നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

പ്രധാനമന്ത്രിയുടെ ചിത്രവുമായി ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “നാവികസേനയുടെ 45000 കോടിയുടെ അന്തർവാഹിനി കരാര്‍ ഗ്രൂപ്പിന് നീക്കം നാവികസേനയുടെ എതിർപ്പിനെ മറികടന്ന്...

അദാനി ഒരു കപ്പലുണ്ടാക്കി വെള്ളത്തിലിടും... പൊങ്ങിക്കിടന്നാല്‍ യുദ്ധക്കപ്പൽ മുങ്ങിപോയാൽ മുങ്ങിക്കപ്പൽ... സിമ്പിൾ...

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് 2020 മുതൽ പ്രചരിക്കുന്നതാണെന്നും വാർത്ത സത്യമല്ലെന്നും കണ്ടെത്തി

വസ്തുത ഇതാണ്

ഫേസ്ബുക്കില്‍ ഈ വാര്‍ത്തയ്ക്ക് നല്ല പ്രചാരം ലഭിക്കുന്നുണ്ട്.

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു.

ദി ഹിന്ദു 2020 ജനുവരി 15 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം 2020 “നാവികസേനയ്ക്ക് അന്തർവാഹിനി കപ്പൽ വാങ്ങാനുള്ള ടെണ്ടര്‍ അദാനി ഗ്രൂപ്പ് നല്‍കി. അദാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് മോദി സർക്കാർ എടുക്കുന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തങ്ങളുടെ ചങ്ങാത്ത മുതലാളിമാരെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കോൺഗ്രസ് പാർട്ടി ആരോപിച്ചു.”

എന്നാൽ 2020 ജനുവരി 22ന് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം “ഇന്ത്യന്‍ നേവിക്ക് ആറ് കണ്‍വെന്‍ഷണല്‍ ഡീസല്‍ അന്തര്‍വാഹിനികള്‍ (P 75 I Submarines) നിര്‍മിക്കാനുള്ള 45,000 കോടി രൂപയുടെ കരാറിന്‍റെ കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) അന്തിമ തീരുമാനമെടുത്തു. പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡും സ്വകാര്യ മേഖലയിലെ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ (L&T)യുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എച്ച്എസ്എൽ-അദാനി ടെണ്ടറുകള്‍ നാവിക സേനയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. ഇവരുടെ ടെണ്ടറുമായി മുന്നോട്ട് പോകാന്‍ നാവികസേനയുടെ ശാക്തീകരണ സമിതി വിസമ്മതിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിലുള്ള DAC അഞ്ച് വിദേശ കമ്പനികളേയും ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിദേശ കമ്പനിയായിരിക്കും പദ്ധതിക്കുള്ള സാങ്കേതിക വിദ്യ നല്‍കുക. ആഴ്ചകളോളം വെള്ളത്തിനടയില്‍ തന്നെ കഴിയാന്‍ അന്തര്‍വാഹിനികളെ പ്രാപ്തമാക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (AIP) സാങ്കേതിക വിദ്യയോട് കൂടിയതായിരിക്കും ഈ പുതിയ അന്തര്‍വാഹിനികള്‍.” ഇക്കാര്യം നിരവധി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിന് മുങ്ങിക്കപ്പൽ നിർമാണത്തിന് ടെൻഡർ കൊടുത്തതായി ഒരിടത്തും വാർത്തകൾ ഇല്ല. 2020 മുതൽ പ്രചരിച്ചു തുടങ്ങിയ അതേ പോസ്റ്റർ തന്നെയാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്ററിൽ നൽകിയിരിക്കുന്ന വാർത്തയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. 2020 ല്‍ നാവികസേന മുങ്ങിക്കപ്പൽ നിർമാണത്തിനുള്ള ടെൻഡർ വിളിച്ചപ്പോൾ അദാനി ഗ്രൂപ്പ് ടെൻഡർ നൽകിയിരുന്നു. എന്നാൽ നാവികസേന സേനയും കേന്ദ്രമന്ത്രാലയവും ടെണ്ടര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. പോസ്റ്റില്‍ നല്കിയിരിക്കുന്ന പോസ്റ്റര്‍ 2020 മുതൽ പ്രചരിപ്പിക്കുകയാണ്.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന് വ്യാജ പ്രചരണം.... സത്യമിതാണ്...

Fact Check By: Vasuki S

Result: False