വിവരണം

അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം യശ:ശരീരനായിട്ട് കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇപ്പോഴും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആദരസൂചകമായി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. എസ് പി ബി പാടി അനശ്വരമാക്കിയ മലരേ.. മൌനമോ... എന്ന ഗാനം ഒരു ചെറിയ കുട്ടി അതി മനോഹരമായി ആലപിക്കുന്ന വീഡിയോയില്‍ grand son of SPB എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്. അതായത് ഈ കൊച്ചു ഗായകന്‍ എസ്പിബിയുടെ പേരക്കുട്ടിയാണ് എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം.

archived linkFB post

വാട്ട്സ് അപ്പില്‍ ഈ വീഡിയോ വൈറലായിട്ടുണ്ട്. തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ ഫെസ്ബുക്കിലും വീഡിയോയ്ക്ക് നല്ല പ്രചാരമുണ്ട്. ഈ വീഡിയോ വാട്ട്സ് അപ്പില്‍ പ്രചരിച്ചത് ലഭിച്ചതിനെ തുടര്‍ന്ന് ഒരു വായനക്കാരന്‍ സംശയ നിവാരണത്തിനായി ഞങ്ങള്‍ക്ക് അയച്ചു തന്നതാണ്.

എന്നാല്‍ ഈ കുട്ടി എസ്പിബിയുടെ പേരക്കുട്ടിയല്ല.

വസ്തുത ഇതാണ്

ഫാക്റ്റ് ക്രെസന്റോ ഈ കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരക്കുട്ടിയല്ലെന്നും കൊല്ലം നിവാസിയായ ആദിത്യ സുരേഷ് എന്ന അനുഗ്രഹീത കലാകാരനാനെന്നും വ്യക്തമായി. അച്ഛന്‍റെ പേര് സുരേഷ്, അമ്മ രഞ്ജിനി. ഞങ്ങളുടെ പ്രതിനിധി കുട്ടിയുടെ അമ്മയോട് സംസാരിച്ചു. “ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. മോന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ഒരു വിശദീകരണം നല്‍കാം എന്ന് ആലോചിക്കുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനം മോന്‍ ആലപിച്ചു എന്ന് മാത്രമേയുള്ളൂ. എസ് പി സാറുമായി ഞങ്ങള്‍ക്ക് കുടുംബ ബന്ധങ്ങള്‍ ഒന്നുമില്ല.”

ഈ കുട്ടി തീരെ ചെറുപ്രായം മുതല്‍ തന്നെ ചാനല്‍ റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമാണ്.

youtube | archived link

ചെറിയ പ്രായത്തില്‍ മുതല്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ഈണങ്ങള്‍ അവന്‍ പാടിതുടങ്ങിയത് ഓസ്റ്റിയോ ജെനിസിസ്‌ ഇംപെര്‍ഫെക്ട എന്ന ജനിതക രോഗം സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്നാണ്. അസ്ഥികള്‍ വേഗം ഒടിഞ്ഞു പോകുന്ന രോഗാവസ്ഥയാണിത്.

ആദിത്യയ്ക്ക് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ട്. അതില്‍ ഈ കുട്ടി ആലപിച്ച നിരവധി പാട്ടുകളുടെ വീഡിയോ നല്‍കിയിട്ടുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മക്കളുടെ വിവരങ്ങള്‍ ഒന്ലൈനില്‍ ലഭ്യമാണ്. എന്നാല്‍ പേരക്കുട്ടികളുടെ വിവരങ്ങള്‍ ഒന്നും കാര്യമായി ലഭ്യമല്ല, അതായത് ഇവര്‍ ഗാനരംഗത്തുണ്ടോ, പാട്ടിനോട് അഭിരുചി ഉള്ളവരാണോ എന്നൊക്കെ.

എസ് പി ബിയുടെ കുടുംബ ചിത്രം നിരവധി വെബ്സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്.

അതില്‍ പേരക്കുട്ടികളുടെ ചിത്രവുമുണ്ട്.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. വീഡിയോയില്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഗാനം ആലപിക്കുന്നത് അദ്ദേഹത്തിന്‍റെ പേരക്കുട്ടിയല്ല, കൊല്ലം സ്വദേശിയായ ആദിത്യ സുരേഷ് എന്ന കുട്ടിയാണ്. ചെറിയ പ്രായം മുതല്‍ ആദിത്യ ഗാന രംഗത്തുണ്ട്.

Avatar

Title:വീഡിയോയിലെ കുഞ്ഞു ഗായകന്‍ എസ് പി ബാല സുബ്രഹ്മണ്യത്തിന്‍റെ പേരക്കുട്ടിയല്ല...

Fact Check By: Vasuki S

Result: False