
വിവരണം
പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ ഒരു കങ്കാരു💔🙏” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് വനപ്രദേശം പോലെ തോന്നുന്ന ഒരിടത്ത് ഒരു കങ്കാരു യുവതിയോട് തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തുന്ന ദൃശ്യങ്ങളുള്ള 38 സെക്കന്‍റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ്.

archived link | FB post |
ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ഈ യുവതിയുടെ സമീപത്തേയ്ക്ക് എത്തിയ കങ്കാരു ആണിതെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. ഓസ്‌ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പ്രചരിച്ചിക്കുന്നുണ്ട്. ചില ചിത്രങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയുമായി യാതൊരു ബന്ധവുമില്ലാത്തവയാണ് അതിൽ ചിലത് എന്നു ഞങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റിൽ അവയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് സന്ദർശിച്ച് അവ വായിക്കാവുന്നതാണ്.
ഈ വീഡിയോ ഇപ്പോഴത്തെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ അന്വേഷണം
ഈ വീഡിയോ കാണുമ്പോൾ ഒരു കാര്യം വ്യക്തമാകും, ഈ കങ്കാരൂ മനുഷ്യരോട് വളരെയധികം ഇണക്കമുള്ള പ്രകൃതമാണ് കാണിക്കുന്നത്. കാട്ടിൽ നിന്ന് എത്തിയവ സാധാരണ ഇത്ര അടുപ്പം കാണിക്കില്ല. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് വിശ്വസിക്കാനാകില്ല. തുടർന്ന് ഞങ്ങൾ ഇൻവിഡ് എന്ന വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് വീഡിയോയുടെ കീ ഫ്രയിമുകൾ വേർതിരിച്ചു. അവയിൽ പ്രധാനപ്പെട്ട ചില ഫ്രയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ വീഡിയോയെ പറ്റിയുള്ള യഥാർത്ഥ വിവരണങ്ങൾ ലഭിച്ചു.
ഈ വീഡിയോ ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ അവസ്ഥ പ്രതിനിധാനം ചെയ്ത് ഓസ്‌ട്രേലിയയിൽ നിന്നുള്ളവരടക്കം പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരത്തിൽ ലഭിച്ച ഒരു പോസ്റ്റിൽ ഈ വീഡിയോ ഏതെങ്കിലും കാട്ടുതീയുമായി ബന്ധപ്പെട്ടതല്ല, ആലീസ് സ്പ്രിങ്ങിലെ കങ്കാരൂ സംരക്ഷണ കേന്ദ്രത്തിൽ നിന്നുമുള്ളതാണ് എന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

പോസ്റ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആലീസ് സ്പ്രിംഗ് കങ്കാരൂ കേന്ദ്രത്തിന്‍റെ പേജിൽ നോക്കിയപ്പോൾ ഈ വീഡിയോ അവർ 2020 ജനുവരി രണ്ടാം തിയതി പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു.
archived link | the kangaroo sanctuary |
പോസ്റ്റിന് “അബി രാജ്ഞിയും ലോറ ആന്‍റിയും അവരുടെ സ്നേഹത്തിന്‍റെ വലിയ ആലിംഗനങ്ങളിൽ…” എന്ന അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. മധ്യ ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗ് കങ്കാരൂ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മറ്റു ചില വീഡിയോകളും അവർ ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റിൽ കൂടുതൽ ചിത്രങ്ങളും വീഡിയോകളും കങ്കാരൂ കേന്ദ്രത്തെ പറ്റിയുള്ള വിവരണങ്ങളും ഉണ്ട്.
ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നത് ജാനുവരി 5 നാണ്. ഓസ്‌ട്രേലിയയിലെ കാട്ടുതീയെപ്പറ്റി നിരവധി മാധ്യമ വാർത്തകളുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഓസ്‌ട്രേലിയയിൽ ഇപ്പോഴുണ്ടായ കാട്ടുതീയിൽ പെട്ട കങ്കാരുവിന്‍റെതല്ല. മധ്യ ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിങ് കങ്കാരൂ സംരക്ഷണ കേന്ദ്രത്തിലെ ദൃശ്യങ്ങളാണിത്. ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

Title:ഇത് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ കങ്കാരു അല്ല….
Fact Check By: Vasuki SResult: False
