
വിവരണം
ലോകത്ത് എവിടെയുമുള്ള ആരോഗ്യ മേഖല എക്കാലവും നേരിടുന്ന ഒരു വെല്ലുവിളിയാണ് രോഗിക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നുള്ളത്. അടിയന്തിര ശസ്ത്രക്രീയ ആവശ്യമായവർ, അവയവം മാറ്റി വയ്‌ക്കേണ്ടി വരുന്നവർ ഇവരുടെയൊക്കെ ചികിത്സയ്ക്ക് പലപ്പോഴും ദൂരം ഒരു വലിയ തടസ്സമാകാറുണ്ട്. ഇത്തരം കേസുകളുമായി റോഡുമാർഗം സഞ്ചരിക്കേണ്ടി വരുമ്പോൾ മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയശേഷം പോലീസ് സഹായത്തോടെ ഗതാഗത തടസ്സങ്ങൾ നീക്കുകയാണ് പതിവ്. കേരളത്തിൽ ഇത് വിജയകരമായി ചെയ്യുന്നുണ്ടെങ്കിലും ഏറെ ശ്രമകരമായതും സമ്മർദ്ധമേറിയതുമായ പരിശ്രമമാണിത്.
ഇതിനു പരിഹാരമായി എയര്‍ ആംബുലന്‍സ് എന്ന ആശയം മുൻ സർക്കാർ മുന്നോട്ടു കൊണ്ടുവന്നിരുന്നു.
എന്നാൽ ചില തടസ്സങ്ങൾ മൂലം പദ്ധതി നടപ്പായില്ല. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു പോരുന്ന ഒരു വാർത്തയാണ് ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്നത്. ഇങ്ങനെയൊരു പദ്ധതിയെ പറ്റി മഠത്തിന്‍റെ വെബ്സൈറ്റിലും പരാമര്‍ശമുണ്ട്. പക്ഷേ പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല.

ഈ വാർത്തയുടെ വിശദാംശങ്ങൾ നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ വിശദാംശങ്ങൾക്കായി ഓൺലൈനിൽ തിരഞ്ഞപ്പോൾ 2015 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സര്‍ക്കാരും ഒപ്പം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ടു വച്ചതായി വാർത്തകൾ ലഭിച്ചു. എന്നാൽ പദ്ധതി ദൗർഭാഗ്യ വശാൽ നടപ്പായില്ല. അന്നത്തെ ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ എയർ ആംബുലൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതും നടപ്പായില്ല.
ഇന്ത്യയിൽ പല പ്രമുഖ ആശുപത്രികളും എയർ ആംബുലൻസ് സേവനം നാളുകളായി ഉപയോഗപ്പെടുത്തുന്നതായി വാർത്തകളുണ്ട്. ഇപ്പോൾ കേരളത്തിൽ ചില സ്വകാര്യ കമ്പനികൾ എയർ ആംബുലൻസ് സൗകര്യം നൽകുന്നുണ്ട്. അവരുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.
ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ എയര്‍ ആംബുലന്‍സ് സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇന്‍ഡ്യ ശ്രമിച്ചിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു.
അമൃതാനന്ദ മയി മഠത്തിൽ നിന്നും ഇന്ത്യയിലെ ആദ്യത്തെ എയര്‍ ആംബുലൻസ് സേവനം രാഷ്ട്രത്തിന് സമർപ്പിച്ചോ എന്നറിയാനായി ഞങ്ങൾ മഠവുമായി ബന്ധപ്പെട്ടു. ഈ വാർത്ത തെറ്റാണെന്നാണ് അവിടെ നിന്നും അറിയാൻ കഴിഞ്ഞത്. അമൃതാനന്ദമയി മഠം ഇതുവരെ എയർ ആംബുലൻസ് സേവനം ആരംഭിച്ചിട്ടില്ല. ഇതിനായി പദ്ധതികൾ ആശുപതിയുടെ നേതൃത്വത്തിൽ തുടങ്ങി വച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം പൂർത്തീകരിക്കാനായില്ല. കൂടാതെ ഞങ്ങളുടെ പ്രതിനിധി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ബന്ധപ്പെട്ടപ്പോൾ ആശുപതിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ വാർത്ത തെറ്റാണെന്ന് ഞങ്ങളോട് വിശദമാക്കി.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണ്. ഇന്ത്യയിൽ 2010 മുതൽ എയർ ആംബുലൻസ് സേവനം നടത്തുന്നതായി വാർത്തകളുണ്ട്.

Title:ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്ന് തെറ്റായ പ്രചരണം….
Fact Check By: Vasuki SResult: False
