിപ്പിച്ചു നൽകേണ്ട യാതൊരു കോളവും ഫോമിലില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് നേപ്പാള്‍ അമേരിക്കന്‍ എംബസി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

പോസ്റ്റിലെ പ്രചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സന്ദർശനത്തിന് വേണ്ടി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലം പൂരിപ്പിച്ച് നൽകി എന്നാണ് പറയുന്നത്. ഞങ്ങൾ ഇതേ കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തിന്‍റെ പ്രസ്സ് സെക്രട്ടറി പി എം മനോജുമായി സംസാരിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: “അമേരിക്കയിൽ സന്ദർശനത്തിനായി ചെല്ലുന്നവർക്കും ചികിത്സാർത്ഥം ചെയ്യുന്നവർക്കും ബി വണ്‍, ബി റ്റൂ വിസകളാണ് അനുവദിക്കുക. ഇത്തരം വിസകൾക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ വ്യക്തിയുടെ രാഷ്ട്രീയം ഒരിടത്തും ചോദിക്കുന്നില്ല. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഡിപ്ലോമാറ്റിക് വിസയിലാണ്. ഈ വിസയ്ക്ക് ഇത്തരത്തിലുള്ള യാതൊന്നും ബാധകമല്ല. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് മുഖ്യമന്തിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്.”

അമേരിക്കയിലേക്ക് പോകാൻ മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലം നൽകി എന്നത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. അമേരിക്കയിൽ പോകാൻ താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നൽകി എന്നുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് കമ്മ്യൂണിസ്റ്റുകൾക്ക് പ്രവേശനം നിഷേധിക്കുന്ന എന്ന തരത്തിൽ അമേരിക്കയിൽ യാതൊരു നിയമങ്ങളും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അമേരിക്കയില്‍ പോകാനായി താന്‍ കമ്മ്യൂണിസ്റ്റ് അല്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയെന്ന് വ്യാജ പ്രചരണം... സത്യമറിയൂ...

Fact Check By: Vasuki S

Result: False