വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ..

Photo Credit Pinarayi Vijayan official FB page

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടം ആര്‍ക്കാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.കെ.നായനാര്‍, വി.എസ്.അച്യുതാന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ പേരുകളിലാണ് ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നേട്ടം ആര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ്. നാള്‍ വഴികള്‍ ഇപ്രകാരമാണ്-

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടിഷ് ഭരണകാലത്താണ്. തിരുവിതാംകൂര്‍ മുന്‍കൈ എടുത്ത് തുറമുഖ നിര്‍മ്മാണത്തിനായി ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അനുമതി തേടി. അന്ന് മലബാറും കൊച്ചിയും തിരുവിതാംകൂറും മൂന്നായി തിരിച്ചാണ് ഭരണം. എന്നാല്‍ തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചതോടെ കൊച്ചി തുറമുഖം മാത്രം മതിയെന്നും കൊച്ചി വാണിജ്യ നഗരവും തിരുവനന്തപുരം ഭരണസിരാകേന്ദ്രമായി തുടരട്ടെയെന്നും അധികാരികള്‍ തീരുമാനിച്ചു.

ഏറെ കാലങ്ങള്‍ക്ക് ശേഷം 1996ല്‍ ഇ.കെ.നായനാര്‍ വീണ്ടും വിഴി‍ഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുമാര്‍ എനര്‍ജി എന്ന കമ്പനിയെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചായിരുന്നു അന്നത്തെ നീക്കം. എന്നാല്‍ ഈ ധാരണപത്ര പ്രകാരം തുടര്‍ന്നുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ വീഴ്ച്ച സംഭവിച്ചു. അങ്ങനെ പദ്ധതി സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു.

2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം ഡെവലപ്പേഴ്‌സ് ചൈനീസ് കമ്പനികളായ കൈദി ഇലക്ട്രിക് പവര്‍ കൊ, ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കൊ. എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിര്‍മ്മാണത്തിനായി ധാരണയായത്. മൂന്ന് ഘട്ടങ്ങളിലായി 4200 കോടി രൂപയാണ് കണക്കാക്കിയത്. ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാന്‍ 1850 കോടി രൂപയ്ക്ക് ധാരണയാകുകയും ചെയ്തു.

2006ല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച് ഒന്നാം ഘട്ടം 2009ല്‍ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. സംസ്ഥാന സർക്കാർ തുറമുഖത്തിന്റെ 24 ശതമാനം ഓഹരികളുമായി മൈനോരിറ്റി സ്റ്റേക്ക് ഹോൾഡറായി നിൽക്കാനുമായിരുന്നു തീരുമാനം.

വീണ്ടും കേന്ദ്രത്തിന്‍റെ റെഡ് സിഗ്നല്‍..

സംസ്ഥാനത്തെ ഭരണം വീണ്ടും മാറുകയും വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ പദ്ധതിക്കുള്ള അനുമതി വീണ്ടും നിഷേധിച്ചു. ഇതോടെ ധാരണപത്രവും റദ്ദായി. ചൈനീസ് കമ്പനികള്‍ കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടതാണ് അനുമതി നിഷേധിച്ചതിനെ കുറിച്ച് യുപിഎ സര്‍ക്കാര്‍ പറഞ്ഞ ന്യായം. പക്ഷെ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലാ. പദ്ധതി നടത്തിപ്പിനായി റീ ടെന്‍ഡര്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. 2008ല്‍ ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് ലാന്‍കോ കൊണ്ടപ്പള്ളി പവര്‍ പ്രൈവറ്റ് ലിമിറ്റ‍ഡ് (എല്‍കെപിപിഎല്‍) എന്ന കമ്പനി സമര്‍പ്പിച്ച ടെന്‍ഡറില്‍ സര്‍ക്കാര്‍ ധാരണയായി. എന്നാല്‍ മുന്‍പ് ധാരണയില്‍ ഒപ്പ് വെച്ച സൂം ഡെവലപ്പേഴ്‌സ് കമ്പനി ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചു. ഇതോടെ എല്‍കെപിപിഎല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറി. 2008ല്‍ തന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് സുരക്ഷ പ്രശ്നങ്ങളില്ലായെന്നും അനുമതി നല്‍കുന്നതായും സംസ്ഥാന സര്‍ക്കാരിനെ അറയിച്ചു.

