മുസ്‌ലിം ഭവനങ്ങളില്‍ പോലീസ് വേഷമണിഞ്ഞ് എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരാണോ വീഡിയോയില്‍ ഉള്ളത്?

രാഷ്ട്രീയം | Politics

വിവരണം

ഇതാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്നത് പോലീസ് വേഷാധാരികളായ

ചാണക സംഘികൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോയും വാട്‌സാപ്പ് സന്ദേശത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ടും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എല്ലാ മുസ്‌ലിങ്ങളിലേക്കും ഈ സന്ദേശം എത്തിക്കുക രേഖകള്‍ ആവശ്യപ്പെട്ട് വീട്ടില്‍ ആര് തന്നെ വന്നാല്‍ നല്‍കാന്‍ പാടില്ല. അധികാരികളോ പ്രദേശത്തെ മസ്ജിദ് ഇമാമോ നല്‍കിയ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമെ രേഖകള്‍ കൈമാറ്റം ചെയ്യാവു എന്നതാണ് സ്ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പ്രവവര്‍ത്തകര്‍ പോലീസ് വേഷമണിഞ്ഞ് വീടുകളില്‍ എത്തി രേഖകള്‍ ശേഖരിക്കുന്നു എന്നതാണ് പോസ്റ്റിലെ ആരോപണം. റംസാന്‍ വിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,500ല്‍ അധികം ഷെയറുകളും 31ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

വീഡിയോ-

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ വീഡിയോയില്‍ കാണുന്നത് പോലീസ് വേഷത്തില്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരാണോ? മുസ്‌ലിം വീടുകളില്‍ നിന്നും രേഖകള്‍ ശേഖരിക്കുന്നുണ്ടോ? എന്താണ് പോസ്റ്റിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തതെവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ട്വിറ്ററില്‍ നീരവ് ഷാ എന്ന വ്യക്തിയാണ് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്ന ഡേറ്റ് ആവട്ടെ 2019 ജൂണ്‍ 11ന്. അതായത് കഴിഞ്ഞ ഏഴ് മാസങ്ങള്‍ മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ പൗരത്വം ഭേദഗതി നിയമത്തിന്‍റെ പേരിലാക്കി പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ പോലീസ് വേഷം അണിഞ്ഞ് എത്തിയവര്‍ യഥാര്‍ഥത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അല്ല. എന്നാല്‍ അവര്‍ പൗരത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം വീടുകളില്‍ എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരുമല്ല. വീടുകള്‍ കയറി ഇറങ്ങി പണപ്പിരിവ് നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് അവര്‍. വീഡിയോയിലും പണപ്പിരിവിനെത്തിയവരെ വീട്ടുകാര്‍ ചോദ്യം ചെയ്യുന്നത് തന്നെയാണുള്ളത്. പണം വാങ്ങിയ ശേഷം ഇവര്‍ ഒരു പുസ്തകത്തില്‍ പേര് രേഖപ്പെടുത്തിയപ്പോള്‍ എന്തിനാണ് പേര് എഴുതുന്നതെന്നും പോലീസ് വേഷം അണിഞ്ഞ് എത്തി കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് വീട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. പോലീസ് വേഷത്തിന് സമാനമായ വേഷം ധരിച്ച് പിരിവ് നടത്തുന്ന ധാരാളം സംഘങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. 

സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുംബൈ ജൂഹു പോലീസുമായി ബന്ധപ്പെട്ടു. പോലീസ് പറഞ്ഞതിങ്ങനെയാണ്-

മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത സംഭവമാണിത്. പോലീസ് വേഷമണിഞ്ഞ് എത്തി പണപ്പിരിവ് നടത്തുന്ന സംഘമാണിവര്‍. ഇവര്‍ക്ക് പോലീസുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് വ്യക്തമാക്കി.

മുംബൈയിലെ വിലേ പാര്‍ലെ എന്ന പ്രദേശത്ത് നടന്ന സംഭവാണിതെന്നും ട്വീറ്റില്‍ നീരവ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തെ കുറിച്ച് അന്വേഷിക്കാമെന്ന് മുംബൈ പോലീസ് ട്വീറ്റിനോട് പ്രതികരിച്ചിട്ടുമുണ്ടായിരുന്നു.

നീരവ് ഷാ എന്ന വ്യക്തി 2019 ജൂണ്‍ 11ന് വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍-

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ തീയതി വ്യക്തമായി കാണാം-

മുംബൈ പോലീസ് നീരവിന്‍റെ ട്വീറ്റില്‍ പ്രതികരിച്ചപ്പോള്‍-

Tweet

നിഗമനം

പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്‍പ് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തെ കുറിച്ച് വ്യാജമായ ആരോപണം ഉന്നയിച്ചാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ വീടുകളില്‍ പോലീസ് വേഷം അണിഞ്ഞ് എത്തിയവര്‍ നടത്തിയ പണപ്പിരിവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പൗരത്വ രേഖകള്‍ ശേഖരിക്കാന്‍ മുസ്‌ലിം വീടുകളില്‍ എത്തിയ സംഘപരിവാറുകാര്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:മുസ്‌ലിം ഭവനങ്ങളില്‍ പോലീസ് വേഷമണിഞ്ഞ് എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരാണോ വീഡിയോയില്‍ ഉള്ളത്?

Fact Check By: Dewin Carlos 

Result: False