സോഷ്യല്‍ വെല്‍ഫെയര്‍ പാര്ട്ടി ഈയിടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനക്കാർ ഇറ്റലിയുടെ ദേശീയ പതാക ഉയര്‍ത്തിയാണ് പ്രകടനം നടത്തിയതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നുണ്ട്.

പ്രചരണം

പ്രചരിക്കുന്ന ചിത്രത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വലിയ ബാനര്‍ പിടിച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാം. ബാനറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നു എഴുതിയിരിക്കുന്നത് വ്യക്തമാണ്. പ്രകടനക്കാര്‍ പാര്‍ട്ടി പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയാണ് പിടിച്ചിരിക്കുന്നത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും പതാക ഇറ്റലിയുടേതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞു. കേരളത്തില്‍ പലയിടത്തും പാര്‍ട്ടി പാലസ്തീന് ഐക്യദാര്‍ദ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തിയതിന്‍റെ ചിത്രങ്ങളും വാര്‍ത്തകളും പങ്കുവച്ചിട്ടുണ്ട് എന്നു വ്യക്തമായി.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പതാക, ഇറ്റലിയുടെ ദേശീയ പതാകയോട് ഏതാണ്ട് സമാനമാണ്. രണ്ടിലും പച്ച, വെള്ള, ചുവപ്പ് നിറങ്ങള്‍ ലംബമായി നല്‍കിയിരിക്കുന്നു. എന്നാല്‍ രണ്ടും രണ്ടാണെന്ന് എളുപ്പം തിരിച്ചറിയാവുന്ന തരത്തില്‍ വ്യത്യാസങ്ങളുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി പതാകയുടെ വെളുത്ത നിറമുള്ള വശത്ത് രണ്ട് ഇലക്കതിര്‍ കുറുകെ വച്ചിരിക്കുന്ന ചിഹ്നം കാണാം. കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന എഴുത്തുമുണ്ട്. ഇറ്റലി പതാകയില്‍ ചിഹ്നങ്ങള്‍ ഒന്നുമില്ല.

തുടർന്ന് ഞങ്ങൾ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എസ് ഇര്‍ഷാദിനോട് സംസാരിച്ചു. ചിത്രത്തിൽ കാണുന്ന പതാക വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടേതാണ്. വെൽഫെയർ പാർട്ടി എന്ന് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. പതാകയുടെ നിറം ഇറ്റലിയുടേതിന് സമാനമാണ് എന്നുമാത്രം. ഞങ്ങളുടെ പതാക ഇറ്റലിയുടേതാണ് എന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ ഫേസ്ബുക്ക് പേജില്‍ ഒരു വിശദീകരണം നല്‍കിയിരുന്നു.

നിഗമനം

പോസ്റ്റിലെ വീഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇതിൽ ഇറ്റലിയുടെ പതാകയല്ല വെൽഫെയർ പാർട്ടിയുടെ പതാകയാണ് പ്രകടനക്കാർ പിടിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ കേരള ജനറൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വെല്‍ഫെയര്‍ പാര്‍ട്ടി പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ഇറ്റലി പതാക ഉപയോഗിച്ചുവെന്ന് തെറ്റായ പ്രചരണം... സത്യമിങ്ങനെ...

Written By: Vasuki S

Result: False