2009ല്‍ പദ്ധതിക്ക് സഹായവുമായി വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് അംഗമായ ഇന്‍റര്‍നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്‍റ് രംഗത്ത് വന്നു. എന്നാല്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു. പദ്ധതിക്ക് ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തുകയും പൊതു-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിനായി പുതിയ ടെന്‍ഡര്‍ നടപടികള്‍ 2012ല്‍ ആരംഭിച്ചു. എന്നാല്‍ നിര്‍മ്മാണചിലവ് ഈ കാലയളവില്‍ വലിയ നിലയില്‍ ഉയര്‍ന്നിരുന്നു. 14,283 കോടി രൂപ ചെലവ് ഇതിനായി വേണ്ടി വരുമെന്നും ഡിലോയ്റ്റ് എന്ന ഏജൻസി നൽകിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ഒപ്പം പദ്ധതി നടത്തിപ്പിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പും ശക്തമാകുകയായിരുന്നു. എന്നാലും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലായെന്നും നടപ്പിലാക്കുമെന്നും യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു.

കേന്ദ്രത്തിലെ ഭരണമാറ്റം..

2014 ജനുവരിയില്‍ യുപിഎ സര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കി. അതെസമയം മെയ് മാസത്തില്‍ യുപിഎ ഭരണം അവസാനിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തുകയും ചെയ്തു. 2014 ജൂണില്‍ ഉമ്മന്‍ ചാണ്ടി കേന്ദ്രധനസഹായം ആവശ്യപ്പെട്ട് പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.

2014 ഓഗസ്റ്റ് ഒന്‍പതിന് ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ ഇപ്രകാരമാണ്-

വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേരളം സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രപാരിസ്ഥിതികാനുമതി ലഭിച്ചു കഴിഞ്ഞു. പദ്ധതിക്കുവേണ്ട സ്ഥലത്തില്‍ 90% ഏറ്റെടുത്തു. ജലവിതരണത്തിനും വൈദ്യുതി വിതരണത്തിനുമുള്ള നടപടികള്‍ പൂര്‍ത്തിയായി. റെയില്‍വേ ലൈനിനുവേണ്ടി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ സമിതിയായ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. ധനകാര്യ സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് ഇനി തുക അനുവദിക്കേണ്ടത്. ഈ തുറമുഖം വികസിപ്പിച്ചെടുത്താല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റിനു വിദേശതുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമൊട്ടാകെയും ദക്ഷിണേന്ത്യയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഉല്ലാസനൗകയടക്കമുള്ള സൗകര്യം ഉണ്ടാകുമ്പോള്‍ ടൂറിസവും വളരും.

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post

2015ല്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി തുറമുഖ ശൃംഖല കൈവശമുള്ള അദാനി ഗ്രൂപ്പ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ പദ്ധതി നടപ്പിലാകുമെന്ന പ്രത്യാശയിലായി. എന്നാല്‍ പദ്ധതി അദാനിയെ ഏല്‍പ്പെച്ചതില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കരാറില്‍ സുതാര്യത വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

സംസ്ഥാനത്തെ ഭരണമാറ്റം..

2016 ല്‍ സംസ്ഥാനത്തെ ഭരണം യുഡിഎഫിന് നഷ്ടമാകുന്നു. ഇതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തി. അദാനിയുമായുള്ള കരാറുമായി പ്രവര്‍ത്തികള്‍ മുന്നോട്ട് നീങ്ങി. ആകെ 8867 കോടി രൂപ ചെലവായ പദ്ധതിയില്‍ 818 കോടി രൂപ കേന്ദ്രം നിക്ഷേപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപം 5595 കോടി രൂപയാണ്. ബാക്കി 2454 കോടി രൂപ അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപമാണ്. എക്ണോമിക്‌സ് ടൈം റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

ഇതിനിടയിൽ വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി ഹരിത ട്രിബ്യൂണലിൽ ഹര്‍ജി എത്തുന്നു. 2016 സെപ്തംബറിൽ ഈ ഹര്‍ജി ട്രിബ്യൂണല്‍ തള്ളിയതായി ഉത്തരവ് വന്നു. തീരശോഷണത്തിന് സാധ്യതയുള്ള തീര പ്രദേശമാണ് വിഴിഞ്ഞം എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വാദത്തെ തള്ളുന്ന റിപ്പോർട്ടാണ് നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ് നൽകിയത്. ഈ റിപ്പോര്‍ട്ടിനെ വിശ്വാസത്തിലെടുത്ത അടിസ്ഥാനത്തിലാണ് ട്രിബ്യൂണൽ ഹര്‍ജി തള്ളിയത്.

