
വിവരണം
Sajan Scaria എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കന്യാകുമാരി ജില്ല പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന CCTV ദൃശ്യം???” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. സ്വച്ഛന്ദമായ ഒരു നീർച്ചാലും അതിൽ സ്ഫോടനം പോലെ പെട്ടെന്ന് എന്തോ സംഭവിക്കുകയും വെള്ളം പെട്ടെന്ന് ഇളകിമറിഞ്ഞുയരുന്നതുമായ ദൃശ്യങ്ങളാണുള്ളത്.

archived link | FB post |
കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിൽ നിന്നും കനാലിലേക്ക് ഒഴുക്കുന്ന വെള്ളത്തിൽ ഇടിമിന്നലേൽക്കുന്നതിന്റെ സിസിടിവി ദൃശ്യമാണിത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. നാഗർകോവിൽ നഗരത്തിൽ നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പേച്ചിപ്പാറൈ റിസർവോയർ 1897 -1906 കാലത്ത് ബ്രിട്ടീഷുകാർ കോടയാർ നദിക്കു കുറുകെ പണികഴിപ്പിച്ച ഡാമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
റിസർവോയറിന്റെയും ഡാമിന്റെയും നിരവധി ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

എന്നാൽ പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന പ്രദേശവുമായി ഇവയ്ക്ക് യാതൊരു സാമ്യതയും അവകാശപ്പെടാനില്ല. പോസ്റ്റിലെ ദൃശ്യങ്ങൾക്ക് വിദേശ രാജ്യങ്ങളിലെ സ്ഥലത്തോടാണ് കൂടുതൽ സമാനത തോന്നുന്നത്
നമുക്ക് ഈ വീഡിയോയുടെ വസ്തുത ഒന്ന് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ ivid എന്ന വീഡിയോ അനലൈസിംഗ് ടൂളുപയോഗിച്ച് വിവിധ ഫ്രയിമുകളായി വിഭജിച്ചു. ശേഷം അതിൽ നിന്നും പ്രധാനപ്പെട്ട ഒരു ഫ്രെയിം ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ഈ വീഡിയോ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിൽ നിന്നും കനാലിലേക്ക് വെള്ളം ഒഴുക്കുന്നതിന്റെതല്ല എന്ന് വളരെ എളുപ്പം മനസ്സിലായി. ഈ വീഡിയോ ‘നദിയിലുണ്ടായ ഇടിമിന്നലിന്റെ ദൃശ്യങ്ങൾ ‘എന്ന വിവരണത്തോടെ ലോകം മുഴുവൻ പ്രചരിക്കുന്നുണ്ട് എന്നും മനസ്സിലാക്കാൻ പറ്റി.
ഇതേ വീഡിയോ 2012 ഡിസംബർ 20 ന് Rannikon Merityö എന്ന യൂട്യൂബ് ചാനലിൽ നിന്നും ഫിന്നിഷ് ഭാഷയിലെ വിവരണത്തോടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഞങ്ങൾ പരിഭാഷപ്പെടുത്തി നോക്കിയപ്പോൾ ഡ്രില്ലിംഗ് പൈലുകൾ, ഭാഗം 3: സ്ഫോടനം എന്നാണ് വിവരണം എന്നറിയാൻ സാധിച്ചു. വീഡിയോ താഴെ കാണാം .
archived link | youtube |
വീഡിയോയുടെ 46 സെക്കന്റ് മുതൽ ശ്രദ്ധിച്ചാൽ കരയിൽ നിന്നും കരയിൽ നിന്നും തീയുടെ രൂപത്തിൽ സ്ഫോടക വസ്തു നദിയിലേക്ക് അതിവേഗത്തിൽ നിക്ഷേപിക്കുന്നത് കാണാം. കൂടാതെ കരയിൽ നിൽക്കുന്ന സസ്യങ്ങൾ ശ്രദ്ധിക്കുക. വിദേശങ്ങളിൽ കാണപ്പെടുന്ന സസ്യമാണിത്
വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ വീഡിയോയുടെ പ്രസാധകർ കോപ്പിറൈറ്റിന് അപേക്ഷിക്കണമെന്നും ലോകം മുഴുവൻ ഈ വീഡിയോ നദിയിൽ മിന്നലേൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുകയാണെന്നും ചിലർ എഴുതിയിലുണ്ട്. നീർച്ചാലിന്റെ ആഴം കൂട്ടാനായി ഫിൻലന്റിലെ ഒരു നിർമ്മാണ കമ്പനി വൻതോതിൽ സ്ഫോടക വസ്തുക്കളുപയോഗിച്ച് ശ്രമം നടത്തുന്നതിന്റെ വീഡിയോ ആണ് യഥാർത്ഥത്തിൽ ഇത്. നിർമ്മാണ കമ്പനി തന്നെയാണ് യൂട്യൂബിൽ ഇത് അപ്ലോഡ് ചെയ്തിട്ടുള്ളത്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയുടെ വിവരണം തെറ്റാണ്. വീഡിയോ കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറൈ ഡാമിലെ കനാലിലെ വെള്ളത്തിൽ മിന്നലേൽക്കുന്നതിന്റെതല്ല. ഫിൻലാന്റിലെ ഒരു നിർമ്മാണ കമ്പനി നീർച്ചാലിന്റെ ആഴം കൂട്ടുന്നതിന്റെ ഭാഗമായി വെള്ളത്തിനടിയിൽ സ്ഫോടനം നടത്തുന്നതിന്റേതാണ്.
നിഗമനം
ഈ പോസ്റ്റിലെ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം തെറ്റാണ്. ഫിൻലാന്റിലെ ഒരു നിർമ്മാണ കമ്പനി നീർച്ചാലിന്റെ ആഴം വർദ്ധിപ്പിക്കാൻ ഉഗ്ര സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വെള്ളത്തിനടിയിൽ സ്ഫോടനം നടത്തുന്നതിന്റെ വീഡിയോ ആണിത്. അതിനാൽ വസ്തുത മനസ്സിലാക്കിമാത്രം പോസ്റ്റ് ഷെയർ ചെയ്യാൻ ശ്രമിക്കുക

Title:കന്യാകുമാരിയിലെ പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന ദൃശ്യങ്ങളാണോ ഇത്…?
Fact Check By: Vasuki SResult: False
