
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി ആയത് മുതല്‍, കെകെ ഷാഫിയോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോഴും കെകെ ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ ഏറെ വേട്ടയാടുന്നുണ്ട്. ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ പ്രസ്താവനകളും മറ്റ് നേതാക്കള്‍ അവരെ വിമര്‍ശിച്ചു നടത്തിയെന്ന പേരില്‍ വ്യാജ പരാമര്‍ശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നു. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഇസ്ലാം വര്‍ഗീയതയെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് ഇക്കഴിഞ്ഞ ദിവസം ശൈലജ ടീച്ചര്‍ സഭയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം പ്രസ്തുത പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ന്യൂനപക്ഷ വർഗീയതയെ വിമർശിച്ചു സംസാരിച്ച ശൈലജ ടീച്ചറോട് വാക്കുകൾ നിയന്ത്രിക്കാൻ പ്രകോപിതനായ സ്പീക്കര്‍ എഎൻ ഷംസീർ ആവശ്യപ്പെട്ടു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഷൈലജ ടീച്ചർ പ്രസംഗിക്കുന്നതിനിടെ സ്പീക്കര്‍ എഎന്‍ ഷംസീർ സംസാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ടീച്ചർ പറഞ്ഞു വന്നത് ഷംസീർ ഇക്കാക്കയ്ക്ക് അങ്ങോട്ട് പിടിക്കുന്നില്ല…
ടീച്ചർ ചോദിച്ചത് ന്യായം അല്ലെ.. ❓”
എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. വീഡിയോയിൽ ശൈലജ ടീച്ചർ പറയുന്നത് ഇങ്ങനെ: “മുസ്ലിം ലീഗിനെ ഞങ്ങൾ വർഗീയ പാർട്ടിയായി പറഞ്ഞിട്ടില്ല, പക്ഷേ ഭൂരിപക്ഷം ഹൈന്ദവ വര്‍ഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയ്യാറാവുന്നുണ്ട് . ഹിന്ദുരാഷ്ട്രവാദത്തെ എതിർക്കുമ്പോൾ ഇസ്ലാം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ എൽഡിഎഫിനും കഴിയണം യുഡിഎഫിനും കഴിയണം ഇവിടെ ഉണ്ടായതെന്താ? എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല…” കെ കെ ശൈലജ ഇത്രയും പറഞ്ഞപ്പോൾ “ടീച്ചർ സംസാരിച്ച് കൺക്ലൂഡ് ചെയ്യ്… പ്ലീസ്… പ്ലീസ്… കൺക്ലൂഡ് ചെയ്യ്… “ എന്ന് സ്പീക്കർ എ എ എൻ ഷംസീർ പറയുന്നത് വരെയാണ് പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളുടെ ദൈർഘ്യം.
വീഡിയോയുടെ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ നിയമസഭയുടെ യൂട്യൂബ് ചാനലായ സഭാ ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചു നോക്കി.
2024 ജൂലൈ 9 ന് നിയമസഭയിൽ നടന്ന ധനവിനിയോഗ ബില്ലിനെ കുറിച്ചുള്ള ചർച്ച നടക്കുന്ന സമയത്ത് സ്പീക്കർ കെ കെ ശൈലജയ്ക്ക് സംസാരിക്കാനായി 13 മിനിറ്റ് സമയമാണ് അനുവദിച്ചത്. ശൈലജ ടീച്ചർ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ സമയം പൂർത്തിയായി. സമയം അവസാനിച്ച കാര്യം കെകെ ശൈലജയെ അറിയിക്കാനായി സ്പീക്കർ ബെൽ അമർത്തുകയും പിന്നീട് “യേസ്… പ്ലീസ്…” എന്ന് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.
സമയം അവസാനിച്ചു എന്നുള്ള സൂചന ലഭിച്ചുകഴിഞ്ഞു പ്രസംഗം തുടരാൻ ഒരു മിനിറ്റ് സർ എന്ന് അഭ്യർത്ഥിച്ച ശേഷമാണ് ഷൈലജ ടീച്ചർ വീണ്ടും വർഗീയതയെ കുറിച്ച് പറയുന്നത്. പോസ്റ്റിലെ വീഡിയോയിൽ കാണുന്ന കാര്യങ്ങളാണ് തുടർന്ന് സഭയിൽ അവതരിപ്പിക്കുന്നത്. ടീച്ചർ സംസാരിച്ച് അത് കൺക്ലൂഡ് ചെയ്യ്… എന്നാണ് സ്പീക്കർ പറയുന്നത്.
അനുവദിച്ച സമയം തീർന്നു തീർന്നിട്ടും പ്രസംഗം തുടർന്നതിനാലാണ് സ്പീക്കർ ഷൈലജ ടീച്ചറോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കെ കെ ശൈലജയുമായി സംസാരിച്ചു. “പൂർണമായും വ്യാജ പ്രചരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണവേള മുതൽ ഇങ്ങനെ പലതരം തരംതാണ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയാണ്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. വീഡിയോ ഉപയോഗിച്ച് വെറുതെ ദുഷ്പ്രചരണം നടത്തുകയാണ്.”
തുടർന്ന് ഞങ്ങൾ സ്പീക്കർ എ ഷംസീറുമായി സംസാരിച്ചു: “തെറ്റിദ്ധാരണ പരത്തു യും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണം മാത്രമാണിത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെകെ ശൈലജ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിക്കുമ്പോൾ ഇതിൽ പ്രകോപിതനായി സ്പീക്കര്‍ എഎൻ ഷംസീർ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു എന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്. ശൈലജ ടീച്ചർക്ക് അനുവദിക്കപ്പെട്ട സമയം തീർന്നു കഴിഞ്ഞിട്ടും പ്രസംഗം തുടർന്നതിനാലാണ് സ്പീക്കർ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി സഭയില്‍ സംസാരിച്ചതില്‍ പ്രകോപിതനായി സ്പീക്കര്‍ കെകെ ശൈലജയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False