സിഎജി റിപ്പോര്‍ട്ടിലെ ആശങ്ക..

പൊതു-സ്വകാര്യ നിർമ്മാണ പദ്ധതികളിൽ 30 വർഷമാണ് കൺസെഷൻ പിരീഡ് എന്നും എന്നാല്‍ അദാനിക്ക് 10 വർഷം കൂടുതൽ നൽകിയെന്നുമായിരുന്നു സിഎജി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ട് 2017ല്‍ നിയമസഭയില്‍ നല്‍കിയത്. 29,217 കോടി രൂപ അദാനിക്ക് ലഭിക്കുമ്പോള്‍ 70 ശതമാനത്തോളം സംസ്ഥാന സര്‍ക്കാരിന് നിക്ഷപമുള്ള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ലാഭം ആനുപാതികമായ ലാഭം തിരികെ ലഭിക്കില്ലായെന്ന നിലയിലാണ് അദാനിയുമായുള്ള കരാര്‍ എന്നാണ് സിഎജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

സിഎജി റിപ്പോര്‍ട്ട് തള്ളാതെ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നും സിഎജി നല്‍കിയ റിപ്പോര്‍ട്ടിലെ കരാറില്‍ ഒപ്പ് വെച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ നിന്നും ഇനി പിന്മാറിയാല്‍ ഭീമമായ നഷ്ടം സംസ്ഥാന സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വൈകാന്‍ കാരണം..

2019ല്‍ ആയിരുന്നു പദ്ധതി പൂര്‍ത്തീകരണത്തന് ലക്ഷ്യമിട്ടത്. എന്നാല്‍ ഓഖിയും മഹാപ്രളയും പിന്നീട് വന്ന കോവിഡ് മഹാമാരിയും പദ്ധതി നടത്തിപ്പ് നിശ്ചലമാക്കുന്ന അവസ്ഥയിലെത്തിച്ചു. നിര്‍മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡും വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡും തമ്മിൽ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രതിസന്ധി തുടര്‍ന്നാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകുമെന്ന് വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകളോടെ നിര്‍മ്മാണപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍മ്മാണം തടസപ്പെട്ടതിന് 3854 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്‍റെ ആവശ്യം. എന്നാല്‍ ഇരുകൂട്ടരും മദ്ധ്യസ്ഥ ചര്‍ച്ചകളില്‍ നിന്നും പിന്മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇതോടെ അഞ്ച് വര്‍ഷം അധികം പദ്ധതി പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഒന്നാം ഘട്ടത്തില്‍ ഇനിയുള്ള പ്രവര്‍ത്തികള്‍ 2024 ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 10,000 കോടി രൂപ മുതല്‍മുടക്കില്‍ 2045 പൂര്‍ത്തീകരിക്കേണ്ട രണ്ടും മൂന്നും ഘട്ടങ്ങള്‍ അദാനി ഗ്രൂപ്പ് 2028 പൂര്‍തീകരിക്കുമെന്നാണ് ഇപ്പോള്‍ വ്യവസ്ഥ. 17 വര്‍ഷം മുന്‍പായി പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ വലിയ നിക്ഷേപ സാധ്യതയാണ് ഇതിലൂടെ ഉടലെടുക്കുന്നത്.

അതുകൊണ്ട് തന്നെ എല്‍‍ഡിഎഫും യുഡിഎഫും കഠിന പ്രയത്നം നടത്തിയാണ് വിഴിഞ്ഞം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നതില്‍ സംശയമില്ലാ. ഒപ്പം എന്‍‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച അനുകൂല നിലപാടും അദാനി ഗ്രൂപ്പിന്‍റെ ദ്രുതഗതിയിലുള്ള നിര്‍മ്മാണവും പദ്ധതി പൂര്‍ത്തീകരണത്തിന് കരുത്തായി. തീരദേശത്തെ ദിവസങ്ങള്‍ നീണ്ട് നിന്ന പ്രതിഷേധങ്ങളും മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ച് പ്രതികൂലമായ പല സാഹചര്യങ്ങളെയും അനുകൂലമാക്കിയാണ് വിഴിഞ്ഞത് പ്രതീക്ഷകളോടെ ഇപ്പോള്‍ കപ്പലടുത്തിരിക്കുന്നത്.

References Mathrubhumi, Economics Times, Samayam Pressroom - IFC, Financial Express, Projects Today

Avatar

Title:വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ നാള്‍വഴികള്‍.. പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളറിയാം..

Fact Check By: Dewin Carlos

Result: Insight