FACT CHECK: അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…

ദേശീയം | National രാഷ്ട്രീയം | Politics

വിവരണം 

റിപ്പബ്ലിക് ദിനമായ ഇന്നലെ ഡല്‍ഹിയിലെ പരേഡിന് സമാന്തരമായി പല സംസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടക്കുകയും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ റാലികള്‍ക്കിടയിലുണ്ടായ  സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നമുക്ക് പരിശോധിക്കാം. 

archived linkFB post

സുപ്രീംകോടതി തന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തു ചെങ്കോട്ടയില്‍ കൊടി നാട്ടിയിട്ട് ഉണ്ടെങ്കില്‍…. നിങ്ങളെ വേരോടെ പിഴുതെറിയാനും അതേ നിയമത്തില്‍ വ്യവസ്ഥയുണ്ട്…. ✊✊💪💪 എന്ന അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: പണി വരുന്നുണ്ട് ഖാലിസ്ഥാനികളെ അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം”

ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. 

വസ്തുതാ വിശകലനം 

ഫേസ്ബുക്ക് പേജുകളില്‍ പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്.

ഞങ്ങള്‍ പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്നൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിന് സമീപം തള്ളിക്കയറാനെത്തിയ സമരക്കാരെ പോലീസ് തടയുകയും സംഘര്‍ഷത്തിലെത്തുകയും ചെയ്തതായി വാര്‍ത്തകളുണ്ട്. എ എന്‍ ഐ ന്യൂസ്‌ പ്രസിദ്ധീകരിച്ച ട്വീറ്റ് പ്രകാരം തലസ്ഥാനത്ത് റെഡ് ഫോര്‍ട്ടിന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയുന്നു.

ANI

കൂടാതെ ഇന്ത്യടിവി ന്യൂസ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇങ്ങനെ: “അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി വസതിയിൽ അടിയന്തര യോഗം ചേർന്നു. യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ദില്ലി പോലീസിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എന്തെങ്കിലും ആവശ്യങ്ങൾ നേരിടാൻ കൂടുതൽ കേന്ദ്ര സൈനികരെ ദില്ലിയിൽ വിന്യസിച്ചിട്ടുണ്ട്. അധിക സേനയെ കൂടാതെ, ഏതെങ്കിലും അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലപാട് ഒരുക്കിയിട്ടുണ്ട്.

അനുബന്ധമായ മറ്റൊരു സംഭവത്തിൽ, ദില്ലി-എൻ‌സി‌ആറിന്റെ പല ഭാഗങ്ങളിലും മൊബൈൽ‌ ഇൻറർ‌നെറ്റ് ബന്ധം ഇപ്പോഴും വിച്ഛേദിച്ചിരിക്കുന്നു. പൊതു സുരക്ഷ നിലനിർത്തുന്നതിനും പൊതു അടിയന്തരാവസ്ഥ ഒഴിവാക്കുന്നതിനുമായി സിംഘു, തിക്രി, ഗാസിപൂർ, മുഖർബ ചൌക്ക്, നംഗ്ലോയി എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും സമരയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ ചൊവ്വാഴ്ച എംഎച്ച്എ ഉത്തരവിട്ടിരുന്നു.”

കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലുകളിലോ വെബ്സൈറ്റിലോ പോസ്റ്റിലെ പ്രചാരണത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഒന്നുംതന്നെയില്ല.  

ഇന്നലത്തെ സംഘര്‍ഷത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ ഒന്നിലും കര്‍ഷകര്‍ അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്ന് കേന്ദ്ര സര്‍ക്കാരോ കേന്ദ്ര സേനയോ നിര്‍ദ്ദേശിച്ചതായി യാതൊരു വാര്‍ത്തയും നല്‍കിയിട്ടില്ല. പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണ്. കര്‍ഷകര്‍ അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്ന് കേന്ദ്ര സര്‍ക്കാരോ കേന്ദ്ര സേനയോ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങളെല്ലാം തെറ്റാണ്.

Avatar

Title:അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False